Dec 23, 2011

മൗനം സംസാരിക്കുന്നു


വാക്കുകളേക്കാള്‍ സുഖകരമായ മൗനങ്ങളുണ്ട്.

ഓര്‍മ്മകളേക്കാള്‍ സൗന്ദര്യമുള്ള മറവികളെപ്പോലെ,
കവിതയേക്കാള്‍ ഇമ്പമാര്‍ന്ന സംഗീതം പോലെ,

അവ ചിലപ്പോ ഹൃദയത്തില്‍ വന്ന് മുട്ടും;
വാതില്‍ തുറക്കാതെ തന്നെ അകത്ത് കയറും.
പിന്നെ ഇറങ്ങിപ്പോവുകയേ ഇല്ല!

Dec 16, 2011

നിനക്ക്

നിനക്കാണെഴുതുന്നതെന്ന്
മനസിലാവുമ്പോള്‍,
പേനയില്‍ അക്ഷരങ്ങള്‍
സ്വയം വന്നു നിറയുന്നു!

കടല്‍ തേടിയൊഴുകുന്ന
അക്ഷരങ്ങളുടെ പുഴയായ്
ഓര്‍മ്മകള്‍, സ്വപ്നങ്ങളും!
നിനക്കെന്ന്, നിന്നിലേക്കെന്ന്..


Nov 27, 2011

പുതപ്പ്


കുളിരുന്നെന്ന് കരഞ്ഞ വേദനകളെ
ഒരു കരിമ്പടം കൊണ്ട് മൂടുക

കാലു പോലും പുറത്ത് കാണിക്കരുത്

തല, പിന്നെ പറയുകയേ വേണ്ടല്ലോ..

വേദനകളെ പുതച്ച് മൂടാൻ കഴിയാതെ പോയ
എന്റെ കുട്ടിത്തത്തിനു ഞാനെന്ത് പിഴച്ചു??

ഒരു പുതപ്പിന്റെ സ്വാന്തനം അമ്മയെന്തെ പറഞ്ഞു വച്ചില്ല??

ഇരുട്ടിന്റെ, നിറമില്ലായ്മയുടെ ലോകത്തിലേക്കെനിക്കെന്തെ
ആരുമൊരു കമ്പിളി വച്ച് നീട്ടിയില്ല??

Nov 8, 2011

തിരയടങ്ങാതെ


മനസിലൊരൊറ്റത്തിര

താഴ്ന്നും ഉയർന്നും
നിന്നെലേക്കെന്ന്,
വീണ്ടും നിന്നിലേക്കെന്ന്.

യാത്ര പറയാനൊരുങ്ങവെ
കാലിൽ കുരുങ്ങി
സ്നേഹത്തോടെ പടിയിറങ്ങി
വീണ്ടും പഴയ തിരയായ് തിരിച്ചെത്തുന്നു

ഒരിക്കലും യാത്ര പറയാനാവില്ലല്ലോ
എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു

മനസൊരു കടൽ,
നീയെന്ന എന്നിൽ നിന്ന് മടങ്ങാനാവാതെ തിരകൾ..

അതിരുകളും അരുതുകളും ഇല്ലാതെ
നിന്നിലേക്കെന്ന് വീണ്ടും നിന്നിലേക്കെന്ന്..

Nov 4, 2011

മഴവില്ല്‌

പുറത്ത്‌, വെയിലിൻ കുട ചൂടി
ആകാശം മുത്തുകൾ പൊഴിക്കുന്നു.

പല ഭാവങ്ങളിൽ
മൃദുവായി,
ഇടയ്ക്കൊന്ന്‌ നിർത്തി,
ആർത്തലച്ചെത്തുന്നു വീണ്ടും..

ഇടവേളകളിലെപ്പൊഴോ വെയിൽ നാളങ്ങൾ
വർണ്ണക്കുട നിവർത്തുന്നു..

അകത്ത്‌ പെയ്യുന്ന മഴയ്ക്കൊറ്റ ഭാവം,
ഇരുളിന്റെ ഒറ്റ-നിറമില്ലായ്മ..

അകക്കാഴ്ചകളിൽ ഉടക്കിപ്പോയ
നിന്നെ, വലിച്ച്‌ പുറത്തിടാൻ,
ഈ വർണ്ണകാഴ്ചയൊന്ന് കാണിക്കാൻ
ഞാനെന്ത്‌ ചെയ്യേണ്ടൂ!!

Oct 31, 2011

മകൾ

സ്വപ്നത്തിന്റെ കുന്നിറങ്ങുമ്പോള്‍ മകള്‍ ചിരിക്കുന്നുണ്ടായിരുന്നു.. കാതിലെ വെള്ളിക്കമ്മലുകള്‍ ചിരിക്കൊപ്പം താളാദ്മകമായി കിലുങ്ങി.. സായാഹ്നസന്ധ്യ ഒളിമിന്നിയ മണലില്‍ കുഞ്ഞിക്കാലുകളൂന്നി എന്നേയും വലിച്ചു കൊണ്ടവള്‍ കടല്‍ത്തീരത്തേക്ക് നടന്നു.. അവളുടെ സ്നേഹത്തിന്റെ കൈപ്പിടിയില്‍ ഞാനവളേക്കാള്‍ കുട്ടിയായി മാറി..

തിരകള്‍ ഞങ്ങളെ കൈ തട്ടി വിളിച്ചു, കാലുകളില്‍ സ്നേഹത്തിന്റെ ചാലുകളായെത്തി, ഒന്ന്‌ തൊട്ട്,‌ ഊര്‍ന്നിറങ്ങി വീണ്ടും നനച്ചു.. അമ്മയെക്കണ്ടത്‌ പോലെ മകളാര്‍ത്ത്‌ ചിരിച്ചു..


‘ഞാനിത്തിരി പൂഴിയില്‍ കളിച്ചോട്ടെയച്ഛാ!’ അവള്‍ പതിവില്ലാത്തവിധം കൊഞ്ചി.. തിരകെളത്താത്ത ഒരിടത്തേക്ക്‌ മകളെന്നെ തള്ളിയിരുത്തി, തിരകളുടെ അടുത്തേക്ക്‌ ഓടിയടുത്തു.. അതോ തിരകള്‍ അവളുടെ അടുത്തേക്കോ??


മണലില്‍,പഠിച്ച അക്ഷരക്കൂട്ടങ്ങളെ നിരത്തിയെഴുതി അവള്‍ കളിക്കുകയാണ്‌.. തിരകളവ ഓരോന്നായി ഏറ്റു വാങ്ങി, ഒരമ്മ മകളുടെ സ്ലേറ്റിലെ അക്ഷരക്കൂട്ടങ്ങളെ മായ്ച്ച് കളയുന്നത് പോലെ.. mom, dad, hope, dream അക്ഷരക്കൂട്ടങ്ങള്‍ക്കൊരു കഥ പറയാനുണ്ടായിരുന്നോ??

മായ്ക്കുന്തോറും, പിന്നേയും പിന്നേയും ആവേശത്തോടെ അവള്‍ എഴുതിക്കൊണ്ടിരുന്നു.. കടലെടുക്കാത്ത ബാല്യകാല സ്മരണകളില്‍ മുങ്ങി നിവര്‍ന്ന്‌ ആസ്വദിച്ചു കൊണ്ട് ഞാന്‍ നിലത്ത് കൈയൂന്നിയിരുന്നു..

പൊടുന്നനെ ആരോ നീട്ടി വിളിച്ച പോലെ ഒരു സ്വ്പ്നത്തിലെന്നവണ്ണം അവള്‍ കടലിലേക്ക് ഇറങ്ങി നടന്നു തുടങ്ങി.. മോളേ എന്ന എന്റെ ആര്‍ത്തനാദങ്ങളെ പിന്നിലാക്കി അമ്മയുടെ മടിത്തട്ടിലേക്കെന്നവണ്ണം അവള്‍ കുതിക്കുകയാണ്‌.. കാലുകള്‍ പിടിച്ച് വച്ച് തീരം എന്നെ തടയുന്നു.. തിരകളുടെ ശക്തി കൂടി വരുന്നത് പോലെ.. അവളെ തൊട്ടിലാട്ടിക്കൊണ്ട് ഒരു തിര കുതിച്ചു വന്നു, മോളേയെന്ന വിളി പുറത്തു വരാത്ത രോദനമായി ഉള്ളിലലയടിച്ചു.. യാത്ര പറയാനെന്നവണ്ണം ഒരു നിമിഷം അവള്‍ കൈകളുയര്‍ത്തി, മുഖം തിരിച്ചു.. അപ്പോളവള്‍ക്ക് നിന്റെ ഛായയുണ്ടായിരുന്നു.

-------------------------

വിട: ബ്ലോഗില്‍ എത്തിയിട്ട്‌ രണ്ട്‌ വര്‍ഷത്തിലേറെയാവുന്നു.. സുഹൃത്ത്‌ ദിനേഷേട്ടന്റെ നിര്‍ബന്ധമായിരുന്നു ഇവിടെയെത്താനുള്ള പ്രധാന കാരണം; എഴുത്തിനെ പോഷിപ്പിക്കുകയെ അത്‌ ചെയ്തിട്ടുള്ളൂ.. ഒരിക്കലും ഇത്രയൊന്നും എഴുതാന്‍ കഴിയുമെന്നു പോലും കരുതിയിരുന്നില്ല.. ആ ഒരു സ്നേഹം എന്നും ചേട്ടനോടുണ്ടാവും.. എല്ലാം ഒരു മൂച്ചിനെഴുതിയത്‌.. എഴുതിയതിനെയെല്ലാം നല്ലതെന്നോ ചീത്തയെന്നോ വകതിരിവില്ലാതെ സ്വന്തം ഉണ്ണികളെപ്പോലെ സ്നേഹിക്കുന്നു.. അതേ പോലെ എഴുത്തിലൂടെ കിട്ടിയ സൗഹൃദങ്ങളേയും.. ഒരനിയത്തിയെ എഴുത്തിനിരുത്താനായി എന്നത്‌ ഏറെ സന്തോഷം.. അവളുടെ രചനകളും സ്നേഹവുമായിരിക്കും ബ്ലോഗെഴുത്തിലൂടെ ആകെ ചെയ്ത നന്മ..

ഇതെന്റെ അമ്പതാമത്തെ പോസ്റ്റ്, പോസ്റ്റാനായി എഴുതി മാറ്റി വച്ചത് ഇനിയും ഉണ്ട്.. എന്നാല്‍ പെട്ടെന്നു തോര്‍ന്നു പോയൊരു മഴമേഘം പോലെ ഇന്നിവിടെ നിര്‍ത്തുന്നു.. പറയാതെ പോയ പ്രണയം പോലെ ഒരു സുഖം പോസ്റ്റാതെയും എഴുതാതെയും പോവുന്ന സൃഷ്ടികള്‍ എനിക്ക് നല്കുമായിരിക്കും.. ചിലപ്പോഴിനി ഒരിക്കലും മനസില്‍ പോലും എഴുതിയില്ലെന്നും വരാം.. എഴുതിയത് മിക്കതും എനിക്ക് വേണ്ടി തന്നെയായിരുന്നു, ചിലപ്പോള്‍ അപൂര്‍വ്വമായി ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയിട്ടും.. അത്തരം ചില സൗഹൃദങ്ങള്‍ ഇന്നെന്റെ ഒപ്പമില്ല.. വിട്ടു പോയ അത്തരം സൗഹൃദങ്ങൾക്കായി ഞാനെന്റെ അക്ഷരക്കൂട്ടങ്ങളെ കടലിലേക്ക് തര്‍പ്പണം ചെയ്യുന്നു..

ബ്ലോഗില്‍ നിന്ന് ലഭിച്ച എല്ലാ സപ്പോര്‍ട്ടുകള്‍ക്കും സൗഹൃദങ്ങള്‍ക്കും നന്ദി.. എല്ലാവര്‍ക്കും സ്നേഹവും നന്മയും..

