Oct 31, 2011

മകൾ

സ്വപ്നത്തിന്റെ കുന്നിറങ്ങുമ്പോള്‍ മകള്‍ ചിരിക്കുന്നുണ്ടായിരുന്നു.. കാതിലെ വെള്ളിക്കമ്മലുകള്‍ ചിരിക്കൊപ്പം താളാദ്മകമായി കിലുങ്ങി.. സായാഹ്നസന്ധ്യ ഒളിമിന്നിയ മണലില്‍ കുഞ്ഞിക്കാലുകളൂന്നി എന്നേയും വലിച്ചു കൊണ്ടവള്‍ കടല്‍ത്തീരത്തേക്ക് നടന്നു.. അവളുടെ സ്നേഹത്തിന്റെ കൈപ്പിടിയില്‍ ഞാനവളേക്കാള്‍ കുട്ടിയായി മാറി..

തിരകള്‍ ഞങ്ങളെ കൈ തട്ടി വിളിച്ചു, കാലുകളില്‍ സ്നേഹത്തിന്റെ ചാലുകളായെത്തി, ഒന്ന്‌ തൊട്ട്,‌ ഊര്‍ന്നിറങ്ങി വീണ്ടും നനച്ചു.. അമ്മയെക്കണ്ടത്‌ പോലെ മകളാര്‍ത്ത്‌ ചിരിച്ചു..


‘ഞാനിത്തിരി പൂഴിയില്‍ കളിച്ചോട്ടെയച്ഛാ!’ അവള്‍ പതിവില്ലാത്തവിധം കൊഞ്ചി.. തിരകെളത്താത്ത ഒരിടത്തേക്ക്‌ മകളെന്നെ തള്ളിയിരുത്തി, തിരകളുടെ അടുത്തേക്ക്‌ ഓടിയടുത്തു.. അതോ തിരകള്‍ അവളുടെ അടുത്തേക്കോ??


മണലില്‍,പഠിച്ച അക്ഷരക്കൂട്ടങ്ങളെ നിരത്തിയെഴുതി അവള്‍ കളിക്കുകയാണ്‌.. തിരകളവ ഓരോന്നായി ഏറ്റു വാങ്ങി, ഒരമ്മ മകളുടെ സ്ലേറ്റിലെ അക്ഷരക്കൂട്ടങ്ങളെ മായ്ച്ച് കളയുന്നത് പോലെ.. mom, dad, hope, dream അക്ഷരക്കൂട്ടങ്ങള്‍ക്കൊരു കഥ പറയാനുണ്ടായിരുന്നോ??

മായ്ക്കുന്തോറും, പിന്നേയും പിന്നേയും ആവേശത്തോടെ അവള്‍ എഴുതിക്കൊണ്ടിരുന്നു.. കടലെടുക്കാത്ത ബാല്യകാല സ്മരണകളില്‍ മുങ്ങി നിവര്‍ന്ന്‌ ആസ്വദിച്ചു കൊണ്ട് ഞാന്‍ നിലത്ത് കൈയൂന്നിയിരുന്നു..

പൊടുന്നനെ ആരോ നീട്ടി വിളിച്ച പോലെ ഒരു സ്വ്പ്നത്തിലെന്നവണ്ണം അവള്‍ കടലിലേക്ക് ഇറങ്ങി നടന്നു തുടങ്ങി.. മോളേ എന്ന എന്റെ ആര്‍ത്തനാദങ്ങളെ പിന്നിലാക്കി അമ്മയുടെ മടിത്തട്ടിലേക്കെന്നവണ്ണം അവള്‍ കുതിക്കുകയാണ്‌.. കാലുകള്‍ പിടിച്ച് വച്ച് തീരം എന്നെ തടയുന്നു.. തിരകളുടെ ശക്തി കൂടി വരുന്നത് പോലെ.. അവളെ തൊട്ടിലാട്ടിക്കൊണ്ട് ഒരു തിര കുതിച്ചു വന്നു, മോളേയെന്ന വിളി പുറത്തു വരാത്ത രോദനമായി ഉള്ളിലലയടിച്ചു.. യാത്ര പറയാനെന്നവണ്ണം ഒരു നിമിഷം അവള്‍ കൈകളുയര്‍ത്തി, മുഖം തിരിച്ചു.. അപ്പോളവള്‍ക്ക് നിന്റെ ഛായയുണ്ടായിരുന്നു.

