Feb 28, 2010

തകർക്കാൻ പറ്റാത്ത വിശ്വാസം

തലക്കെട്ട്‌ കണ്ട്‌ വല്ല സിമന്റിന്റേയോ പരസ്യമാണെന്ന് കരുതിയെങ്കിൽ,തെറ്റി, നിങ്ങൾക്കു പാടെ തെറ്റി..വലയ സൂര്യഗ്രഹണ ദിവസത്തിൽ കണ്ടതും കേട്ടതുമായ, അതും ഒരു സയൻസ്‌ ഇൻസ്റ്റിട്യൂട്ടിലിരുന്ന് കൊണ്ട്‌, ചില കാര്യങ്ങൾ ഓർത്തപ്പോൾ അറിയാതെയിങ്ങനെയൊന്നു തലയിൽ കെട്ടിപ്പോയി..

കഴിഞ്ഞ മാസം (ജനുവരി 15) ഒരു വെള്ളിയാഴ്ച പുലർച്ചയ്ക്ക്‌ മൂന്ന് മണിയോടടുപ്പിച്ച്‌ കുറേ ജേർണ്ണൽ പേപ്പറുകളും വായിച്ച്‌ തീർത്ത്‌ റൂമിലേക്ക്‌ നടക്കുമ്പോൾ അന്നുച്ച സമയത്തുള്ള ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ വലയ സൂര്യഗ്രഹണമൊന്നുമായിരുന്നില്ല മനസ്സിൽ; മറിച്ച്‌ ആസ്ട്രിയായിൽ നിന്നും കൊളാബറേറ്റർ അയച്ച സാമ്പിളുകളിൽ ചെയ്യേണ്ടിയിരിക്കുന്ന എക്സിപിരിമന്റ്സിനെപ്പറ്റിയായിരുന്നു ചിന്ത.. സാമ്പിൾസ്‌ എത്തുന്നതിനു മുന്നേ, സാറ്‌, എക്സിപിരിമന്റ്സിനു ഡെഡ്‌ ലൈൻസും കൽപ്പിച്ചിരുന്നതിനാൽ, മറ്റു ചിന്തകൾക്ക്‌ മനസിൽ പോയിട്ട്‌ മാനത്ത്‌ പോലും നോ സ്ഥാനം..

ഒരു മണിക്കൂറോളം നീണ്ടുനിന്ന ജെനറൽ റീഡിങ്ങിനു ശേഷം ബെഡിലേക്ക്‌ ചരിഞ്ഞു.. കിടന്ന പാടെ ഉറങ്ങി.. എഴുന്നേൽക്കുമ്പോൾ സമയം 11.30.. പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ്‌ ലഞ്ചിനായി പതിയെ മെസ്സിലേക്ക്‌ നടക്കുമ്പോഴാണ്‌ ഉച്ചനേരത്തെ വെളിച്ചമില്ലായ്മ ശ്രദ്ധിക്കുന്നത്‌ തന്നെ.. ബാംഗ്ലൂരിൽ ഇത്തരം മൂടിക്കെട്ടിയ കാലാവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും സ്കൈ മിസ്റ്റർ ക്ലീനാണ്‌.. ഓ ഇന്നാണല്ലോ സൂര്യഗ്രഹണം, തലച്ചോറിലൊരു കൊള്ളിയാൻ മിന്നി.. ഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല അറേഞ്ച്‌മന്റും കാണും.. ഊണ്‌ കഴിച്ചിട്ട്‌ വേഗം പോകാം.. ഞാൻ നടത്തത്തിന്റെ സ്പീഡ്‌ കൂട്ടി..


"ഇപ്പോഴാണോ എണീച്ച്‌ വരുന്നേ?" സുഹൃത്ത്‌ ഉമേഷാണ്‌.. കക്ഷി ക്യാമറ എടുക്കാനായി ഹോസ്റ്റലിലേക്ക്‌ അക്ഷരാർത്ഥത്തിൽ ഓടുകയാണ്‌..


"ഗ്രഹണത്തിലൊന്നും താൽപ്പര്യമില്ലേ!! ഇഞ്ഞിയെന്ത്‌ ഫിസിക്സുകാരനാടാ.. ദേ തുടങ്ങിക്കഴിഞ്ഞു.. ഞാൻ കുറച്ച്‌ ഫോട്ടോസ്‌ എടുക്കാൻ പറ്റുമോന്ന് നോക്കട്ടെ."ഇലകൾക്കിടയിലൂടെ നിഴൽക്കൂത്ത്‌ നടത്തുന്ന ഗ്രഹണ സൂര്യനെ ചൂണ്ടിക്കാണിച്ച്‌ ഉമേഷ്‌ പറഞ്ഞു..