Oct 30, 2011

അമ്പത്‌ ഉറുപ്പിക കളയാത്ത ഇന്ത്യൻ റുപ്പി

കഴിഞ്ഞ ആഴ്ചത്തെ വീട്ടില്‍ പോക്കിലാണു ഇന്ത്യന്‍ റുപ്പി കണ്ടത്‌, അമ്പത്‌ ഉറുപ്പികയുടെ ടിക്കറ്റെടുത്ത്‌, അഞ്ചുറുപ്പികേടെ കടലയും കൊറിച്ച്‌, വടകര ജയഭാരതിലിരുന്ന്‌..

പണമില്ലാത്തവന്‍ പിണം, എന്നൊരു ആശയത്തില്‍ തുടങ്ങി, അത്‌ നേടാന്‍ എന്തും ആവാം എന്ന ആശയത്തോടെ വികസിച്ച്‌, പണത്തിലുമുപരി എന്തോക്കെയോ ഉണ്ടീ ഉലകത്തില്‍, പണത്തിനു മീതെയല്ല, ചില സ്നേഹങ്ങളുടെയും നന്മകളുടേയുമൊക്കെ മീതെ ഒരു പരുന്തച്ചനും പെരുന്തച്ചനും പറക്കില്ല എന്നൊരു കണ്‍ക്ലൂഷന്‍, ഇത്രെയെ ഇന്ത്യന്‍ റുപ്പി പറഞ്ഞുള്ളൂ!!

ഇരുട്ടി വെളുക്കുമ്പോഴേക്കും കോടീശ്വരനാവുക, അതിനിപ്പോ എളുപ്പം റിയല്‍ എസ്റ്റേറ്റ്‌ കളി തന്നെ.. എന്നാല്‍ രണ്ട്‌ നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും തോളില്‍ അതേ ആള്‍ക്ക്‌ മാറാപ്പ്‌ വച്ചു കെട്ടുന്നതും ഒരു കളിയാണു മോനേ ജെ പീ എന്നാരും പയ്യന്‍സിനു പറഞ്ഞു കൊടുക്കുന്നില്ല.. ചില സദാചാരങ്ങളുടെ മുഖമ്മൂടികളും പറിച്ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌ രഞ്ജിത്ത്‌.. അപ്പര്‍ ക്ലാസ്‌ സംസ്കാരം, ഡൗറി സിസ്റ്റം തുടങ്ങിയവയെ ഒന്നു തോണ്ടിക്കടന്നു പോവുന്നുണ്ട്‌ സംവിധായകന്‍..

പൃഥ്വിരാജിന്റെ സിനിമ എന്നെവിടെയും പറഞ്ഞു കേട്ടില്ല, നാട്ടിലും നെറ്റിലും തത്തിക്കളിക്കുന്ന ആ ഒരു നെഗറ്റീവ്‌ അപ്പ്രോച്ച്‌ ഒഴിവാക്കാനാവും.. രഞ്ജിത്തിന്റെ കയ്യടക്കം തന്നെയാണു അങ്ങോളമിങ്ങോളം നിറഞ്ഞു നില്ക്കുന്നത്‌..

ഇതില്‍ ഇഷ്ടമില്ലാത്ത സീന്‍ പൃഥ്വി മതില്‍ ചാടുന്നതാണു.. ഒരു ശരാശരി മലയാളിയുടെ മെയ്‌-വഴക്കമിന്നും പുള്ളിക്കില്ല.. വീട്ടിലേക്ക്‌ വരുന്ന വഴിക്ക്‌ മാണിക്യക്കല്ലായിരുന്നു ബസ്സില്‍ കാണിച്ച സിനിമ.. ഒരു നാട്ടിന്‍ പുറത്തെ സ്കൂള്‍ മാഷിന്റെ മെയ്‌-വഴക്കപ്രശ്നം അതിലുമുണ്ട്‌.. അതൊന്നും പക്ഷെ സിനിമയെ ബാധിക്കുന്നില്ല.. നല്ലൊരു കഥയുള്ളൊരു മോഹനന്‍ സിനിമ..

കുറേയേറെ കഥാപാത്രങ്ങളെ സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു അതും ‘ഇന്ത്യന്‍ റുപ്പി’ കൊണ്ട്‌.. എല്ലാവരുടേയും പ്രശ്നം കാശ്‌ തന്നെ എന്നത്‌ പുതിയ ലോകത്തോട്‌ എത്ര മേല്‍ ഒട്ടി നില്ക്കുന്നു ഈ സിനിമ എന്ന്‌ കാണിക്കുന്നു..

സിനിമ, ഒരു തുറന്ന്‌ പറച്ചിലിലൂടെ പറയുന്നതത്ര ദഹിച്ചില്ല, ആദ്യം കാണുന്ന ഒരാളോടുള്ള തുറന്നു പറച്ചില്‍, ആ തുറന്നു പറച്ചില്‍, അതിത്തിരി ഓവറായിപ്പോയില്ലെ രഞ്ജിത്തേ?

മലയാള സിനിമയില്‍ തനിക്ക്‌ മാത്രം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുണ്ടെന്ന്‌, താനിപ്പോഴും മലയാള സിനിമയ്ക്കൊരു മുതല്ക്കൂട്ടാണെന്ന്‌ തിലകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.. അളന്നു മുറിച്ച സംഭാഷണങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, ഇടറിയുള്ള തേങ്ങല്‍, ഒരു സിനിമാ ത്രെഡ്‌ ഇങ്ങനെയൊക്കെ ആണിവിടെ വികസിക്കുന്നത്‌..

ജഗതിയുടെ ഗോള്‍ഡ്‌ പാപ്പന്‍ തുടക്കം മുതലെ നമ്മെ വിസ്മയിപ്പിക്കുന്നു.. സ്കൂട്ടര്‍ ഇട്ടുള്ള ആ കളിയും, ഇടയ്ക്കുള്ള ഭാവമാറ്റങ്ങളും മതി ആ അഭിനയമികവ്‌ വിളിച്ചോതാന്‍.. മലയാളത്തിലെ എറ്റവും റേഞ്ചുള്ള നടന്‍ ആരെന്ന്‌ ചോദിച്ചാല്‍ ഇപ്പോഴും ഉത്തരം ജഗതീന്ന്‌ തന്നെയാവുന്നതിന്റെ കാരണവും മറ്റൊന്നല്ല..

ഈ പുഴയും എന്ന ഗാനം മികച്ചതാണെങ്കിലും സിനിമയിലതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നാണു അഭിപ്രായം.. റീമാ കല്ലിങ്കലിനെയും സിനിമ ആവശ്യപ്പെടുന്നില്ല.. പ്രാഞ്ചിയേട്ടന്റെ കയ്യടക്കം അല്ലെങ്കില്‍ പാലേരിമാണിക്യത്തിലെ സംവിധായക മികവ്‌ ഇവിടെയൊന്നു പാളി.. ചിലപ്പോള്‍ ജീവിതത്തിലെ നന്മകളെ പണത്തിനുപരി ആയിട്ട്‌ കാണിക്കാന്‍ വേണ്ടി പ്രണയം ഒന്നു കുത്തി വച്ചതാകാം രഞ്ജിത്ത്‌.. സാങ്കേതികതയിലും ചിത്രം മുന്നിട്ടു നില്ക്കുന്നു.. പക്ഷെ കാശൊന്നും കയ്യിലെടുക്കാനില്ലാത്ത ഒരാളുടെ വീടിനു ചേര്‍ന്ന കെട്ടും മട്ടുമല്ല ജെ പിയുടെ വീടിനെന്ന്‌ പറയാതെ വയ്യ.

വ്യത്യസ്ത പരീക്ഷണങ്ങളുമായി മലയാളത്തില്‍  ഒരു സംവിധായകന്‍ പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌ കാണുന്നത്‌ ആനന്ദദായകം തന്നെ.. പൃഥ്വി നായകന്‍ ആയത്‌ കൊണ്ട്‌ ആ വിദ്വേഷം സിനിമയോട്‌ പലര്‍ക്കുമുണ്ടാകാമെങ്കിലും, മുന്‍ വിധികളില്ലാതെ കാണുന്ന ഒരാളെയും അത്‌ ബാധിക്കില്ലെന്ന്‌ സ്വയം സാക്ഷ്യപത്രം.. ഈയൊരു ലൈഫ്സ്റ്റൈലിലേക്ക്‌ ഇണങ്ങിച്ചേരാന്‍ പൃഥ്വിക്കെളുപ്പം കഴിഞ്ഞിട്ടുണ്ട്‌.. ഉറുമിയിലെ പ്രകടനം എത്ര മോശമാണെന്ന്‌ പറയുന്ന അതെ നാവ്‌ കൊണ്ടിത്‌ പറയാനെനിക്ക്‌ മടിയില്ല.. പൃഥ്വിക്ക്‌ പകരം എന്ത്‌ കൊണ്ട്‌ ആര്യയെ തന്നെ ആ റോള്‍ ഏല്പ്പിച്ചില്ല എന്നന്നെ തോന്നിയിരുന്നു!! പിന്നെ സന്തോഷിന്റെ ഷോട്ടുകള്‍ മാത്രം കാണാനായിരുന്നു ആ സിനിമയ്ക്ക്‌ പോയതും.. കോഴിക്കോട് സെന്ററായുള്ള ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിനു പലപ്പോഴും കോഴിക്കോടന്‍ ഭാഷ മിസ് ആയിപ്പോവുന്നു.. കോഴിക്കോട് നിര്‍ത്താന്‍ ബ്രേക്ക് ചവിട്ടിയ ഒരു ബസ് കോട്ടയത്തൊക്കെ എത്തി നില്ക്കണ പോലെ.. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാഴ്ചവച്ച സൂക്ഷ്മാഭിനയം ഒക്കെ പൃഥ്വി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ..

പ്രാഞ്ചിയേട്ടനിലെപ്പോലെ തന്നെ സംവിധായക മികവാണു ഈ ചിത്രത്തേയും മികച്ചതാക്കുന്നത്‌.. റിനി ടോമിനെ പോലും വളിപ്പാക്കാതെ ഉപയോഗിച്ചിരിക്കുന്നു.. പ്രാഞ്ചിയേട്ടനില്‍ സംഭാഷണങ്ങളിലൂടെയും കാരക്റ്ററുകളിലൂടെയും മാത്രമാണു കഥ വികസിക്കുന്നതെങ്കില്‍, ഇതില്‍ ആദ്യം മുതലെ റിയല്‍ എസ്റ്റേറ്റ്‌ എന്നൊരു ത്രെഡ്‌ നില നില്ക്കുന്നുണ്ട്‌.. ചുരുക്കി പറഞ്ഞാല്‍ സംവിധായകന്‍ തന്നെയാണു ഒരു സിനിമ മികച്ചതാക്കുന്നതെന്ന്‌ രഞ്ജിത്ത്‌ വീണ്ടും തെളിയിച്ചിരിക്കുന്നു..

----------------------

സിനിമയെക്കുറിച്ച് അധികം അറിയാത്ത ഒരാളുടെ ആസ്വാദനം ആയിട്ടിതിനെ കരുതിയാല്‍ മതിയാവും.. ബ്ലെസിയും രഞ്ജിത്തുമൊന്നും പദ്മരാജന്റേയും ഭരതന്റേയുമൊന്നും (ഒരിക്കലും!) നിലവാരത്തിലേക്കുയരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.. മൂക്കീല്ലാ രാജ്യത്ത്‌ രാജാക്കന്മാരാവാന്‍ ചില മുറിമൂക്കര്‍ എങ്കിലുമുണ്ടല്ലോ എന്നൊരു ആശ്വാസം മാത്രം..

പോയി കാണാന്‍ പറഞ്ഞ മനോജേട്ടനു (നിരക്ഷരന്‍) താങ്ക്സ്..

Oct 29, 2011

നിഴലിന്റെ നിഴൽ

മറ്റുള്ളവരുടെ ജീവിതത്തിന്റെ
വെയിൽ കൊള്ളുന്നത് കൊണ്ടാവുമോ
എന്റെ നിഴലിന്നു
സ്വന്തം രൂപമില്ലാത്തത്??