-------------------------

വിട: ബ്ലോഗില്‍ എത്തിയിട്ട്‌ രണ്ട്‌ വര്‍ഷത്തിലേറെയാവുന്നു.. സുഹൃത്ത്‌ ദിനേഷേട്ടന്റെ നിര്‍ബന്ധമായിരുന്നു ഇവിടെയെത്താനുള്ള പ്രധാന കാരണം; എഴുത്തിനെ പോഷിപ്പിക്കുകയെ അത്‌ ചെയ്തിട്ടുള്ളൂ.. ഒരിക്കലും ഇത്രയൊന്നും എഴുതാന്‍ കഴിയുമെന്നു പോലും കരുതിയിരുന്നില്ല.. ആ ഒരു സ്നേഹം എന്നും ചേട്ടനോടുണ്ടാവും.. എല്ലാം ഒരു മൂച്ചിനെഴുതിയത്‌.. എഴുതിയതിനെയെല്ലാം നല്ലതെന്നോ ചീത്തയെന്നോ വകതിരിവില്ലാതെ സ്വന്തം ഉണ്ണികളെപ്പോലെ സ്നേഹിക്കുന്നു.. അതേ പോലെ എഴുത്തിലൂടെ കിട്ടിയ സൗഹൃദങ്ങളേയും.. ഒരനിയത്തിയെ എഴുത്തിനിരുത്താനായി എന്നത്‌ ഏറെ സന്തോഷം.. അവളുടെ രചനകളും സ്നേഹവുമായിരിക്കും ബ്ലോഗെഴുത്തിലൂടെ ആകെ ചെയ്ത നന്മ..

ഇതെന്റെ അമ്പതാമത്തെ പോസ്റ്റ്, പോസ്റ്റാനായി എഴുതി മാറ്റി വച്ചത് ഇനിയും ഉണ്ട്.. എന്നാല്‍ പെട്ടെന്നു തോര്‍ന്നു പോയൊരു മഴമേഘം പോലെ ഇന്നിവിടെ നിര്‍ത്തുന്നു.. പറയാതെ പോയ പ്രണയം പോലെ ഒരു സുഖം പോസ്റ്റാതെയും എഴുതാതെയും പോവുന്ന സൃഷ്ടികള്‍ എനിക്ക് നല്കുമായിരിക്കും.. ചിലപ്പോഴിനി ഒരിക്കലും മനസില്‍ പോലും എഴുതിയില്ലെന്നും വരാം.. എഴുതിയത് മിക്കതും എനിക്ക് വേണ്ടി തന്നെയായിരുന്നു, ചിലപ്പോള്‍ അപൂര്‍വ്വമായി ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയിട്ടും.. അത്തരം ചില സൗഹൃദങ്ങള്‍ ഇന്നെന്റെ ഒപ്പമില്ല.. വിട്ടു പോയ അത്തരം സൗഹൃദങ്ങൾക്കായി ഞാനെന്റെ അക്ഷരക്കൂട്ടങ്ങളെ കടലിലേക്ക് തര്‍പ്പണം ചെയ്യുന്നു..

ബ്ലോഗില്‍ നിന്ന് ലഭിച്ച എല്ലാ സപ്പോര്‍ട്ടുകള്‍ക്കും സൗഹൃദങ്ങള്‍ക്കും നന്ദി.. എല്ലാവര്‍ക്കും സ്നേഹവും നന്മയും..

Oct 30, 2011

അമ്പത്‌ ഉറുപ്പിക കളയാത്ത ഇന്ത്യൻ റുപ്പി

കഴിഞ്ഞ ആഴ്ചത്തെ വീട്ടില്‍ പോക്കിലാണു ഇന്ത്യന്‍ റുപ്പി കണ്ടത്‌, അമ്പത്‌ ഉറുപ്പികയുടെ ടിക്കറ്റെടുത്ത്‌, അഞ്ചുറുപ്പികേടെ കടലയും കൊറിച്ച്‌, വടകര ജയഭാരതിലിരുന്ന്‌..