"ഉം..സൂര്യഗ്രഹണം കാണാൻ ഡിപ്പാർട്‌മന്റിൽ വല്ല സൗകര്യവും ഒരുക്കിയിട്ടുണ്ടാവും.. ആദ്യം വല്ലോം കഴിക്കട്ടെ.."
ഉമേഷിനോട്‌ ബൈ പറഞ്ഞ്‌ ഞാൻ മെസ്സിലേക്ക്‌ വലിച്ച്‌ നടന്നു, അവൻ ഹോസ്റ്റലിലേക്കും..

അലൂമിനിയം കോട്ടഡ്‌ കണ്ണടകളിലൂടെ സൂര്യഗ്രഹണം ആസ്വദിക്കുന്ന ഒരു വലിയ ആൾക്കൂട്ടം തന്നെയുണ്ട്‌ മെസ്സിനു മുന്നിൽ.. അവർക്കിടയിലൂടെ നൂണുകടന്ന് ഞാൻ അകത്തേക്ക്‌ കയറി, ചോറും ദാലും രസവുമൊക്കെയെടുത്ത്‌, ഒരു മയവുമില്ലാതെ വെട്ടി വിഴുങ്ങുന്ന അനിലിനരികിൽ, സ്ഥാനം പിടിച്ച് പതുക്കെ കഴിക്കാനാരംഭിച്ചു..

ഗ്രഹണം കാണാനായി ഡിപ്പാർട്‌മന്റിൽ വല്ല ഏർപ്പാടുമുണ്ടോയെന്ന് വിനീതിനോട്‌ (എന്റെ തന്നെ ഡിപ്പാർട്‌മന്റിലെ int PhD ക്കാരൻ)ആരായുന്നതിനിടയിലാണ്‌ ഗ്രഹണസമയത്ത്‌ പുറത്തിറങ്ങരുതെന്ന ലാബിലെ സീനിയറിന്റെ ഉപദേശത്തെപ്പറ്റി അനിൽ വാചാലനായത്‌.. ഒരുരള ചോറെന്റെ തൊണ്ടയിൽ തടഞ്ഞു.. 'ആഹാ അപ്പടിയാ.. നല്ലത്‌, ഇറങ്ങരുത്‌ കേട്ടോ'.. മെസ്സ്‌ ഫുഡിന്റെ ദുസ്സാദുകളെ കൂട്ടിക്കുഴച്ച്‌ ഒരു വിധേന വയറിനെ ശാന്തമാക്കി ഞാൻ എഴുന്നേറ്റു; കൈ കഴുകി ഡിപ്പാർട്ട്‌മെന്റിലേക്കു നടന്നു..ഡിപ്പാർട്‌മന്റിന്റെ മുന്നിൽ, ഗ്രഹണത്തിന്റെ ഓരോ നിമിഷവും ക്യാമറയിലൊപ്പിയെടുക്കാൻ പരിശ്രമിക്കുന്ന ആർണബിനെ, ദൂരെ നിന്നേ കണ്ടു.. ചിലരൊക്കെ അലുമിനിയം കണ്ണടകൾ വച്ച്‌ ഗ്രഹണം നിരീക്ഷിക്കുന്നതൊഴിച്ചാൽ, വിചാരിച്ച പോലൊരു ഗ്രഹണ-ഉത്സവമൊന്നും ഡിപ്പാർട്‌മന്റിൽ കാണാനില്ല..


ആർണബിനോട്‌ ഹായ്‌ പറഞ്ഞ്‌ ഞാൻ ലാബിലേക്ക്‌ കയറി.. മെയിലൊക്കെ ചെക്ക്‌ ചെയ്ത്‌ എക്സ്പിരിമന്റ്സ്‌ തുടങ്ങുന്നതിനു മുന്നോടിയായി ഇൻസ്ട്രുമന്റ്സ്‌ ഓൺ ചെയ്തു.. എവിടുന്നോ സങ്കടിപ്പിച്ച ഒരു അലൂമിനിയം ഗോഗിളുമായി ജൂനിയേഴ്സായ അക്ഷയും ആഞ്ജനേയുലുവും ലാബിലെത്തിയത്‌ ആ സമയത്താണ്‌.. 'എന്നാൽ പിന്നെ ഒന്നു കണ്ടേച്ചും ആവാം എക്സ്പിരിമന്റ്സ്‌'.. ഞങ്ങൾ ടെറസിലേക്ക്‌ കയറി സൂര്യഗ്രഹണ നിരീക്ഷണം ആരംഭിച്ചു..


ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണ സൂര്യനെ ഇത്തിരി നേരമെടുത്ത്‌ തന്നെ ആസ്വദിക്കുന്നതിനിടയിലാണ്‌ അക്ഷയിന്റെ പ്രാകൽ കാതുകളിൽ വന്നലച്ചത്‌.. ഇതു കഴിഞ്ഞിട്ടു വേണമത്രേ കക്ഷിക്ക്‌ വല്ലതും കഴിക്കാൻ..
 ബെസ്റ്റ്‌ കണാരാ ബെസ്റ്റ്‌.. കുറുന്തോട്ടിക്കും വാതമോ? ഗ്രഹണത്തിന്റെ ശാസ്ത്രമറിയുന്നവരെപ്പോലും സൂര്യനെ ഡ്രാഗൺ വിഴുങ്ങുന്നതായ വിശ്വാസം പിന്നോട്ട്‌ വലിക്കുകയാണോ?? അതോ ഗ്രഹണ സമയത്ത്‌ ഇത്തരം ഞാഞ്ഞൂൽ ചിന്താഗതികൾ തല പൊക്കുന്നതാണോ? അതുമല്ലയിനി യഥാർത്ഥത്തിൽ ഗ്രഹണം ഒക്കെ നമ്മുടെ മനസിലാണോ നടക്കുന്നത്‌?? വിശ്വാസങ്ങളും വിഗ്രഹങ്ങളും ഉയിർത്തപ്പെടുന്നത്‌ നമ്മുടെ മനസിലാണ്‌; അതിനാൽ തന്നെ ഉടയ്ക്കപെടേണ്ടതും അവിടെ തന്നെ, അല്ലെങ്കിലത്‌ പല്ലു വേദനയ്ക്ക്‌ കാലിൽ പിണ്ണതൈലം പുരട്ടുന്നതു പോലെയായിരിക്കും..

അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സുനാമിത്തിര മനസിൽ കലിതുള്ളി വന്നുവെങ്കിലും "വയറ്‌ കായാതെ പോയി വല്ലതും കഴിക്ക്‌ കൊച്ചനെ" എന്നു മാത്രം പറഞ്ഞ്‌ ഞാൻ ഗോഗിൾ കൈമാറി, ലാബിലേക്ക്‌ തിരിച്ച്‌ നടക്കാനൊരുങ്ങി..

ദാ വരുന്നു അടുത്ത കണ്ട്‌ പിടുത്തം ആഞ്ജനേയുലുവിന്റെ വക, തലേ ദിവസം ഹെയ്തിലുണ്ടായ ഭൂകമ്പവും സൂര്യഗ്രഹണവും തമ്മിൽ റിലേഷൻസ്‌ ഉണ്ടത്രേ (അവിഹിതമാകും).. അവനെ ടെറസീന്നു താഴെ തള്ളിയിട്ടാലോ എന്നൊരു നിമിഷം ആലോചിച്ചെങ്കിലും അതിന്റേം പഴി ഗ്രഹണതിനു വരുമെന്നും അതുവഴി അന്ധവിശ്വാസങ്ങളെ ഒന്നു കൂടി ഉറപ്പിക്കുകയാവും ചെയ്യുകയെന്ന്‌ വെളിപാട്‌ ഉണ്ടായ ഞാൻ, ആ രോഷക്കെട്ട്‌ തൊണ്ടയിൽ തന്നെ തടഞ്ഞു നിർത്തി 'വെളിച്ചം ദുഃഖമാണുണ്ണീസ്‌ തമസ്സല്ലോ സുഖപ്രദം' മനസിൽ ഉരുവിട്ട്‌ ഗ്രഹണം ബാധിച്ച ഒരു ചിരി സമ്മാനിച്ച്‌ കൊണ്ട്‌ നടന്നകന്നു..
--------------------------------------------------------------