അതോ

മറ്റുള്ളവരുടെ നിഴലിന്റെ
തണൽ പറ്റുന്നത് കൊണ്ടാവുമോ
എന്റെ ജീവിതത്തിനു
സ്വന്തം ജീവനില്ലാത്തത്??


Oct 20, 2011

കടൽത്തീരത്ത്‌


നിന്നെക്കുറിച്ചോർത്തോർത്ത്‌
കയറിച്ചെന്നതൊരു പുസ്തകശാലയിൽ!

ഭ്രാന്തമായി തിരയുകയായിരുന്നു,
തടിച്ച ചട്ടകൾക്കുള്ളിൽ,
വരികൾക്കിടയിൽ,
തുളുമ്പിപ്പോയ വാക്കുകൾ കൂട്ടത്തിലും!!

കണ്ടെത്തിയില്ല നിന്നെയൊന്നിലും..

ഒടുവിൽ ഒളിച്ചു കളി മതിയാക്കി
ചുമരിൽ തറച്ച ‘നിശബ്ദതയിൽ’ നിന്നും, നീ ഇറങ്ങി വന്നു!

പ്രണയത്തിന്റെ ഗൂഗിൾ സേർച്ചിൽ സൈലെൻസിനെ കണ്ടെത്തിയില്ലേയെന്നാർത്തു ചിരിച്ചു..

ഒരു നിശ്വാസമായി കാറ്റിലലിഞ്ഞ്‌ പതിയെ കൈപിടിച്ചു..

കാതിൽ, ശബ്ദമില്ലാത്ത വാക്കുകളാൽ സ്നേഹത്തിരമാലകൾ തീർത്തു..

ഓർമ്മകളെത്തേടി, മറവികളിൽ ഒരുമിച്ച്‌ വലയെറിഞ്ഞു..

ഒടുക്കം, മൗനത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്‌
വിരൽപ്പാടുകൾ പോലുമവശേഷിപ്പിക്കാതെ
വീണ്ടുമൊരു തിരിച്ചു പോക്ക്‌..

പ്രണയത്തിന്റെ മറ്റൊരു അർത്ഥം കൂടി മനസിലായെന്ന പോൽ,
എൻ ചുണ്ടിലൊരു തുമ്പച്ചിരി മാത്രം മായാതെ നിന്നു..

വായിച്ചു തീർക്കാനിനിയുമേറെയുണ്ട്,‌
അളന്നെടുക്കാൻ ആഴങ്ങളും..

------------------
ഓടോ: ആദ്യായിട്ടൊരു പോസ്റ്റിനു ഞാൻ തന്നെയെടുത്ത (സിംഗപ്പൂർ, സെന്റോസ ബീച്ച്‌) ഫോട്ടോയും അപ്ലോഡി :)

Oct 13, 2011

ഓർമ്മയിലൊരു സ്പ്ലാഷ്


ഇടയ്ക്കിടയ്ക്ക് കൈ നീട്ടി-നനച്ച് മഴയാസ്വദിച്ച് നീങ്ങുമ്പോഴാണു ഹൃദ്യമായ ആ കാഴ്ച എന്നെ ഓർമ്മളിലേക്ക് വലിച്ചിട്ടത്.. അച്ഛന്റെ കൈയും പിടിച്ചൊരു കുരുന്ന് റോഡിലെ വെള്ളം കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു നീങ്ങുന്നു.. ഇടയ്ക്കൊക്കെ തന്റെ മേലേക്ക് വെള്ളം തെറിക്കുന്നുണ്ടെങ്കിലും ആ അച്ഛനത് ആസ്വദിക്കുകയാണ്‌.. മഴ കൊള്ളാതിരിക്കാൻ മകനു മുകളിൽ കുടനീട്ടിപ്പിടിച്ച് കൊണ്ട് സ്വയം മഴയിലേക്കിറങ്ങി അവനെ പ്രോത്സാഹിപ്പിക്കുകയാണദ്ദേഹം; ദൂരത്ത് നിന്ന് എനിക്കോർമ്മകളുടെ കുടയും പിടിച്ചത് വേറെയാരുമായിരുന്നില്ല..


എന്റെ കുട്ടിത്തത്തേയും അച്ഛന്റെ സ്നേഹത്തേയും ദൂരെ നിന്ന് തൊട്ട പോലെ.. ആ കൈപിടിച്ച് എത്രയോ ചളിവെള്ളം തെറിപ്പിച്ചിരിക്കുന്നു.. എന്തിനു,  കുളിക്കാൻ കുളത്തിലേക്ക് പോവുമ്പോഴും ഉണ്ടാവും ഈ വെള്ളം തെറിപ്പിക്കൽ; അപ്രതീക്ഷമായിരിക്കും ആ ഒരു സ്പ്ലാഷ് അവതരിക്കുന്നത്.. ചിലപ്പോ ചെവിയിലൊക്കെ വെള്ളമാവും.. ചിലപ്പോഴോക്കെ ചേട്ടനും ഞാനും തമ്മിൽ ശക്തിമത്സരവും നടക്കും, ചിരിച്ച് കൊണ്ടച്ഛനതിൽ പങ്കു ചേരും,അപ്പോൾ രണ്ടാളും കൂടെ അച്ഛനെ നനയിക്കും.. മതിയിനി കുളിച്ചു കയറാം എന്നു പറയുമ്പോഴേക്കും ഒരുപാട് നേരം കഴിഞ്ഞിരിക്കും; ഇങ്ങനെയുമുണ്ടോ ഒരു കുളി എന്ന അമ്മയുടേ ശകാരം കേൾക്കാൻ തക്കവണ്ണം!!


ഇടയ്ക്കച്ഛൻ പറയാറുണ്ടായിരുന്ന, ചേട്ടന്റെ ചെറുപ്പത്തിലെ ഒരു തമാശയും ഓർമ്മയുടെ കുന്നിറങ്ങുന്നു.. പണ്ട് തലശ്ശേരി ബസ് സ്റ്റാന്റിൽ അച്ഛന്റേയും അമ്മയുടേയും കയ്യിൽ പിടിച്ച് നടക്കവേ,ചെറിയൊരു ചളിക്കുഴി കണ്ട് രണ്ടു പേരുടേയും കയ്യിൽ തൂങ്ങി ആ ചളിക്കുഴിക്ക് മീതെ പറന്നിറങ്ങിയത്.. അത് കണ്ടൊരു ഡ്രൈവർ ബസ് നിർത്തി ചിരിച്ചത്..

 
ഞാനുമൊരു നിമിഷത്തേക്ക് കുട്ടിയായി; സൈഡിലെ ചളിവെള്ളത്തിലേക്ക് കാലുനീണ്ടു, ഓർമ്മകളിലെ ചളിവെള്ളം തെറിപ്പിച്ചു കൊണ്ട് പടേന്നൊരു സ്പ്ലാഷ്! എന്നാലെന്റെ കൈ അയഞ്ഞു കിടന്നിരുന്നു, അച്ഛന്റെ പിടുത്തമില്ലാതെ.. കാലുകൾക്ക് എന്തെന്നില്ലാത്ത ഒരു ദുർബ്ബലത..

 
ആ അച്ഛനും മകനും വെള്ളം തെറിപ്പിക്കൽ തുടരുകയാണ്‌.. ഓർമ്മകളിലച്ഛന്റെ കൈപിടിച്ച് വെള്ളം തെറിപ്പിച്ച് ഞാനും അവരുടെ കൂടെ നടന്നു..

Oct 11, 2011

കവിത


 സ്വപ്നത്തില്‍ വന്ന്

സൂര്യോദയത്തില്‍ കണ്‍ മിഴിച്ച്,
യാത്ര പോലും പറയാതെ പോവുന്ന വരികളുണ്ട്..


ഒരു ഉറക്കത്തിന്റെ മാത്രം ആയുസ്സുള്ളവ;
പാദസ്പര്‍ശനങ്ങളുടെ ഓര്‍മ്മപോലും ബാക്കി വയ്ക്കാത്തവ!

എങ്കിലും, തിരികെ കിട്ടണേയെന്ന്
ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നവ

നിങ്ങളെയല്ലാതെ മറ്റെന്തിനെ 
ഞാന്‍ കവിതയെന്ന് വിളിക്കേണ്ടൂ?



Oct 7, 2011

നീയും ഞാനും



മിഴികളിലെയൊരശ്രു
നോവുകളുടെ കൈപിടിച്ച്
ചിന്തകളുടെ വേരിറങ്ങി
ജന്മാന്തരങ്ങളോളം തിരഞ്ഞു ചെന്ന്
ഒടുവിൽ,

എന്നിലെ നീയെന്നൊരുത്തരമായി തിരിച്ചെത്തുന്നു

ഓർമ്മകൾക്ക് പോലും ഒരേ ഗന്ധം, അതേ നനവ്!!


Sep 29, 2011

മഴയുടെ സംഗീതം


മധുരമൂറുന്ന സംഗീതം വലിഞ്ഞു മുറുക്കിയ
ഗിറ്റാര്‍ തന്ത്രികള്‍, അതാകുന്നു ബന്ധങ്ങള്‍..

കുഞ്ഞായിരിക്കെ അതിലൊരുപാട്
സംഗീതമഴ ഞാന്‍ പെയ്യിച്ചിട്ടുണ്ട്..

ഇന്നതില്‍ ഒരു നാദം ഉയര്‍ത്താന്‍ പോലുമെനിക്ക് പേടിയാണ്‌!!

ഒരു അശ്രദ്ധമായ വിരലനക്കത്തില്‍
അറ്റു പോയേക്കാവുന്ന സംഗീതം..

എന്നിലെ വേദനകളുടെ സംഗീതം ശ്രവിച്ചാണോ
മഴയിലേക്ക് കുട വലിച്ചെറിഞ്ഞെന്നെ നീ നീട്ടി വിളിച്ചത്??

ഇറങ്ങി വരാതിരിക്കാന്‍ എനിക്കാവുന്നില്ലല്ലോ??

Sep 8, 2011

ഓര്‍മ്മത്തെറ്റുകളുടെ ഓണപ്പൂക്കളം


ഓര്‍മ്മയിലിന്നലെ ഒരു ഓണപ്പൊട്ടന്റെ മണികിലുക്കം.. ഓണപ്പൊട്ടനെ ആദ്യമായി കാണുന്നത് രണ്ടാം ക്ലാസിനുശേഷമായിരുന്നു, അച്ഛന്റെ തറവാട് വീടിന്റെ പരിസരത്ത്, ഒഞ്ചിയത്ത് ഈ പരിപാടിയുണ്ടായിരുന്നില്ല.. അടുത്ത പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയിലേക്ക് വീടുമാറിയതിനുശേഷമുള്ള ഒരോണത്തിനാവും കണ്ടത്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയും കിരീടവും ചായങ്ങളുമായി മണിമുട്ടി ഓടി വന്നയാളെ ഓണപ്പൊട്ടന്‍ ന്ന് അമ്മ വിവരിച്ചു.. ദക്ഷിണ കൊടുത്തു, അനുഗ്രഹം വാങ്ങിച്ചു.. പിന്നീടും ഏതൊക്കെയോ ഓണപ്പൊട്ടന്മാര്‍ എത്രയോ തവണ അനുഗ്രഹിച്ചു, ചിലപ്പോഴൊക്കെ തിരുവോണവും കഴിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് പോവുന്ന വഴിയില്‍ വച്ചായിരുന്നു അനുഗ്രഹം..