പണമില്ലാത്തവന്‍ പിണം, എന്നൊരു ആശയത്തില്‍ തുടങ്ങി, അത്‌ നേടാന്‍ എന്തും ആവാം എന്ന ആശയത്തോടെ വികസിച്ച്‌, പണത്തിലുമുപരി എന്തോക്കെയോ ഉണ്ടീ ഉലകത്തില്‍, പണത്തിനു മീതെയല്ല, ചില സ്നേഹങ്ങളുടെയും നന്മകളുടേയുമൊക്കെ മീതെ ഒരു പരുന്തച്ചനും പെരുന്തച്ചനും പറക്കില്ല എന്നൊരു കണ്‍ക്ലൂഷന്‍, ഇത്രെയെ ഇന്ത്യന്‍ റുപ്പി പറഞ്ഞുള്ളൂ!!

ഇരുട്ടി വെളുക്കുമ്പോഴേക്കും കോടീശ്വരനാവുക, അതിനിപ്പോ എളുപ്പം റിയല്‍ എസ്റ്റേറ്റ്‌ കളി തന്നെ.. എന്നാല്‍ രണ്ട്‌ നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും തോളില്‍ അതേ ആള്‍ക്ക്‌ മാറാപ്പ്‌ വച്ചു കെട്ടുന്നതും ഒരു കളിയാണു മോനേ ജെ പീ എന്നാരും പയ്യന്‍സിനു പറഞ്ഞു കൊടുക്കുന്നില്ല.. ചില സദാചാരങ്ങളുടെ മുഖമ്മൂടികളും പറിച്ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌ രഞ്ജിത്ത്‌.. അപ്പര്‍ ക്ലാസ്‌ സംസ്കാരം, ഡൗറി സിസ്റ്റം തുടങ്ങിയവയെ ഒന്നു തോണ്ടിക്കടന്നു പോവുന്നുണ്ട്‌ സംവിധായകന്‍..

പൃഥ്വിരാജിന്റെ സിനിമ എന്നെവിടെയും പറഞ്ഞു കേട്ടില്ല, നാട്ടിലും നെറ്റിലും തത്തിക്കളിക്കുന്ന ആ ഒരു നെഗറ്റീവ്‌ അപ്പ്രോച്ച്‌ ഒഴിവാക്കാനാവും.. രഞ്ജിത്തിന്റെ കയ്യടക്കം തന്നെയാണു അങ്ങോളമിങ്ങോളം നിറഞ്ഞു നില്ക്കുന്നത്‌..

ഇതില്‍ ഇഷ്ടമില്ലാത്ത സീന്‍ പൃഥ്വി മതില്‍ ചാടുന്നതാണു.. ഒരു ശരാശരി മലയാളിയുടെ മെയ്‌-വഴക്കമിന്നും പുള്ളിക്കില്ല.. വീട്ടിലേക്ക്‌ വരുന്ന വഴിക്ക്‌ മാണിക്യക്കല്ലായിരുന്നു ബസ്സില്‍ കാണിച്ച സിനിമ.. ഒരു നാട്ടിന്‍ പുറത്തെ സ്കൂള്‍ മാഷിന്റെ മെയ്‌-വഴക്കപ്രശ്നം അതിലുമുണ്ട്‌.. അതൊന്നും പക്ഷെ സിനിമയെ ബാധിക്കുന്നില്ല.. നല്ലൊരു കഥയുള്ളൊരു മോഹനന്‍ സിനിമ..

കുറേയേറെ കഥാപാത്രങ്ങളെ സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു അതും ‘ഇന്ത്യന്‍ റുപ്പി’ കൊണ്ട്‌.. എല്ലാവരുടേയും പ്രശ്നം കാശ്‌ തന്നെ എന്നത്‌ പുതിയ ലോകത്തോട്‌ എത്ര മേല്‍ ഒട്ടി നില്ക്കുന്നു ഈ സിനിമ എന്ന്‌ കാണിക്കുന്നു..