ഇതോടൊപ്പം കൂട്ടിവായിക്കേണ്ടുന്ന മറ്റൊരു സംഭവം, കഴിഞ്ഞയാഴ്ച ഐ ഐ ടി ബോംബേയിലേക്ക്‌ ഒരു കോൺഫറൻസിനു പോകവേ ട്രെയിനിൽ വച്ച്‌ കൊളീഗായ അമൽ പറയുകയുണ്ടായി.. ഗ്രഹണത്തിന്റെ തലേ ദിവസം പുള്ളിക്കൊരു ഇ-മെയിൽ കിട്ടി.. ആട്ട വിറ്റ്‌ ജീവിക്കുന്നവരുടെ വക, സോറി, ആർട്ട്‌ ഓഫ്‌ ലിവിംഗ്സ്‌ വക.. സുദർശന ക്രിയ പഠിക്കാൻ മുൻപവരുടെ കോഴ്സ്‌ അറ്റെൻന്റ്‌ ചെയ്തൂന്നൊരു കുറ്റം മാത്രേ അമൽ ചെയ്തുള്ളൂ.. ലതിന്റെ ആഫ്റ്റർ ഇഫക്റ്റുകൾ ലതാകുമെന്ന് സ്വപ്നേപി നിരീച്ച്‌ കാണില്ല..


'നാളെ ഗ്രഹണ സമയത്ത്‌ ഒന്നും കഴിച്ചേക്കല്ലേ, ശ്രി ശ്രി ശ്രി ശ്രി ശ്രി ശ്രി (അറിയാതൊന്നു വിക്കി വിക്കി വിക്കീപ്പിഡിയയായിപ്പോയി) ഗുരുജി അരുളിച്ചെയ്തതാണ്‌.. അതിനാൽ തന്നെ എന്തെങ്കിലും കാര്യം കാണും'....

ഉണ്ട..  "അല്ലാ നീയെന്നിട്ടെന്ത്‌ ചെയ്തു?"
"തേങ്ങ..പിന്നേ, ഭക്ഷണ കാര്യത്തിൽ നോ കൊമ്പ്രമൈസ്‌..സൊ ആ മെയിലു ട്രാഷീത്തള്ളി"

"ഇതാവണമെടാ ഫിസിക്സിസ്റ്റ്‌"..വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത സന്തോഷത്തെ ഒതുക്കാനായി ഞാൻ രണ്ട്‌ ചായ ഓർഡർ ചെയ്തു..എനിക്ക്‌ മസാല ടീ, ആൾക്ക്‌ സാദാ..
------------------------------------------------------------------------


വാൽക്കഷ്ണംസ്‌ (ഒന്നിലധികം ഉണ്ടേ):


വളരെ മുൻപേ എഴുതിത്തുടങ്ങിയെങ്കിലും ചില തിരക്കുൾ കാരണം പൂർത്തിയാക്കനായില്ല.. ഗ്രഹണത്തെപ്പറ്റിയായത്‌ കൊണ്ട്‌ എഴുത്തിനേം ഗ്രഹണം ബാധിച്ചതാണെന്ന് തോന്നുന്നു.. ഫോട്ടോസിന്റെ റൈറ്റ്സ്‌ കിട്ടിയിട്ട്‌ കുറേ ദിവസമായി.. ഒടുക്കം അതൊന്നും അപ്ലോഡ്‌ ചെയ്യാത്തത്‌ കൊണ്ട്‌ ഉമേഷെന്റെ കഴുത്തിനു പിടിക്കുമെന്ന നിലയിലുമായി..അതൊഴിവാക്കാൻ കൂടിയാണീ പോസ്റ്റ്‌..സൊ വായിച്ചിട്ട്‌ തല്ലുന്നവർ ഒരു പങ്ക്‌ അദ്ദേഹത്തിനും നൽകാൻ കനിവുണ്ടാകണം..

ഫോട്ടോസിന്‌ ഉമേഷിനും ആർണബിനും കാക്കത്തൊള്ളായിരം നന്ദ്രി..തുല്യമായി വീതിച്ചെടുത്തേക്കണം, അടിയിടരുത്‌....

ഗ്രഹണസമയത്ത്‌ ചെയ്തത്‌ കൊണ്ടാവും എക്സ്പിരിമന്റ്സ്‌ ഒന്നുമങ്ങട്‌ ക്ലച്ച്‌ പിടിച്ചില്ല  :-)


==========================================

Feb 10, 2010

ജെ സി ബി


നിങ്ങൾ, അകറ്റി നട്ടു;
വെട്ടി മാറ്റി, തൊട്ടുപോയ ചില്ലകൾ.
എന്നാൽ ആഴങ്ങളിൽ പുണർന്നു പോയ ഞങ്ങൾ തൻ വേരുകളേയോ ???
??
?
അതിനല്ലേ മക്കളേ ജെ സി ബി

നിരീക്ഷിച്ചവര്‍