ഇപ്രാവശ്യം ഓണത്തിനു സ്പെഷല്‍ എന്താന്ന് ചോദിച്ചാ, ലോ ടെമ്പറേച്ചര്‍ എക്സ്പിരിമെന്റ്സാ, ഇത്തിരി എടുക്കട്ടേന്ന് ഞാന്‍ തിരിച്ച് ചോദിക്കേണ്ടുന്ന അവസ്ഥയാ.. വീട്ടിലെത്തുന്നത് ശനിയാഴ്ച, തിരുവോണത്തിന്റെ പിറ്റേന്ന്,അതും ഏട്ടന്റെ കല്യാണത്തിരക്കുകളിലേക്ക്.. നിങ്ങള്‍ വീട്ടില്‍ വരുന്ന ദിവസാ ഞങ്ങക്കോണവും വിഷുവുമെന്ന് പറയുന്ന അച്ഛനുമമ്മയും ഉള്ളപ്പോള്‍ എന്നുമെനിക്ക് ഓണവും വിഷുവുമാക്കാമെന്നതല്ലെ ശരിയായ ഭാഗ്യം.. എന്നാലുമൊരു (അധിക)പ്രസംഗം ഇവിടെ എഴുതിയിട്ടാളയാം എന്നു കരുതി.. ബ്ലോഗ് തുടങ്ങിയ കാലം തൊട്ട് വിചാരിക്കുകയാണ്‌ ഓണം- ഓര്‍മ്മകളെഴുതിയിടണം എന്ന്.. മനസില്‍ വരുന്ന ഓര്‍മ്മത്തെറ്റുകളൊക്കെ അടുക്കില്ലാതെ പറഞ്ഞു കൊള്ളട്ടെ ഈ അധികപ്രസംഗി?


സദസിനു വന്ദനം (പണ്ടിങ്ങനെ പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോഴാ എന്റെ ആദ്യ പ്രസംഗം ശെടേന്ന് നിന്നു പോയത്!!ആറാം ക്ലാസില്‍ വച്ചായിരുന്നു അത്.. പുതിയ സ്കൂള്‍, ക്വിസ് മത്സരങ്ങളിലൂടെ ഏട്ടന്റെ ഒരു സ്റ്റാമ്പ് അവിടെ കറങ്ങി നടപ്പുണ്ടായിരുന്നു.. വേദിയിലിരുന്ന ഹെഡ്മാഷ് രാമകൃഷ്ണന്‍ സാര്‍,അടുത്തിരുന്ന ആരോടോ, ഇവന്‍ ആ ക്വിസ് മത്സര ചാമ്പ്യന്‍ സുചാന്ദിന്റെ അനിയന്‍ സുചാന്ദാന്നു പറഞ്ഞത് കേട്ടൊന്ന് തിരിഞ്ഞപ്പോളെക്കും ഓര്‍മ്മ ചോര്‍ന്നൊലിച്ച് പോയിന്ന് പറഞ്ഞാ മതിയല്ലോ.. പിന്നൊരു നോക്കി വായന ആയിരുന്നു, അതിനു ശേഷം പ്രസംഗിച്ചത് അപൂര്‍വ്വം.. കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് അസോസിയേഷന്‍ ഇനോഗറേഷനാവും പിന്നീട് കാര്യാമായൊന്ന് പ്രസംഗിക്കുന്നത് തന്നെ!! അന്നെന്റെ മേശപ്പുറത്തൊരു അസൈന്മെന്റ് ഷീറ്റ് ഉണ്ടായിരുന്നു, റ്റു സുചാന്ദ് സിംഗ് സാര്‍.. കണ്ട് ഞാന്‍ ചിരിച്ച് മറിഞ്ഞ് വീണുരുണ്ടാണു ഇനോഗറേഷന്‍ ഹാളിലെത്തിയത്, അവിടേം ഞാനത് പറഞ്ഞെന്നോര്‍മ്മ!!).. ഓര്‍മ്മകളിലെവിടെയൊക്കെയോ ഞാന്‍ നോക്കി വായിച്ചു കൊള്ളട്ടെ..


ഓണക്കാലത്ത് മാത്രം നാട്ടിലിറങ്ങുന്ന ഒരു സംഭവം ഉണ്ട്, ഏതാന്നറിയാമോ ദേ മാവേലി കൊമ്പത്ത്, ഓണക്കാലത്ത് കരക്റ്റായിട്ട് അങ്ങേരാ കൊമ്പത്ത് കയറുമായിരിക്കും, തലേല്‍ കിരീടോം വച്ചോണ്ട്!! ദിലീപ് കെ ആവാസ് സുനോ ആയി നാദിര്‍ഷയുടെ ഐഡിയകളായി കാസറ്റിലൂടെ കാതുകളിലെത്തുന്ന തകര്‍പ്പന്‍ സംഭവം.. ഇപ്പോ അവരു വീഡിയോയും ഇറക്കണുണ്ടത്രെ.. മാവേലിക്ക് ഇന്നസെന്റിന്റെ സൗണ്ടും, ഡ്യൂപ്പിനു ജഗതീടെ സൗണ്ടും.. ‘ഡ്യൂപ്പേ’ന്നൊരു വിളിയുമായാവും മാവേലി ദേ കൊമ്പത്ത് (തല തിരിച്ച് പറഞ്ഞാലും അര്‍ത്ഥം ഒന്നു തന്നെ) തുടങ്ങണത്.. ‘ന്റെ പ്രജകള്‍ക്കെല്ലാം എന്ത് പറ്റീടാ’ എന്നൊരു തൃശ്ശൂര്‍ സ്ലാങ്ങും ഉണ്ടാവും പിന്നാലെ.. എന്റെ പല ഓണക്കാല ഓര്‍മ്മകളും ആ കൊമ്പില്‍ തൂങ്ങിക്കിടന്നൂഞ്ഞാലാടുന്നു.. പണ്ടൊരു ദേ മാവേലിയില്‍ ‘നിലാപ്പൊങ്കലായല്ലോ ഓ’ യ്ക്ക് പാരഡി ആയിട്ട് ‘ഗട്ടറില്‍ വീണു മാവേലി ഓ’ ആയിരുന്നെന്നോര്‍മ്മ.. ഇത്തവണയും ആ ട്യൂണൊന്ന് മാറ്റിപ്പിടിച്ച് സെയിം തീമില്‍ ഒരു സോങ്ങുണ്ടാക്കവുന്നതേയുള്ളൂ ‘ആരാണ്ടാ ആരാണ്ടാ ഗട്ടറില്‍ വീണത് ആരാണ്ടാ?’ എന്നോ മറ്റോ.. ഗട്ടര്‍ അന്നുമിന്നും വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമല്ലേന്ന്, അപ്പോ പിന്നെ തീമിനു പകരം ട്യൂണ്‍ മാത്രം മാറ്റിയാപ്പോരേ ഡ്യൂപ്പേന്ന് മാവേലി വരെ ചോദിച്ചു കളഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. പോള്‍ വധം നടന്ന 2009 ല്‍ എസ് കത്തിയൊക്കെ വച്ചൊരു മാവേലിസ്റ്റോറി ഇറക്കണമെന്ന് വിചാരിച്ച് വിചാരിച്ച് അവസാനം വിചാരം മാത്രമായി അതവശേഷിച്ചു.. കഴിഞ്ഞ രണ്ട് കൊല്ലങ്ങളായിട്ട് അതു കൊണ്ട് വിചാരങ്ങളേ ഇല്ല.. മാവേലി സ്റ്റോറിക്ക് പകരം മാവേലി സ്റ്റോറില്‍ കള്ളു വിറ്റു കൂടേന്നൊരു വിചാരം മാത്രമുണ്ട്, കാരണം നമ്മുടെ കേരളം (സാമ്പത്തികമായി) റണ്‍ ചെയ്യുന്നത് പെട്രോളിലും ഡീസലിലുമൊന്നുമല്ലാലോ, മദ്യത്തിലല്ലേ.. ഇന്നാള്‌ വടകര ഒരു ദൃശ്യം കണ്ടു.. ശ്രീമണിയുടെ (അത് വടകരയിലെ കണ്ണായ സ്ഥലത്തെ ഒരു ബാറാ, സത്യായിട്ടും ഞാന്‍ പോയിട്ടില്ലവിടെ.. മാഹി അപ്പുറത്ത് നീണ്ട് നിവര്‍ന്ന് കിടക്കുമ്പോ നുമ്മളെന്തൂട്ടിനാണിങ്ങട് പോണേന്ന്??) ഓപ്പസിറ്റില്‍ ഒരു കക്ഷി ശരിക്കും നാഗവല്ലന്‍ ആവുന്നത്.. കിടന്ന് പാമ്പിനെ പോലെ വട്ടം ചുറ്റുകയും ഇഴയുകയും ഒക്കെ ആയിരുന്നു, ഏതോ കൊള്ളാവുന്ന വീട്ടിലെ മുപ്പത്തഞ്ചിലേറെ പ്രായം മതിക്കുന്ന ആ ചേട്ടന്‍.. ഇപ്രാവശ്യം ഓണത്തിനു നമ്മടെ റെക്കോര്‍ഡ് നമ്മള്‍ തന്നെ തകര്‍ക്കും എന്ന് കരുതാം.. ഹാപ്പി ഓണത്തിനു പകരം ഷാപ്പി പോണം എന്നാണല്ലോ ഇപ്പളത്തെ ഒരു സ്റ്റൈല്‌!!
 
 
മറ്റൊരു കാര്യം വിഷമത്തോടെ പറയേണ്ടുന്ന ഒന്ന് എന്താണെന്ന് വച്ചാല്‍, തുമ്പപ്പൂവിന്റെ പൊടി പോലും കാണാന്‍ പറ്റാത്ത സ്ഥിതി ആണിന്ന്.. മുക്കുറ്റി പണ്ടേ കാലപുരി പൂകി.. എനിക്ക് തോന്നുന്നു, എല്ലാവരും മഹാബലീടെ അടുത്തെത്തി അവിടെ സ്വയം പൂക്കളമൊരുക്കുകയാണെന്നാ.. പഴയ തുമ്പപ്പൂവേണം എന്നതൊക്കെ മാറ്റി ചെട്ടിപ്പൂവേണം എന്നൊക്കെ പാടേണ്ട ടൈം ആയി കേട്ടോ.. കഴിഞ്ഞ മാസം നാട്ടിലേക്ക് വരുന്ന വഴി ചെട്ടി പൂ വിരിഞ്ഞ് നില്ക്കുന്ന പാടങ്ങള്‍ കണ്ടു, ഗുണ്ടല്പേട്ടില്‍.. ഞങ്ങള്‌ താമസിയാതെ അങ്ങട്ട് വരുന്നുണ്ടെന്ന് അവര്‍ കാറ്റിലൂടെ കാതിലോതിയിരുന്നു.. പൂക്കള്‍ പറിച്ച് പൂക്കളമിട്ടിരുന്നത് വീട്ടിലല്ല.. സ്കൂളിലും കോളേജിലുമായിരുന്നു.. വീട്ടില്‍ ചെറുപ്പത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ പൂക്കളമിട്ടിട്ടുണ്ടായിരുന്നു, ഞാനും ചേട്ടനും കൂടി.. ഒരിക്കല്‍ അച്ഛന്‍ കാര്യമായി പൂക്കളമൊക്കെ വരച്ച് പൂ വാങ്ങിച്ച് ഇട്ടത് ഇന്നും നന്നായോര്‍ക്കുന്നു..അന്നും ആദ്യ കളത്തില്‍ നിറച്ചും തുമ്പപ്പൂവിട്ടിരുന്നു.. നിന്റെ വെളുപ്പിനെന്തൊരു വെളുപ്പാ തുമ്പേ!!
 