സിനിമ, ഒരു തുറന്ന്‌ പറച്ചിലിലൂടെ പറയുന്നതത്ര ദഹിച്ചില്ല, ആദ്യം കാണുന്ന ഒരാളോടുള്ള തുറന്നു പറച്ചില്‍, ആ തുറന്നു പറച്ചില്‍, അതിത്തിരി ഓവറായിപ്പോയില്ലെ രഞ്ജിത്തേ?

മലയാള സിനിമയില്‍ തനിക്ക്‌ മാത്രം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുണ്ടെന്ന്‌, താനിപ്പോഴും മലയാള സിനിമയ്ക്കൊരു മുതല്ക്കൂട്ടാണെന്ന്‌ തിലകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.. അളന്നു മുറിച്ച സംഭാഷണങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, ഇടറിയുള്ള തേങ്ങല്‍, ഒരു സിനിമാ ത്രെഡ്‌ ഇങ്ങനെയൊക്കെ ആണിവിടെ വികസിക്കുന്നത്‌..

ജഗതിയുടെ ഗോള്‍ഡ്‌ പാപ്പന്‍ തുടക്കം മുതലെ നമ്മെ വിസ്മയിപ്പിക്കുന്നു.. സ്കൂട്ടര്‍ ഇട്ടുള്ള ആ കളിയും, ഇടയ്ക്കുള്ള ഭാവമാറ്റങ്ങളും മതി ആ അഭിനയമികവ്‌ വിളിച്ചോതാന്‍.. മലയാളത്തിലെ എറ്റവും റേഞ്ചുള്ള നടന്‍ ആരെന്ന്‌ ചോദിച്ചാല്‍ ഇപ്പോഴും ഉത്തരം ജഗതീന്ന്‌ തന്നെയാവുന്നതിന്റെ കാരണവും മറ്റൊന്നല്ല..

ഈ പുഴയും എന്ന ഗാനം മികച്ചതാണെങ്കിലും സിനിമയിലതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നാണു അഭിപ്രായം.. റീമാ കല്ലിങ്കലിനെയും സിനിമ ആവശ്യപ്പെടുന്നില്ല.. പ്രാഞ്ചിയേട്ടന്റെ കയ്യടക്കം അല്ലെങ്കില്‍ പാലേരിമാണിക്യത്തിലെ സംവിധായക മികവ്‌ ഇവിടെയൊന്നു പാളി.. ചിലപ്പോള്‍ ജീവിതത്തിലെ നന്മകളെ പണത്തിനുപരി ആയിട്ട്‌ കാണിക്കാന്‍ വേണ്ടി പ്രണയം ഒന്നു കുത്തി വച്ചതാകാം രഞ്ജിത്ത്‌.. സാങ്കേതികതയിലും ചിത്രം മുന്നിട്ടു നില്ക്കുന്നു.. പക്ഷെ കാശൊന്നും കയ്യിലെടുക്കാനില്ലാത്ത ഒരാളുടെ വീടിനു ചേര്‍ന്ന കെട്ടും മട്ടുമല്ല ജെ പിയുടെ വീടിനെന്ന്‌ പറയാതെ വയ്യ.

വ്യത്യസ്ത പരീക്ഷണങ്ങളുമായി മലയാളത്തില്‍  ഒരു സംവിധായകന്‍ പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌ കാണുന്നത്‌ ആനന്ദദായകം തന്നെ.. പൃഥ്വി നായകന്‍ ആയത്‌ കൊണ്ട്‌ ആ വിദ്വേഷം സിനിമയോട്‌ പലര്‍ക്കുമുണ്ടാകാമെങ്കിലും, മുന്‍ വിധികളില്ലാതെ കാണുന്ന ഒരാളെയും അത്‌ ബാധിക്കില്ലെന്ന്‌ സ്വയം സാക്ഷ്യപത്രം.. ഈയൊരു ലൈഫ്സ്റ്റൈലിലേക്ക്‌ ഇണങ്ങിച്ചേരാന്‍ പൃഥ്വിക്കെളുപ്പം കഴിഞ്ഞിട്ടുണ്ട്‌.. ഉറുമിയിലെ പ്രകടനം എത്ര മോശമാണെന്ന്‌ പറയുന്ന അതെ നാവ്‌ കൊണ്ടിത്‌ പറയാനെനിക്ക്‌ മടിയില്ല.. പൃഥ്വിക്ക്‌ പകരം എന്ത്‌ കൊണ്ട്‌ ആര്യയെ തന്നെ ആ റോള്‍ ഏല്പ്പിച്ചില്ല എന്നന്നെ തോന്നിയിരുന്നു!! പിന്നെ സന്തോഷിന്റെ ഷോട്ടുകള്‍ മാത്രം കാണാനായിരുന്നു ആ സിനിമയ്ക്ക്‌ പോയതും.. കോഴിക്കോട് സെന്ററായുള്ള ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിനു പലപ്പോഴും കോഴിക്കോടന്‍ ഭാഷ മിസ് ആയിപ്പോവുന്നു.. കോഴിക്കോട് നിര്‍ത്താന്‍ ബ്രേക്ക് ചവിട്ടിയ ഒരു ബസ് കോട്ടയത്തൊക്കെ എത്തി നില്ക്കണ പോലെ.. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാഴ്ചവച്ച സൂക്ഷ്മാഭിനയം ഒക്കെ പൃഥ്വി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ..

