Aug 26, 2016

പൈങ്കിളി, മഞ്ഞുവീ, ജന്മചാപ...

‘പൈങ്കിളി, മഞ്ഞുവീ, ജന്മചാപ’-- പെട്ടെന്നാർക്കും ഒരെത്തും പിടിയും കിട്ടാത്തവണ്ണം ബന്ധമില്ലാതെ കിടക്കുന്ന വാക്കുകൾക്ക് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ’ ‘ആയിരം കണ്ണുമായ്’ ഗാനത്തോട് ബന്ധമുണ്ടെന്ന് പറഞ്ഞാലും കണ്ണുകളിൽ വിസ്മയം ബാക്കി നില്കുമെന്ന് തീർച്ച. 

പണ്ടച്ഛൻ പാടിത്തന്നിരുന്ന താരാട്ടിലൊരെണ്ണം മകൾ ഇന്നാവശ്യപ്പെടുന്നു; കാരണക്കാരനോ ചേട്ടനും. ചേട്ടൻ മകനെ ഉറക്കുന്ന പാട്ട് കേട്ട് അത് വേണം മകൾക്ക്. പഴയ പാട്ടുകളച്ഛൻ പോക്കറ്റിലിട്ടോളൂ, ആവശ്യം വരുമ്പോൾ പറയാം എന്നെന്റെ ഒന്നരവയസുകാരി പറയാതെ പറയുന്നു. വരികൾക്കിടയിൽ പോക്കറ്റിലിട്ട ‘ആടി വാ കാറ്റേയും, കാത്തിരുന്നുവുമൊക്കെ’ തിരുകിക്കയറ്റി പുറത്ത് തട്ടുമ്പോൾ, വേല കയ്യിലിരിക്കത്തേയുള്ളൂ ‘പൈങ്കിളീ’ എന്ന് മൃദുവായവൾ ഓർമ്മപ്പെടുത്തും. പാട്ടിന്റെ പേറ്റന്റ് ചേട്ടനാണെന്ന അർത്ഥത്തിൽ, മയൂഖ, ‘മൂത്തച്ഛൻ, സാത്തി-വാവാവോ’ (മൂത്തച്ഛൻ സാത്വിക് വാവയെ ഉറക്കാൻ പാടുന്നതാണെന്ന്) എന്ന് താളത്തിൽ മൂളും. പാട്ടിനിടയിൽ അവളുറങ്ങിത്തുടങ്ങിയോ എന്ന് കണ്ണാടിയിൽ ഇടംകണ്ണിട്ട് ചെക്ക് ചെയ്ത് വീണ്ടും ഞാൻ വരികൾ മാറ്റും (നമ്മളാരാ മോൻ!). 


രാത്രി ഉറക്കത്തിനിടയിൽ എഴുന്നേല്ക്കുമ്പോഴും കേൾക്കാം പൈങ്കിളീ എന്ന ഓർമ്മപ്പെടുത്തൽ. ചിലപ്പോഴത് അവളുടെ പ്രിയപ്പെട്ട കണ്ണൻ പൂച്ചയെ പരാമർശിച്ച് വീണ്ടുമുറക്കാൻ തുടങ്ങുമ്പോൾ ആവും. ഉറക്കച്ചടവിൽ (അല്ലാത്തപ്പോഴും അങ്ങനെ തന്നല്ലേന്ന് മഞ്ജു!) അപസ്വരമായി ‘ആയിരം കണ്ണുമായ്’ പാടിയാലും സംഗതി ഒന്നും വന്നില്ലെടാ ഊവേന്ന് പരിഭവമില്ലാതെ മകൾ ഉറങ്ങും. 

രാവിലെ ഓഫീസിലേക്ക് പോവാൻ നേരം മൊബൈലിൽ പാട്ട് വച്ചു തരാൻ ആവശ്യപ്പെടുമ്പോൾ, ഏതെന്ന് അറിയാമെങ്കിലും വെറുതേ ചോദിക്കും ഏതെന്ന്. ‘പൈങ്കിളി’, ഒന്ന് നിർത്തി എന്റെ കണ്ണിലേക്ക് നോക്കി ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ‘മഞ്ഞുവീ’, കുറച്ച് ശാഠ്യത്തോടെ ‘ജന്മചാപ’. ഇനിയും മനസിലായില്ലേടാ അച്ഛായെന്ന മുഖഭാവത്തിൽ റിപ്പീറ്റ് ചെയ്യാനൊരുങ്ങും. പോവുമ്പോൾ മൊബൈൽ തായെന്ന് പറഞ്ഞാൽ അനുസരണയോടെ തിരിച്ച് തന്ന് എന്നെ അമ്പരപ്പിച്ച് കളയും. വൈകീട്ടെത്തിയാൽ ചിലപ്പോളൊക്കെ വീണ്ടും ‘പൈങ്കിളി’ ആവശ്യപ്പെടും. പലപ്പോഴും വൈകീട്ടത്തെ പുറം നടത്തത്തിൽ അതൊഴിവാകും. അടുത്ത റൗണ്ട് ആവശ്യം രാത്രി ഉറക്കത്തിനാണ്‌. 

‘പൈങ്കിളീ, മഞ്ഞുവീ, ജന്മചാപ’ ങ്ങളിലെ ഹ്യൂമർ ആസ്വദിക്കാനായിട്ടിടയ്ക്ക് മനസിലാവാത്ത വണ്ണം ഏത് പാട്ടെന്ന് പിന്നെയും ചോദിക്കുമെങ്കിലും, അതിലെ തമാശ മകൾക്ക് മനസിലായെന്ന് ഞങ്ങൾക്ക് മനസിലാവുന്നത് ഇന്നലെ. മുരിങ്ങയില നുള്ളിയിടാൻ ഞങ്ങളെ സഹായിച്ച് സഹായിച്ച്,ഒടുവിൽ കളയാൻ വച്ച ചെറിയ കമ്പുകളൊക്കെ തിരിച്ച് മിക്സ് ചെയ്യുന്നിടം വരെ സഹായമെത്തിയപ്പോൾ കൈ വിലങ്ങ് വച്ച് ‘പൈങ്കിളി, മഞ്ഞുവീ, ജന്മചാപ’ എന്ന് വെറുതെയൊന്ന് പാടി. ചിരിച്ച് കൊണ്ട് ആവർത്തിച്ചു. ‘ജന്മചാപ’ എന്ന് ഒരു തവണ കൂടി. ഇതച്ഛൻ തന്നെ കളിയാക്കുന്നതാണെന്നവൾക്ക് മനസിലായി. ‘ബേണ്ട ബേണ്ട’ എന്ന് പിണങ്ങി. നിമിഷങ്ങൾക്കുള്ളിൽ ബാറ്റൺ അവളേറ്റെടുത്തു “ജന്മചാപ...” അതിന്റെയെല്ലാ തമാശയുമുൾക്കൊണ്ട രീതിയിൽ അവൾ നിഷ്കളങ്കമായി ചിരിച്ചു.. അന്യമായിക്കൊണ്ടിരിക്കുന്ന നിഷ്കളങ്ക ചിരി എന്നിലേക്കും കുറച്ചൊക്കെ പകർന്ന് തന്ന് അവൾ വീണ്ടും മൊഴിഞ്ഞു ‘ പൈങ്കിളീ, മഞ്ഞുവീ, ജന്മചാപ..’. പതിയെ നെറ്റിയിലുമ്മ വച്ച് ഞാനതേറ്റുപാടി ‘ജന്മസാഫല്യമേ....’ 

നിരീക്ഷിച്ചവര്‍