 
സ്കൂളിലേക്ക് പൂ പറിച്ച ഓര്‍മ്മയില്‍ മരിച്ചു പോയ ചാപ്പന്‍ മാഷുണ്ട്, മാഷിന്റെ ദേഷ്യമുണ്ട്, മാഷിന്റെ നെല്ലു വിളഞ്ഞ വയലുണ്ട്..ഒന്‍പതാം ക്ലാസില്‍ ആയിരുന്നപ്പോ മടപ്പള്ളി സ്കൂളില്‍ നടന്ന ഡിവിഷന്‍ തരം തിരിച്ചുള്ള പൂക്കളമൊരുക്കലില്‍ ബോര്‍ഡറിടാന്‍ വരി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു.. എന്റെ വീടിനു തൊട്ടടുത്തുള്ള വയലില്‍ ഞാനും ക്ളാസ്മേറ്റ് ജിജുവും ഇറങ്ങി.. നെല്ലങ്ങനെ വിളഞ്ഞു നിക്കണ വയല്‍..ദാ അവിടെ ഇണ്ടെടാ നല്ല വരീന്നും പറഞ്ഞൊരു കുതിപ്പായിരുന്നു.. അങ്ങകലെ കൃഷിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു നിന്നിരുന്നാ ചാപ്പന്‍ മാഷ് അതാ വരുന്നു തല്ലാനെന്ന വണ്ണം.. മാഷിനു നല്ല പ്രായമുണ്ട്, അതേ പോലെ നീളവും.. ഏതു കുരുത്തം കെട്ടനവനാടാന്നും പറഞ്ഞോടി വരുന്ന മാഷോട് സുകു മാഷിന്റെ കുരുത്തം കെട്ട മോനാന്ന് എക്സ്പ്ലൈന്‍ ചെയ്യാനൊന്നും ഞാന്‍ നിന്നീല്ല.. പിന്നേ എനിക്കീ വരി പറിച്ചിട്ട് വേറേം പണിയുള്ളതല്ലെ.. ഓടിക്കോടാ മോനേന്ന് ജിജുവും, അണച്ച് ഓടുന്നതിനിടയില്‍ ‘ഒരുവിധം കിട്ടി അല്ലേടാ,എന്നാലും മാഷ് വന്നില്ലേല്‍ ഒരു പിടുത്തം കൂടി പിടിക്കായിരുന്നു‘ എന്ന് ഞാനും.. അന്ന് സ്കൂളില്‍ പ്രോത്സാഹന സമ്മാനമെങ്ങാണ്ടെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ.. മനസിലെത്രയോ പൂക്കളങ്ങളുടെ ഓര്‍മ്മപ്പൂക്കളങ്ങള്‍, എങ്കിലും പൂ പറിച്ച ഓര്‍മ്മയില്‍ ഇന്നും ആദ്യമെത്തുന്നത്, ലുങ്കിയും മടക്കികുത്തിയുള്ള ആ ഓട്ടം തന്നെയാണ്‌..
 

അതിനുശേഷവും വരി പറിച്ചു, കോളേജിലെ പൂക്കളത്തിനു വേണ്ടി.. പ്രീഡിഗ്രിക്കാലത്തും ഡിഗ്രിക്കാലത്തും.. അന്ന് കോളേജില്‍ ഘോഷയാത്ര, പലതരം കളികള്‍ ഒക്കെ ഉണ്ടായിരുന്നു.. ഏറ്റവും ആവേശം എന്നാല്‍ വടം വലിക്കും.. ബോട്ടണി സുരേഷ് സാറിന്റെ കമന്ററിയുമുണ്ടാകും അത് കൊഴുപ്പിക്കാന്‍.. ഇടയ്ക്ക് അടിയും പൊട്ടും.. ഒരു പ്രാവശ്യത്തെ അടി, വടം അടുത്തുള്ള ചെടിയില്‍ കൂട്ടിക്കെട്ടി വലിച്ചു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു.. ആ അടി അന്നത്തെ മത്സരം കാന്‍സെല്‍ ചെയ്യിച്ചു, കോളെജ് പൂട്ടി തുറന്നും ചെറിയതോതില്‍ സംഘര്‍ഷം തുടര്‍ന്നു.. അടുത്ത വടം വലിക്കെടുത്തോളാം എന്ന വടമില്ലാത്ത വെല്ലുവിളിയില്‍ പിന്നീടതൊതുങ്ങി.. ഡിഗ്രിക്കാലത്ത് പൂക്കളമിടാന്‍ കാര്യമായൊന്നു കൂടി..അന്ന് തുമ്പ തികയാതെ സേര്‍ച്ച് ചെയ്ത് കോളേജ് ഗ്രൗണ്ടിനു മുകളിലെ കുന്നില്‍ ചെന്നെത്തി കൈനിറയെ തൂവെണ്മത്തുമ്പയുമായി തിരിച്ചിറങ്ങിയത് ഇന്നലെയെന്ന പോലെ ഓര്‍മ്മകളില്‍ ഭദ്രം.. ആ പൂക്കളമിടല്‍ എക്സ്പീരിയന്‍സ് പിന്നീട് ഐ ഐടിയിലും ഇവിടേയും പൂക്കളമിടാന്‍ കൂടാന്‍ ഒരു പ്രേരണ ആയിരുന്നു.. വരിക്ക് പകരം കരിയിട്ടു, ഐ ഐടിയില്‍.. ഇവിടെ വിളക്കുമരത്തിന്റെ ഇല പറിച്ചിട്ടു..അ തൊടിക്കാന്‍ മെയിന്‍ ബില്‍ഡിങ്ങിലേക്ക് മാര്‍ച്ചു ചെയ്തു, ഓണത്തലേന്ന്. സെക്യൂരിറ്റിയുടെ കണ്ണു വെട്ടിച്ച് ഒടിച്ചൊരോട്ടം.. പിറ്റേന്ന് അതു പറിച്ചിട്ട് കൈ ശരിക്കും നൊന്തു,ഒരുചെടിയുടേ വേദനയായിരുന്നോ അത്?? പിന്നീട് ഞങ്ങളും കരിയിലേക്ക് മാറി..ഞാന്‍ ഇവിടെ പങ്കെടുത്ത അവസാന ഓണാഘോഷം 2008 ല്‍ ആയിരുന്നു.. അന്നായിരുന്നു ജോയിന്റെ സെക്രട്ടറി ആയി ഞാന്‍ അവരോധിക്കപ്പെട്ടതും.. അന്നു ഞാന്‍ പാചകത്തിനു സഹായി ആയിരുന്നു.. രാവിലെ മുതല്‍ രാത്രി പത്തര വരെ അവിടെ തന്നെ ഇരുന്നു,കൂട്ടിനു പോലും ആരുമില്ല.. എല്ലാരും സ്വന്തം തടി നോക്കി മുങ്ങി.. അന്നു ഞാന്‍ ക്ഷണിച്ചെത്തിയ ചേട്ടനും സാറും മറ്റ് ലാബ്മേറ്റുകളുമൊക്കെ പരിപാടി സ്ഥലത്ത് എന്നെ ഒരുപാടന്വേഷിചെന്നറിഞ്ഞു, വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ അന്നെനിക്ക് മൊബൈല്‍ പോലുമില്ല.. ആ ഡിസംബറില്‍ ബി എസ് സി ക്ലാസ്മേറ്റ്സിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ ഞാന്‍ മൊബൈല്‍ എടുക്കാന്‍ തീരുമാനിച്ചു, എന്നിട്ടും മാസങ്ങള്‍ വേണ്ടി വന്നൂട്ടോ.. അന്നത്തെ ഓണസദ്യ ഞാനുണ്ടില്ല.. റൂമില്‍ പോയി കുളിച്ച് വിങ്ങുന്ന മനസുമായി ലാബിലേക്ക് നടന്നു.. ആരും തിരിഞ്ഞു നോക്കിയില്ല എന്നതിലുപരി ഞാന്‍ വിളിച്ചവരെ എനിക്ക് സ്വീകരിക്കാന്‍ പറ്റിയില്ലാലോ എന്ന വിഷമം ആയിരുന്നു.. അന്ന് തന്നെ ഞാനെന്റെ രാജി ഡ്രാഫ്റ്റ് ചെയ്തു,പ്രസിഡന്റിന്റെ റൂമില്‍ കൊണ്ടിട്ടു.. ഉത്തരവാദിത്തങ്ങള്‍ ബേര്‍ഡനാവരുത്, അവ കാരണം ഇനിയിങ്ങനെ ഞാന്‍ ക്ഷണിച്ചവരെ റിസീവ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ എക്സ്പ്ലൈന്‍ ചെയ്തു.. നീ കൂടെയുണ്ടാവും എന്ന് പറഞ്ഞിട്ടല്ലേ സെക്രട്ടറി പോസ്റ്റെടുത്തത് സുചൂ ന്ന് ശ്യാം.. അതിനെന്താ കൂടെയില്ലാന്ന് ഞാന്‍ പറഞ്ഞോ? സുചു മുന്‍പും എല്ലാറ്റിനും ഉണ്ടായിരുന്നില്ലേ, എവിടുന്നെങ്കിലും മുങ്ങിയിട്ടുണ്ടോ.. അതല്ല നീ ടീമില്‍ വേണം, അഭിപ്രായങ്ങള്‍ പറയാനും സ്റ്റേണായി നില്ക്കാനും കഴിയുന്നൊരാള്‍ നീയാണെന്നെ സോപ്പടിച്ചു..ഈ വര്‍ഷം നമുക്കൊരുപാട് പദ്ധതികള്‍ ഉണ്ടെന്നും..ഞാന്‍ അധികം എതിര്‍ത്തില്ല.. പ്രസിഡന്റ് അനില്‍ സാറും പിറ്റേന്ന് വിളിച്ച് കാര്യമായി പറഞ്ഞു..ഞാന്‍ രാജി വിഴുങ്ങി.. ആ പോസ്റ്റില്‍ ഞാന്‍ കാലാവധി തികച്ചില്ല, ഇതിലും വലിയ പാരകള്‍ വീണ്ടും ഓരോന്നായി കിട്ടിത്തുടങ്ങി..ശ്യാമിനെ ഓര്‍ത്ത് മാത്രം ക്ഷമിച്ചു പലപ്പോഴും, ഒടുവില്‍ മതിയായി ഇറങ്ങിപ്പോന്നു,തിരിച്ചങ്ങോട്ടേക്ക് ഇനി പോകില്ലാന്നൊരു വാശിയോടെ.. സ്നേഹത്തോടെ വിളിച്ചവരെയെല്ലാം സ്നേഹത്തോടെ തിരിച്ചയച്ചു.. പലര്‍ക്കും പിന്നീട് പാരകളുടേയും വേദനയുടേം ആഴം ശരിക്കും മനസിലായി.. അവസാനത്തെ ഫങ്ങ്ഷന്‍ ശ്യാമും ഞാനും മുങ്കൈയെടുത്ത ഒരു കൈ എഴുത്ത് മാഗസീന്റെ (ഇന്നലെയുടെ കയ്യൊപ്പ്) പ്രകാശന ചടങ്ങായിരുന്നു.. അന്ന് പാതിവഴിക്കിറങ്ങിപ്പോയൊരു കവിത എഴുതി, യാത്രാമൊഴി എന്ന പേരില്‍.. ‘പലപ്പോഴായ് നിങ്ങള്‍ ദഹിപ്പിച്ചൊരെന്‍ അസ്ഥികള്‍ പെറുക്കിക്കൂട്ടി ഇന്നലെ ഞാന്‍ സ്വയം ഒഴുകിപ്പോയി.......’ എല്ലാം കൂട്ടിയെഴുതി ഓര്‍മ്മത്തെറ്റിലൊരു പോസ്റ്റായിതിനെ പുനര്‍ജനിപ്പിക്കണം..