പ്രാഞ്ചിയേട്ടനിലെപ്പോലെ തന്നെ സംവിധായക മികവാണു ഈ ചിത്രത്തേയും മികച്ചതാക്കുന്നത്‌.. റിനി ടോമിനെ പോലും വളിപ്പാക്കാതെ ഉപയോഗിച്ചിരിക്കുന്നു.. പ്രാഞ്ചിയേട്ടനില്‍ സംഭാഷണങ്ങളിലൂടെയും കാരക്റ്ററുകളിലൂടെയും മാത്രമാണു കഥ വികസിക്കുന്നതെങ്കില്‍, ഇതില്‍ ആദ്യം മുതലെ റിയല്‍ എസ്റ്റേറ്റ്‌ എന്നൊരു ത്രെഡ്‌ നില നില്ക്കുന്നുണ്ട്‌.. ചുരുക്കി പറഞ്ഞാല്‍ സംവിധായകന്‍ തന്നെയാണു ഒരു സിനിമ മികച്ചതാക്കുന്നതെന്ന്‌ രഞ്ജിത്ത്‌ വീണ്ടും തെളിയിച്ചിരിക്കുന്നു..

----------------------

സിനിമയെക്കുറിച്ച് അധികം അറിയാത്ത ഒരാളുടെ ആസ്വാദനം ആയിട്ടിതിനെ കരുതിയാല്‍ മതിയാവും.. ബ്ലെസിയും രഞ്ജിത്തുമൊന്നും പദ്മരാജന്റേയും ഭരതന്റേയുമൊന്നും (ഒരിക്കലും!) നിലവാരത്തിലേക്കുയരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.. മൂക്കീല്ലാ രാജ്യത്ത്‌ രാജാക്കന്മാരാവാന്‍ ചില മുറിമൂക്കര്‍ എങ്കിലുമുണ്ടല്ലോ എന്നൊരു ആശ്വാസം മാത്രം..

പോയി കാണാന്‍ പറഞ്ഞ മനോജേട്ടനു (നിരക്ഷരന്‍) താങ്ക്സ്..

Oct 29, 2011

നിഴലിന്റെ നിഴൽ

മറ്റുള്ളവരുടെ ജീവിതത്തിന്റെ
വെയിൽ കൊള്ളുന്നത് കൊണ്ടാവുമോ
എന്റെ നിഴലിന്നു
സ്വന്തം രൂപമില്ലാത്തത്??

അതോ

മറ്റുള്ളവരുടെ നിഴലിന്റെ
തണൽ പറ്റുന്നത് കൊണ്ടാവുമോ
എന്റെ ജീവിതത്തിനു
സ്വന്തം ജീവനില്ലാത്തത്??


Oct 20, 2011

കടൽത്തീരത്ത്‌


നിന്നെക്കുറിച്ചോർത്തോർത്ത്‌
കയറിച്ചെന്നതൊരു പുസ്തകശാലയിൽ!

ഭ്രാന്തമായി തിരയുകയായിരുന്നു,
തടിച്ച ചട്ടകൾക്കുള്ളിൽ,
വരികൾക്കിടയിൽ,
തുളുമ്പിപ്പോയ വാക്കുകൾ കൂട്ടത്തിലും!!