കഴിഞ്ഞ രണ്ടു വര്‍ഷവും ഇളയമ്മയുടെ അടുത്ത് ഡി ആര്‍ ഡി ഓ യില്‍ ഓണാഘോഷത്തിനു പോയിട്ടുണ്ടായിരുന്നു.. ഇളയച്ഛന്‍ എപ്പോഴും കമ്മിറ്റിയില്‍ കാണും, ഓടി നടക്കണതും കാണാം.. സങ്ങീ ഇങ്ങു വാന്ന് വിളിക്കും, എത്ര തിരക്കുണ്ടായാലും പോവാതിരിക്കാന്‍ പറ്റില്ല.. അനിയന്‍ നീരജ് പല സ്കിറ്റും അവതരിപ്പിക്കാറുണ്ടവിടെ.. എന്തൊക്കെ ആണേലും നാട്ടിലെ ഓണത്തിന്റെ ഒരു ഗും വേറെ എവിടെയും കിട്ടില്ല, നാട്ടിലെ കാറ്റിനു പോലും ഓണത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഒരു ഗന്ധമുണ്ട്.. ചാനല്‍ മാറ്റി മാറ്റി പരിപാടികള്‍ കാണുന്നതിലും ഇഷ്ടം ആ മണം പിടിച്ചെടുക്കാനാണ്‌.. കഴിഞ്ഞ രണ്ട് ഓണക്കലത്തും നാട്ടില്‍ തന്നെ ആയിരുന്നു.. 2009 ലെ ഓണസമയത്ത് ചേട്ടന്റെ ആദ്യ പെണ്ണുകാണലിനു പോയി ഇവനാണോ ചെക്കന്‍ എന്ന ചോദ്യം കേട്ട് ചമ്മിയെങ്കില്‍ കഴിഞ്ഞ വര്‍ഷമത് ഒരുപാട് വിഭവങ്ങളും കൂട്ടി ഒന്നാം ഓണം ലിഡിയേടെ കൂടെ.. ഈ വര്‍ഷവും പെങ്ങടെ കൂടെ ആവട്ടെ എന്നു ക്ഷണിച്ചവള്‍, എന്നാലീ വര്‍ഷം നാട്ടിലേക്ക് തന്നെയില്ലാലോ.. ഓണത്തിന്റെ പിറ്റേന്ന് ചെന്ന് കയറുന്നതാവട്ടെ കല്യാണത്തിരക്കിലേക്കും.. കഴിഞ്ഞ തിരുവോണത്തിനു വീട്ടിന്നും സദ്യ നിറച്ചുണ്ടു.. ഇലയിട്ട്, ചോറുണ്ട് ,പാട്ട് കേട്ട് കിടന്നുറങ്ങി, ഓര്‍മ്മകളില്‍ വീണ്ടും എഴുന്നേറ്റു അങ്ങനെ അങ്ങനെ.. ഓര്‍മ്മളിലെങ്കിലും ഓണം ഇന്നും ഭദ്രമായിരിക്കുന്നത് ആര്‍ ചെയ്ത പുണ്യമാണാവോ..

---------------------------

ഓണക്കോടിയുടുത്ത്, പൂക്കളമിട്ട്, സദ്യയുണ്ട്, എല്ലാരോടും കളിച്ച് ചിരിച്ച് ആര്‍മ്മാദിച്ചൊരു പൊന്നോണമാവട്ടെ ഈ വര്‍ഷത്തേത് എന്നാശംസിക്കുന്നു.. 
 
സൈലന്റ് വാൽ: അടുത്തിടെയായി എഴുത്തൊക്കെ ഓർമ്മത്തെറ്റുകളാണ്‌, അതിനാൽ തന്നെ അവയുടെ ഇരിപ്പിടം ‘ഓർമ്മത്തെറ്റെന്ന’ ബ്ലോഗിലും.. ഓണം പ്രമാണിച്ച് അവിടെ പോസ്റ്റിയ ഒരുവനെ ചൂണ്ടയിൽ കോർത്തിവിടെ ഇടുന്നു..

Aug 21, 2011

സ്വത്വം കളഞ്ഞു പോയ ‘പെൺ’ഡുലങ്ങൾ


നിനക്ക്,നിന്റെ പോക്കു വരവുകളെ
അടയാളപ്പെടുത്തുന്നൊരു
പെൻഡുലം മാത്രമാകുന്നു ഞാൻ!

 
എന്റെ മൗനത്തിന്റെ കാണക്കയങ്ങളിൽ
കല്ലെറിഞ്ഞലകൾ തീർക്കുന്നത് പോലും
നിന്റെ ശബ്ദവീചികളെ കണ്ടെത്താനല്ലാതെ മറ്റെന്തിനാണ്‌?



ജീവിതത്തിന്റെ അർത്ഥമെന്നു പറഞ്ഞു
നല്കിയ ചരടിനു, സ്വത്വമില്ലായ്മയെന്ന-
യർത്ഥം കൂടിയുണ്ടായിരുന്നോ??


നെറുകയിൽ നിങ്ങൾ ആശംസിച്ചൊരോ
അരിമണിയും വെന്തചോറിന്റെ
ശാപം പേറിയിരുന്നുവോ??


എത്ര ജീവിച്ചാലും ചില ജീവികൾക്ക് (ജീവിതങ്ങൾക്ക്)
അതിജീവനത്തിന്റെ പുസ്തകത്താളുകളിൽ
പോലുമിടമില്ലെന്ന് ഞാനിന്നറിയുന്നു..



Jun 15, 2011

മറവിയിലേക്കൊരു യാത്ര



പുറത്തൊരു മഴ കഴിഞ്ഞ്
മരങ്ങള്‍, വെയിലിന്‍ പുതപ്പ് കൊണ്ട് തല തുവര്‍ത്തുന്നു..
ഇടയ്ക്കിടയ്ക്ക് വെള്ളം കുടഞ്ഞെറിയുന്നുമുണ്ട്..

സ്വപ്നങ്ങള്‍ ഊര്‍ന്നു പോയൊരു മഴമേഘമാണിന്നു ഞാന്‍!

തിരിച്ചയക്കണം,
നിന്നെ, എന്റെ മറവികളിലേക്ക്,
ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്തവണ്ണം..

Jun 8, 2011

സോറിക്കുണ്ടൊരു കുഞ്ഞാട്!


ഓര്‍മ്മത്തെറ്റില്‍’ (ഹതെന്റെ വേറെ ബ്ലോഗാ) പോസ്റ്റ് ചെയ്ത ഈ ഓര്‍മ്മത്തെറ്റ് വായിച്ചൊരു സുഹൃത്ത്, ഇവിടെ പോസ്റ്റിയാലെന്താ, അതിലൊരു സന്ദേശമില്ലേന്ന് വിളിച്ചു ചോദിച്ചു.. അതു വേണോ എന്ന് ശങ്കുണ്ണിയായപ്പോള്‍, ചെയ്യടാ മോനേന്ന്.. ചിലതൊക്കെ എല്ലാരും അനുഭവിക്കണം എന്നാവും..  ഈ ഓര്‍മ്മത്തെറ്റിനുള്ള അടിയൊക്കെ അയക്കാനുള്ള വിലാസം ഞാന്‍ തന്നേക്കാം..


സോറി ഒരുത്തരമല്ല, എന്നാല്‍ പലപ്പോഴും ഒരു പരിഹാരമാണ്‌.. അത് കേവലമൊരു വാക്കല്ല, കീഴടങ്ങലുമല്ല, അതിനുമപ്പുറത്തെവിടെയോ ആണതിന്റെ സ്ഥാനം.. ഞാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കതാണെന്ന് കരുതുന്നു (താങ്ക്സല്ലെന്നുറപ്പാ).. നമ്മുടെ ഈഗോയുടെ തടവറയ്ക്കുള്ളിരുന്നു ശബ്ദമില്ലാതെ ഒടുങ്ങിപ്പോവാനാണ്‌ പലപ്പോഴും അതിന്റെ വിധി.. നഷ്ടപ്പെട്ടു പോയേക്കാവുന്നവയില്‍ കുറെയെങ്കിലും തിരിച്ചു തന്നതിനാലാവണം ഇന്നും ഈഗോ കാണിക്കാതെ ആ വാക്കുച്ചരിക്കാന്‍ എനിക്ക് തോന്നുന്നതും.. ആ ശീലം തുടങ്ങിയിട്ട് അധികവര്‍ഷങ്ങളായിട്ടില്ലെന്നോര്‍മ്മ..


 
ലോകത്ത് മടുക്കാത്തതെന്തെന്ന് ചോദിച്ചാല്‍ ഇന്ന് (ഇനിയെന്നും!) രണ്ടാമതൊന്ന് അലോചിക്കേണ്ടി വരില്ല, കൈയിലുള്ള ഉത്തരം സൗഹൃദം എന്നു തന്നെയാണ്‌.. കുറെക്കാലം മുന്‍പ് മറ്റെന്തെങ്കിലും ആയിരിക്കും, ചിലപ്പോ ഉത്തരം മുട്ടിയിട്ടുമുണ്ടാകും.. സൗഹൃദത്തിന്റെ തൈകള്‍ ഹൃദയത്തിലേക്ക് പറിച്ചു നട്ടത് ഡിഗ്രിക്കാലത്തും.. പിന്നീടാ പച്ചപ്പില്‍ നിന്നകന്നു പോയിട്ടില്ല,മരങ്ങള്‍ തിങ്ങി നിറഞ്ഞൊരു കാടായി അതു വളര്‍ന്നു കൊണ്ടേയിരുന്നു.. സൗഹൃദത്തെ സൗഹൃദമായി വളര്‍ത്തി സൗഹൃദമായി തന്നെ നിലനിര്‍ത്തുകയെന്നൊരു മുദ്രാവാക്യം സിരസ്സിലന്നേ പിടിമുറുക്കിയിരുന്നു; അതിനു പല കാരണങ്ങളുമുണ്ട്, എന്നെങ്കിലും മറ്റൊരു ഓര്‍മ്മത്തെറ്റായി ഇവിടെ തന്നെ കുറിച്ചിടാം..



സീരിയസ് സൗഹൃദങ്ങള്‍ (എന്നു വച്ചാല്‍ ഹൈ ബൈ യില്‍ ഒതുങ്ങാത്ത) ആരംഭിക്കുന്നത് ഡിഗ്രിക്കാലത്തായിരുന്നുവെന്നു പറഞ്ഞുവല്ലോ.. അങ്ങനെയിരിക്കെ ഒരു സൗഹൃദം അതിരുകള്‍ ഭേദിക്കുന്നുവോ എന്നൊരു സംശയം.. അതിനു പരിഹാരമായി കണ്ടത് അടിയിട്ടകന്നു പോവുക എന്ന മുടന്തന്‍(ഈയൊരു വാക്കിലൊതുങ്ങില്ല ആ മുടന്തന്‍ പരിഹാരം) സൊലുഷനും.. പ്രായത്തിനനുസരിച്ചോ പോട്ട് അതില്‍ അല്പം കുറഞ്ഞോ (അല്പം കൂടുതല്‍ കുറഞ്ഞോ) പക്വത അന്നും ഇന്നും (എന്നും??) ഇല്ലാത്ത എന്റെ, പൊട്ട തീരുമാനം, അഭിയും ഞാനും തമ്മില്‍ അകന്നു പോവാന്‍ കാരണമായി, ഏതാണ്ട് രണ്ട് വര്‍ഷത്തോളം,ഡിഗ്രി കഴിയുന്നതു വരെ.. ഡിഗ്രി കഴിഞ്ഞ് എം എസ് സിക്ക് മദ്രാസിലേക്ക് വണ്ടി കയറുകയും, ആദ്യ സെമസ്റ്ററിന്റെ തിരക്കുകളില്‍ ഞാനകപ്പെടുകയും ചെയ്തു.. അഭിയെ പിന്നീട് കാണുന്നതാവട്ടെ ആ സെമസ്റ്റര്‍ കഴിഞ്ഞുള്ള ക്രിസ്മസ് അവധിക്കാലത്ത്, കുറച്ചു പേര്‍ മാത്രമുണ്ടായിരുന്ന ഒരു ഗെറ്റ് റ്റുഗദര്‍.. ജീവിതത്തിലാദ്യമായി സിന്‍സിയര്‍ ആയിട്ട്, അര്‍ത്ഥമുള്‍ക്കൊണ്ട് ഞാനൊരാളോട് സോറി പറഞ്ഞിട്ടുണ്ടാവുക അന്നു അഭിയോട് പറഞ്ഞതായിരിക്കും.. പഴയ പോലെ നല്ല സുഹൃത്തുക്കളാവാന്‍ അധികം കാലവും വേണ്ടി വന്നില്ല.. എങ്കിലും എന്തു കൊണ്ട് അന്നങ്ങനെ അടിയിട്ടു എന്നു വെളിപ്പെടുത്താന്‍ പിന്നെയും സമയമെടുത്തു.. പറഞ്ഞപ്പോഴാകട്ടെ, അവള്‍ പറഞ്ഞത്, ‘എട പൊട്ടാ, വിവരം പഠിപ്പില്‍ മാത്രമായിപ്പോയല്ലോ.. നിനക്കന്നേ ഇതു പറഞ്ഞിരുന്നെങ്കില്‍ സൗഹൃദത്തിന്റെ നല്ല രണ്ട് വര്‍ഷങ്ങള്‍ കളഞ്ഞു കുളിക്കേണ്ടിയിരുന്നോ??‘