കണ്ടെത്തിയില്ല നിന്നെയൊന്നിലും..

ഒടുവിൽ ഒളിച്ചു കളി മതിയാക്കി
ചുമരിൽ തറച്ച ‘നിശബ്ദതയിൽ’ നിന്നും, നീ ഇറങ്ങി വന്നു!

പ്രണയത്തിന്റെ ഗൂഗിൾ സേർച്ചിൽ സൈലെൻസിനെ കണ്ടെത്തിയില്ലേയെന്നാർത്തു ചിരിച്ചു..

ഒരു നിശ്വാസമായി കാറ്റിലലിഞ്ഞ്‌ പതിയെ കൈപിടിച്ചു..

കാതിൽ, ശബ്ദമില്ലാത്ത വാക്കുകളാൽ സ്നേഹത്തിരമാലകൾ തീർത്തു..

ഓർമ്മകളെത്തേടി, മറവികളിൽ ഒരുമിച്ച്‌ വലയെറിഞ്ഞു..

ഒടുക്കം, മൗനത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്‌
വിരൽപ്പാടുകൾ പോലുമവശേഷിപ്പിക്കാതെ
വീണ്ടുമൊരു തിരിച്ചു പോക്ക്‌..

പ്രണയത്തിന്റെ മറ്റൊരു അർത്ഥം കൂടി മനസിലായെന്ന പോൽ,
എൻ ചുണ്ടിലൊരു തുമ്പച്ചിരി മാത്രം മായാതെ നിന്നു..

വായിച്ചു തീർക്കാനിനിയുമേറെയുണ്ട്,‌
അളന്നെടുക്കാൻ ആഴങ്ങളും..

------------------
ഓടോ: ആദ്യായിട്ടൊരു പോസ്റ്റിനു ഞാൻ തന്നെയെടുത്ത (സിംഗപ്പൂർ, സെന്റോസ ബീച്ച്‌) ഫോട്ടോയും അപ്ലോഡി :)

Oct 13, 2011

ഓർമ്മയിലൊരു സ്പ്ലാഷ്


ഇടയ്ക്കിടയ്ക്ക് കൈ നീട്ടി-നനച്ച് മഴയാസ്വദിച്ച് നീങ്ങുമ്പോഴാണു ഹൃദ്യമായ ആ കാഴ്ച എന്നെ ഓർമ്മളിലേക്ക് വലിച്ചിട്ടത്.. അച്ഛന്റെ കൈയും പിടിച്ചൊരു കുരുന്ന് റോഡിലെ വെള്ളം കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു നീങ്ങുന്നു.. ഇടയ്ക്കൊക്കെ തന്റെ മേലേക്ക് വെള്ളം തെറിക്കുന്നുണ്ടെങ്കിലും ആ അച്ഛനത് ആസ്വദിക്കുകയാണ്‌.. മഴ കൊള്ളാതിരിക്കാൻ മകനു മുകളിൽ കുടനീട്ടിപ്പിടിച്ച് കൊണ്ട് സ്വയം മഴയിലേക്കിറങ്ങി അവനെ പ്രോത്സാഹിപ്പിക്കുകയാണദ്ദേഹം; ദൂരത്ത് നിന്ന് എനിക്കോർമ്മകളുടെ കുടയും പിടിച്ചത് വേറെയാരുമായിരുന്നില്ല..