അന്ന് ഒരു കാരണവുമില്ലാതെ ഞങ്ങള്‍ തമ്മില്‍ (അല്ല ഞാന്‍ മാത്രം!) അടിയിട്ടത് മനസിലാകാതെ പകച്ചു പോയ ഒരുപാട് നല്ല സുഹൃത്തുക്കളുമുണ്ട്, പലര്‍ക്കും ചോദിക്കാന്‍ പോലും മടിയായിരുന്നു, ചോദിച്ചവര്‍ക്ക് സാറ്റിസ്ഫൈഡ് ആയൊരുത്തരവും കിട്ടിയതുമില്ല(അങ്ങനെയൊരു ഉത്തരമുണ്ടായിട്ടു വേണ്ടെ!!).. ഇതെഴുതുമ്പോള്‍ പോലും മച്ചൂരിറ്റി തീരെ ഇല്ലാത്തെ ഒരു ചെക്കന്റെ ജാള്യത എന്റെ മുഖത്ത് വായിച്ചെടുക്കാം.. കഴിഞ്ഞ ജനുവരിയില്‍ അഭിക്കൊരു മകനുണ്ടായി, ഞാന്‍ വീട്ടിലേക്ക് വരുന്നതിന്റെ തലേന്ന്, പിറ്റേന്ന് അതിരാവിലെ(ഒന്‍പതരയ്ക്ക് എഴുന്നേല്ക്കുന്ന എനിക്ക് ആറ്‌ മണിയെന്നത് അതിരാവിലെ തന്നെയാണ്‌) ഒരു കാള്‍, ‘ഡാ ചെക്കാ എനിക്ക് മോനുണ്ടായി കേട്ടോ’.. ‘ഉവ്വോ അപ്പോ ഈ വീട്ടില്‍ വരവില്‍ അങ്ങെത്തിയേക്കാം.. മോനെക്കൊണ്ട് മേല്‍ മൂത്രമൊഴിപ്പിക്കരുത്’ എന്നൊരു മുങ്കൂര്‍ ജാമ്യവും എടുത്തു.. ‘പോട തെണ്ടീ നിന്റെ മക്കളാവും അങ്ങനെയൊക്കെ ചെയ്യുകയെന്ന്’ അവള്‍..

മൂന്ന് സഹപാഠികളോടൊപ്പം വീട്ടില്‍ പോയി.. ‘കഴിഞ്ഞ വരവിനു കൊണ്ടു തന്ന എന്‍ഡോസള്‍ഫാനും ഫുറുഡാനും തളിച്ച ആപ്പിളും ഓറഞ്ചും മുന്തിരിയുമൊക്കെ കഴിച്ചതോണ്ടാവും കുഞ്ഞുവാവ നിന്നെ ശല്യം ചെയ്യാതെ ഫുള്‍ടൈം ഉറങ്ങണത്’ പതിവു ശൈലിയില്‍ ഞാന്‍.. ‘നമ്മുടേം നമ്പറു വരും മോനെ,അന്നിതിനൊക്കെ എണ്ണി എണ്ണി പകരം ചോദിക്കുമെന്ന’ അത്യുഗ്രന്‍ തിരിച്ചടി.. കൊണ്ടും കൊടുത്തും (സംഘാംഗങ്ങള്‍ മുഴുവനും ഫെമിനിസ്റ്റായതിനാല്‍ ഒരു കൈ സഹായത്തിനു അഭിയുടെ അമ്മയെ വിളിക്കേണ്ടി വന്നുവെന്നതാണ്‌ പച്ചയായ സത്യം) സമയം പോയതറിഞ്ഞതേയില്ല.. സുഹൃത്തുക്കളില്‍ പലര്‍ക്കും പഴയതിലും ദൃഡമായ ഞങ്ങളുടെ ഫ്രന്റ്ഷിപ്പിന്റെ ഗുട്ടന്‍സ് ഇന്നുമജ്ഞാതം..(അവരില്‍ ചിലരിവിടെ ഉണ്ട്,ഒരു മൗസ് ക്ലിക്കില്‍ തുറയ്ക്കാനും അടയ്ക്കാനും കഴിയുന്ന ജാലകത്തിന്റെ മറവില്‍ ഒളിഞ്ഞ് നിന്നു വായിക്കുന്നുണ്ടാവണം.. അഭിയെന്ന ഫാള്‍സ് നെയിം ഒന്നും അവര്‍ക്കൊരു മറയാകില്ല).


ചില വാക്കുകള്‍ക്ക് നന്മയെന്ന മന്ത്രത്തിന്റെ ശക്തിയുണ്ടെന്ന് കരുതുന്നു.. അവ ഉച്ചരിക്കപ്പെടാതെ പോവുന്നിടത്താണ്‌ നമ്മുടെ പരാജയം; ഓര്‍ക്കുക മന്ത്രമല്ല, നമ്മളാണ്‌ അപ്പോഴും പരാജയപ്പെടുന്നത്..


മുന്നാ ഭായിയെ (ഹിന്ദി സിനിമ-മുന്നാഭായി എം ബി ബി എസ്.. വിളിക്കുമ്പോ ഒരു ഡാക്കിട്ടറെ തന്നെ ആവണതല്ലെ നല്ലത്!!) വിളിച്ചു വരുത്തി സംഗ്രഹിച്ചാല്‍ “അരെ മാമു സോറി ബോല്‍നെ കാ, ക്യാ? സോറി ബോല്‍നെ കാ”..
--------------------------------

സോറിക്കുണ്ടൊരു വാല്‍: ഈ എഴുത്തിനു എല്ലാരോടുമായിട്ട് ഐ ആം ദ സോറി അളിയാ ഐ ആം ദ സോറി.. സമയം പോയത് തല്ലിയാല്‍ തീരുമെങ്കില്‍ അങ്ങനെ ആവട്ടെ.. 

Jun 6, 2011

ഉപ്പിലിട്ടത്




ഓര്‍മ്മകളെ,
നെല്ലിക്കയെന്നപോലെ ഓരോന്നായെടുത്ത്
തുടച്ചു മിനുക്കി ഉപ്പിലിട്ടു വയ്ക്കണം
ഇടയ്ക്കെടുത്ത് രുചിച്ച് നോക്കണം


ഉപ്പു പോരായെന്ന് പരാതി പറയണം
തീരുന്തോറും പുതിയ ഓര്‍മ്മകളെ ഉപ്പിലിടണം,
അടുത്ത ദിവസത്തേക്ക്,അതിനടുത്ത ദിവസത്തേക്ക് ..


May 27, 2011

മുറിവ്


പിന്തുടരാൻ ഒട്ടുമിഷ്ടമില്ലാഞ്ഞിട്ടും      
ഞാനറിയാതെ പിന്തുടർന്നു പോവുന്ന
കാലടികൾ ആരുടേതാണ്‌?

കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടും
എന്റെ രാത്രികളിൽ നിറയ്ക്കുന്ന
സ്വപ്നങ്ങളാരുടേതാണ്‌?

സ്നേഹിക്കാതിരിക്കാൻ സ്വയം
വാശിപിടിച്ചിട്ടും എന്നിൽ സ്നേഹപ്പൂക്കൾ
വാരിവിതറുന്നതാരുടെ കൈകളാണ്‌?

May 14, 2011

പക്ഷിയുടെ മരണം


പറവയ്ക്ക് ചിറകുകളാണെല്ലാം.
മോഹങ്ങളും സ്വപ്നങ്ങളും,
അതിന്റെ സ്വാതന്ത്ര്യവും അവയല്ലാതെ മറ്റെന്താണ്‌?

തിരിച്ചറിവുണ്ടായിട്ടും
സ്വയം ചിറകുകള്‍ അരിഞ്ഞു വീഴ്ത്തുകയാണിന്ന് !
സ്വാതന്ത്ര്യങ്ങളുടെയും സ്വപ്നങ്ങളുടെയും
ആകാശത്തില്‍ നിന്നുമൊരു തിരിച്ചു പോക്ക്
താഴേക്ക് വീണ്ടും താഴേക്ക്..

അസ്വാതന്ത്ര്യങ്ങളുടെ, യാഥാര്‍ത്ഥ്യങ്ങളുടെ,
തീച്ചൂളയിലേക്ക് നിപതിക്കും മുന്‍പ്
ഞാനൊന്നു കുതറിയിരുന്നുവോ
പറക്കാന്‍ ശ്രമിച്ചിരുന്നുവോ??

May 10, 2011

വിധി (അയോദ്ധ്യയുടെ അല്ല)


സമ്മാനം

വിധിയെ പഴിക്കുമ്പോഴും
അതിന്റെയൊരു സമ്മാനം
ഞാൻ പ്രതീക്ഷിക്കുന്നുണ്ട്;
ഒരു പക്ഷേ ഒരിക്കലും
മറക്കാനാവാത്ത ഒന്ന്..



വിധിയെക്കുറിച്ച് മുൻപ് ഡയറിയിൽ കുറിച്ചിട്ടത് ഇപ്രകാരവും....


എന്നെ പിന്തുടരുന്നത്
വിധിയെന്ന വാക്കോ
അതോ അതു തീർത്ത നിങ്ങൾ തന്നെയോ?

------------------------------
സമ്മാനം എഴുതിക്കഴിഞ്ഞപ്പോൾ നെഗറ്റീവിൽ നിന്നും പോസറ്റീവിലേക്കുള്ള പ്രയാണത്തിന്റെ അമ്പരപ്പ്.. ഇനി അതു തന്നെയായിരുന്നോ യഥാർത്ഥ സമ്മാനം??

Apr 28, 2011

ന്നാലും ന്റെ ഗംഗേ എന്നോടിത് വേണ്ടായിരുന്നു!


“അതെന്താ അല്ലിക്കാഭരണം എടുക്കാന്‍ ഞാങ്കൂടെ പോയാല്‌? വിടമാട്ടേന്‍, വിടമാട്ടേന്‍.. അയോഗ്യ നായേ, ഉന്നെക്കൊന്ന് ഉന്‍ രക്തത്തെക്കുടിച്ച്”
“ഗംഗേ”.. പ്ധീം.. കട്ടിലൊന്നുലഞ്ഞു..


"ആഹ്,അമ്മേ.. ചവിട്ട് കൊണ്ട് നിലത്തു വീണ്‌ കിടന്നലറുന്ന ടീംസ് സ്വന്തം ചേട്ടനാണ്‌.. "ഡാഷെ, എന്നാ ചവിട്ടാടാ ഇത്? ഉറക്കത്തിലാണോടാ ദേഷ്യമുണ്ടേല്‍ ചവിട്ടിത്തീര്‍ക്കുന്നത് കോപ്പെ!!"

“എന്താടാ എന്താ പറ്റിയെ?നീയെങ്ങനെ നിലത്ത് വീണു?”
“അമ്മേടെ പുന്നാര മോന്‍ ഗംഗേന്നും വിളിച്ചെന്നെ ചവിട്ടിയിട്ടതാ!”

“ഗംഗയോ? അതാരാ?ആരാടാ ഈ ഗംഗ?”

“എന്തോ ചുറ്റിക്കളിയാമ്മെ,അല്ലാണ്ടിമ്മാതിരി കാറല്‍ ഉണ്ടാവില്ല.. ഹമ്മേ എന്തൊരു വേദന.. എന്നാലും കരക്റ്റ് നടൂന്‌ തന്നെ ചവിട്ടിയല്ലോ അതും ഉറക്കത്തില്‍.. ഏത് മറ്റവളാണാവോ ഈ ഗംഗ, അവളു പണ്ടാരടങ്ങിപ്പോകത്തെ ഉള്ളൂ”.. എരിതീയില്‍ പെട്രോളൊഴിക്കാന്‍ അല്ലേലും ചേട്ടന്‍ പണ്ടെ ബെസ്റ്റാണല്ലോ..


“ഇങ്ങളൊന്നിങ്ങ് വന്നെ മാഷെ,ഇവനോട് ചോദിച്ചാട്ടെ എന്താ കാര്യം ന്ന്..”
“നീ തന്നെ അങ്ങ് ചോദിച്ചാ മതി, ചുറ്റിക്കളിയൊക്കെ പറയിക്കാന്‍ നീ തന്നെയല്ലെ ബെസ്റ്റ്”..

“എന്തോന്ന് ചുറ്റിക്കളി!!”..ഞാന്‍ പകുതി അടഞ്ഞ മിഴികള്‍ രണ്ടും തിരുമ്മി.. “ഞാന്‍ ഇന്നലെ പാതി രാത്രി പണ്ടാരടങ്ങാനായിട്ട് ആ മണിച്ചിത്രത്താഴ് ഒന്നൂടെ കണ്ടതാ.. അതിന്റെയാമ്മെ,അല്ലിയും ഗംഗയുമൊക്കെ.. അല്ലാണ്ടൊന്നുമില്ല”..


“ങെ അപ്പോ അല്ലിയുമുണ്ടോ? ഗംഗ പോരാഞ്ഞിട്ടാ.. അമ്മേയിത് ചുറ്റിക്കളി തന്നാട്ടാ.. ഇങ്ങളെനിക്ക് കല്യാണം ശരിയാക്കണേനു മുന്നെ ഇവനെ പിടിച്ച് കെട്ടിക്ക് കേട്ടോ. ഇല്ലേല്‍ ചെക്കന്‍ കൈവിട്ടോകും”..

ലവനു രാവിലന്നെ വേറെ പണിയൊന്നുമില്ലേ? കിട്ടിയ ചവിട്ടും കൊണ്ടവിടെ അനങ്ങാണ്ട് കിടന്നാപ്പോരെ, ചേട്ടനായിപ്പോയി, ഇല്ലേല്‍ രണ്ടെണ്ണം കൂടി കൊടുത്തേനെ..


“ഒന്നു പോടപ്പാ,ഒരു ചുറ്റിക്കളി.. 28 ആം പിറന്നാള്‍ ഇങ്ങടെയെല്ലാം കൂടെ പായസം കൂട്ടി ആഘോഷിക്കാം ന്നു കരുതി ഇങ്ങ് വന്ന എന്നെ പറഞ്ഞാ മതിയല്ലോ”..

“കേട്ടാ അമ്മേ,അവനിരിപത്തെട്ടായീന്ന്, വേഗം നോക്കിത്തുടങ്ങിക്കോ.. എന്നാലും ആരാപ്പാ ആ ഗംഗ.. ഹോ എന്തൊരു ചവിട്ട്” ചേട്ടന്‍ അടുത്ത ആപ്പുമടിച്ച് നടുവും താങ്ങി കോലായിലേക്ക്..


“ഏയ് മാഷെ,ഇങ്ങളിത് കേട്ടില്ലേ..ഇവനു ഇരുപത്തെട്ടായീന്ന്”..
“അത് മിനിഞ്ഞാന്നായില്ലേ,സദ്യ വിത്ത് പായസം കഴിച്ചതുമല്ലേ.. അതിനിപ്പം എന്താ?”

“ഒന്നൂല്ല.. സന്ദിക്ക് കല്യാണം നോക്കണേന്റെ കൂട്ടത്തില്‍ ഇവനേം ചേര്‍ക്കാനായീന്ന്.. അല്ലേങ്കില്‍ ഗംഗേം അല്ലിയൊക്കെ കൂടി ഇങ്ങു കേറി വരും.. പറേന്നത് മനസിലാവുന്നുണ്ടോ? അല്ലിങ്ങളടുത്താഴ്ച റിട്ടയര്‍ ആവുന്നല്ലേ.. അപ്പോ പിന്നെ ഇതന്നാവട്ടെ പണി!!”


“ശരി ടീച്ചറേ, ഓനും നോക്കിക്കളയാം..നി പോയി പുട്ടുണ്ടാക്ക്”.. റിട്ടയര്‍മെന്റ് ജീവിതം ഒരു വഴിക്കായ സന്തോഷത്തില്‍ അച്ഛന്‍ പത്രോമെടുത്ത് കോലായിലേക്ക് നടന്നു..

“ഇങ്ങക്കെല്ലാം കളിയാ.. ആരെയെങ്കിലും കൂട്ടി ചെക്കനിങ്ങ് കേറി വരുമ്പൊ മനസിലാവും”.. ടീച്ചര്‍ അഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കികെട്ടി പതിയെ അടുക്കളയിലേക്ക്..


ജീവിതം ഒരരുക്കായ സ്ഥിതിക്ക് ടൂത്ബ്രഷുമെടുത്ത് ഞാന്‍ ബാത്റൂമിലേക്കും.. രാവിലന്നെ ചായേം കുടിച്ച് വടകര പോയി വൈകീട്ടേക്ക് ബാങ്ക്ളൂര്‍ക്ക് ടിക്കറ്റെടുക്കണം, നാളത്തെ ടിക്കറ്റ് കാന്‍സലടിച്ചേക്കാം.. ഇനിയും ഇവിടെ ഇരുന്നാല്‍, വല്ല സ്വപ്നോം കണ്ടാല്‍ ചെലപ്പോ നാളെത്തന്നെ ലൈഫ് ഒരു സൈഡായീന്ന് വരും.. ഏത് നേരത്താണാവോ പായസോം കൂട്ടി വീട്ടീന്ന് പിറന്നാളുണ്ണാന്‍ തോന്നിയത്!! ന്നാലും ന്റെ ഗംഗേ!
-----------------------------------------------------------


പുലിവാല്‍: അച്ഛന്‍ റിട്ടയറായിട്ട് സമയം പോക്കാനാന്ന് തോന്നുന്നു, മ്മടെ ബ്ലോഗ് വായിക്കുന്നു.. തുടക്കത്തിലേ തടഞ്ഞില്ലേല്‍ വന്‍ പ്രശ്നാ!! ചേട്ടനെ പിന്നെ പണ്ടെ സൈഡാക്കീതാ! അമ്മയെ സോപ്പിടലെ രക്ഷയുള്ളൂ, അല്ലെങ്കില്‍ ബ്ലോഗിന്റെ സ്ഥാപര ജംഗമവസ്തുക്കളൊക്കെ അങ്ങ് എഴുതി മേടിക്കും..

Apr 14, 2011

Lost in silence

വാക്കുകൾക്കിടയിലെ മൌനത്തിൽ
നഷ്ടപ്പെട്ടത്‌ കൊണ്ടാവുമോ,
വാക്കുകളിൽ തിരഞ്ഞിട്ടും തിരഞ്ഞിട്ടും
നിന്നെ എനിക്ക്‌ കണ്ടെത്താനാവാത്തത്!!

Mar 25, 2011

നഖക്ഷതങ്ങൾ



ഇന്നലെയെന്റെയൊരു കൂട്ടുകാരന്‍ പറഞ്ഞത്, 

കൂട്ടുകാരന്‍: ആ പോളച്ചന്‍ നീരാളി ചത്തുപോയത് വല്യ അടിയായിപ്പോയി..

ഞാന്‍: അതെന്താടാ?

കൂട്ടു: അല്ലാ ആ ചങ്ങായി ഇണ്ടായിരുന്നേല്‌ ഓനെക്കൊണ്ട് ഈ വേള്‍ഡ്‌കപ്പും പറയിക്കാരുന്നേ..

ഞാ: ഓഹ് അങ്ങനെ..എന്നിട്ടെന്തിനാ ത്രില്‍ പോയ്പ്പോവൂല്ലെ??

കൂട്ടു: ഫാ, ഇന്റെയൊരു ത്രില്ല്.. മനുശനിവിടെ ടെന്‍ഷനടിച്ച് പണ്ടാരടങ്ങി.. അതുമല്ല പിന്നേം ഇണ്ട് പ്രശ്നം..

ഞാ: അതെന്തുവാടാ വേറെ പ്രശ്നം??

കൂട്ടു: അല്ലാ,ഇന്നലെ കളി കണ്ടിട്ട് ഞമ്മളെ രണ്ട് കയ്യിലെ നഖോം തീര്‍ന്ന് കിട്ടി.. ഇനി പാക്കിസ്ഥാനുമായുള്ള മാച്ചിന്‌ ഞാനെന്താക്കും?? കാലിന്റെ നഖം കടിക്കണോ??


ഇന്നലെ കളി കാണാത്തത് കൊണ്ട് മാത്രം ഏസ്കേപ്പായ എന്റെ നഖങ്ങള്‍ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു, ഇനിയും എത്ര നാളത്തേയ്ക്ക്!!
--------------------

വാലും തലയും: ആരാണ്ടാ ആ കൂട്ടുകാരന്‍ എന്നൊന്നും ചോദിക്കരുത്.. ചങ്ങായി നന്നാവാത്തത് കൊണ്ട് കണ്ണാടി വച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.. അത്രന്നെ..  ;-)

സ്വപ്നം



ഒരു സ്വപ്നമുണ്ട്;

മനസിനുള്ളിലേക്ക് നേരിട്ട്
കാണാൻ കഴിയും വിധം സുതാര്യ-
മായൊരു കുമിളയാവണം

സത്യമെന്നാണയിടാതെ-
യൊരു സത്യം പറയാൻ കഴിയണം

Mar 22, 2011

സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി

ഈ മാര്‍ച് മൂന്നാം തിയതി അന്തരിച്ച പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണനെക്കുറിച്ച് ബോധിക്ക് വേണ്ടിയെഴുതിയ അനുസ്മരണക്കുറിപ്പ്‌ ഇവിടെ വായിക്കാം.

Feb 12, 2011

കുടിച്ചത് ഞാനോ അതോ....


ആദ്യമൊന്നു മണത്ത്,
തൊണ്ടയിൽ തീയാളിച്ച്
പതുക്കെ പതുക്കെ അവനെന്നെ
കുടിച്ചുകൊണ്ടിരുന്നു..

പിന്നെ എഴുന്നേറ്റ് നിലത്തുറയ്ക്കാതെ
വേച്ച് വേച്ച് മുന്നോട്ടാഞ്ഞ്
കുടലിനെ വലിച്ച് പുറത്തിട്ട് നിലത്തമർന്നു..

എന്നിട്ടും മതിവരാതെ നവപുലരിയിലെൻ
തല കുത്തിനോവിക്കുന്നു..


===============================
‘വാൾ’ക്കഷ്ണം: പണ്ടൊരിക്കൽ പൂസാവുന്ന സ്റ്റേറ്റ് (കേരളസ്റ്റേറ്റല്ലാട്ടാ), എന്താണെന്നൊന്നറിയണമെന്നു- ണ്ടെന്ന് വെറുതെ പറഞ്ഞപ്പോൾ എന്നെ ഒരുപാട് ശകാരിച്ച ദിനേഷേട്ടനു (ബ്ലോഗ് തുടങ്ങാൻ കാരണവും ഇതേ ദിനേഷേട്ടൻ തന്നെയാണ്‌) ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.. ഒരു അടുത്ത റിലേറ്റേവീന്റെ കഥ വിവരിച്ച് കൊണ്ട് അങ്ങനെ ആലോചിക്ക പോലും അരുതെന്ന് ചേട്ടൻ പറഞ്ഞു... ചില സ്നേഹബന്ധങ്ങളുടെ വീര്യം സിരകളിലൊഴുകുമ്പോൾ മറ്റ് വീര്യങ്ങളെന്നെ കീഴടക്കുന്നതെങ്ങനെ??



നിരീക്ഷിച്ചവര്‍