എന്റെ കുട്ടിത്തത്തേയും അച്ഛന്റെ സ്നേഹത്തേയും ദൂരെ നിന്ന് തൊട്ട പോലെ.. ആ കൈപിടിച്ച് എത്രയോ ചളിവെള്ളം തെറിപ്പിച്ചിരിക്കുന്നു.. എന്തിനു,  കുളിക്കാൻ കുളത്തിലേക്ക് പോവുമ്പോഴും ഉണ്ടാവും ഈ വെള്ളം തെറിപ്പിക്കൽ; അപ്രതീക്ഷമായിരിക്കും ആ ഒരു സ്പ്ലാഷ് അവതരിക്കുന്നത്.. ചിലപ്പോ ചെവിയിലൊക്കെ വെള്ളമാവും.. ചിലപ്പോഴോക്കെ ചേട്ടനും ഞാനും തമ്മിൽ ശക്തിമത്സരവും നടക്കും, ചിരിച്ച് കൊണ്ടച്ഛനതിൽ പങ്കു ചേരും,അപ്പോൾ രണ്ടാളും കൂടെ അച്ഛനെ നനയിക്കും.. മതിയിനി കുളിച്ചു കയറാം എന്നു പറയുമ്പോഴേക്കും ഒരുപാട് നേരം കഴിഞ്ഞിരിക്കും; ഇങ്ങനെയുമുണ്ടോ ഒരു കുളി എന്ന അമ്മയുടേ ശകാരം കേൾക്കാൻ തക്കവണ്ണം!!


ഇടയ്ക്കച്ഛൻ പറയാറുണ്ടായിരുന്ന, ചേട്ടന്റെ ചെറുപ്പത്തിലെ ഒരു തമാശയും ഓർമ്മയുടെ കുന്നിറങ്ങുന്നു.. പണ്ട് തലശ്ശേരി ബസ് സ്റ്റാന്റിൽ അച്ഛന്റേയും അമ്മയുടേയും കയ്യിൽ പിടിച്ച് നടക്കവേ,ചെറിയൊരു ചളിക്കുഴി കണ്ട് രണ്ടു പേരുടേയും കയ്യിൽ തൂങ്ങി ആ ചളിക്കുഴിക്ക് മീതെ പറന്നിറങ്ങിയത്.. അത് കണ്ടൊരു ഡ്രൈവർ ബസ് നിർത്തി ചിരിച്ചത്..

 
ഞാനുമൊരു നിമിഷത്തേക്ക് കുട്ടിയായി; സൈഡിലെ ചളിവെള്ളത്തിലേക്ക് കാലുനീണ്ടു, ഓർമ്മകളിലെ ചളിവെള്ളം തെറിപ്പിച്ചു കൊണ്ട് പടേന്നൊരു സ്പ്ലാഷ്! എന്നാലെന്റെ കൈ അയഞ്ഞു കിടന്നിരുന്നു, അച്ഛന്റെ പിടുത്തമില്ലാതെ.. കാലുകൾക്ക് എന്തെന്നില്ലാത്ത ഒരു ദുർബ്ബലത..

 
ആ അച്ഛനും മകനും വെള്ളം തെറിപ്പിക്കൽ തുടരുകയാണ്‌.. ഓർമ്മകളിലച്ഛന്റെ കൈപിടിച്ച് വെള്ളം തെറിപ്പിച്ച് ഞാനും അവരുടെ കൂടെ നടന്നു..

Oct 11, 2011

കവിത


 സ്വപ്നത്തില്‍ വന്ന്

സൂര്യോദയത്തില്‍ കണ്‍ മിഴിച്ച്,
യാത്ര പോലും പറയാതെ പോവുന്ന വരികളുണ്ട്..


ഒരു ഉറക്കത്തിന്റെ മാത്രം ആയുസ്സുള്ളവ;
പാദസ്പര്‍ശനങ്ങളുടെ ഓര്‍മ്മപോലും ബാക്കി വയ്ക്കാത്തവ!

എങ്കിലും, തിരികെ കിട്ടണേയെന്ന്
ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നവ

നിങ്ങളെയല്ലാതെ മറ്റെന്തിനെ 
ഞാന്‍ കവിതയെന്ന് വിളിക്കേണ്ടൂ?



Oct 7, 2011

നീയും ഞാനും



മിഴികളിലെയൊരശ്രു
നോവുകളുടെ കൈപിടിച്ച്
ചിന്തകളുടെ വേരിറങ്ങി
ജന്മാന്തരങ്ങളോളം തിരഞ്ഞു ചെന്ന്
ഒടുവിൽ,

എന്നിലെ നീയെന്നൊരുത്തരമായി തിരിച്ചെത്തുന്നു

ഓർമ്മകൾക്ക് പോലും ഒരേ ഗന്ധം, അതേ നനവ്!!


നിരീക്ഷിച്ചവര്‍