Showing posts with label നുറുങ്ങ്. Show all posts
Showing posts with label നുറുങ്ങ്. Show all posts

Aug 26, 2016

പൈങ്കിളി, മഞ്ഞുവീ, ജന്മചാപ...

‘പൈങ്കിളി, മഞ്ഞുവീ, ജന്മചാപ’-- പെട്ടെന്നാർക്കും ഒരെത്തും പിടിയും കിട്ടാത്തവണ്ണം ബന്ധമില്ലാതെ കിടക്കുന്ന വാക്കുകൾക്ക് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലെ’ ‘ആയിരം കണ്ണുമായ്’ ഗാനത്തോട് ബന്ധമുണ്ടെന്ന് പറഞ്ഞാലും കണ്ണുകളിൽ വിസ്മയം ബാക്കി നില്കുമെന്ന് തീർച്ച. 

പണ്ടച്ഛൻ പാടിത്തന്നിരുന്ന താരാട്ടിലൊരെണ്ണം മകൾ ഇന്നാവശ്യപ്പെടുന്നു; കാരണക്കാരനോ ചേട്ടനും. ചേട്ടൻ മകനെ ഉറക്കുന്ന പാട്ട് കേട്ട് അത് വേണം മകൾക്ക്. പഴയ പാട്ടുകളച്ഛൻ പോക്കറ്റിലിട്ടോളൂ, ആവശ്യം വരുമ്പോൾ പറയാം എന്നെന്റെ ഒന്നരവയസുകാരി പറയാതെ പറയുന്നു. വരികൾക്കിടയിൽ പോക്കറ്റിലിട്ട ‘ആടി വാ കാറ്റേയും, കാത്തിരുന്നുവുമൊക്കെ’ തിരുകിക്കയറ്റി പുറത്ത് തട്ടുമ്പോൾ, വേല കയ്യിലിരിക്കത്തേയുള്ളൂ ‘പൈങ്കിളീ’ എന്ന് മൃദുവായവൾ ഓർമ്മപ്പെടുത്തും. പാട്ടിന്റെ പേറ്റന്റ് ചേട്ടനാണെന്ന അർത്ഥത്തിൽ, മയൂഖ, ‘മൂത്തച്ഛൻ, സാത്തി-വാവാവോ’ (മൂത്തച്ഛൻ സാത്വിക് വാവയെ ഉറക്കാൻ പാടുന്നതാണെന്ന്) എന്ന് താളത്തിൽ മൂളും. പാട്ടിനിടയിൽ അവളുറങ്ങിത്തുടങ്ങിയോ എന്ന് കണ്ണാടിയിൽ ഇടംകണ്ണിട്ട് ചെക്ക് ചെയ്ത് വീണ്ടും ഞാൻ വരികൾ മാറ്റും (നമ്മളാരാ മോൻ!). 


രാത്രി ഉറക്കത്തിനിടയിൽ എഴുന്നേല്ക്കുമ്പോഴും കേൾക്കാം പൈങ്കിളീ എന്ന ഓർമ്മപ്പെടുത്തൽ. ചിലപ്പോഴത് അവളുടെ പ്രിയപ്പെട്ട കണ്ണൻ പൂച്ചയെ പരാമർശിച്ച് വീണ്ടുമുറക്കാൻ തുടങ്ങുമ്പോൾ ആവും. ഉറക്കച്ചടവിൽ (അല്ലാത്തപ്പോഴും അങ്ങനെ തന്നല്ലേന്ന് മഞ്ജു!) അപസ്വരമായി ‘ആയിരം കണ്ണുമായ്’ പാടിയാലും സംഗതി ഒന്നും വന്നില്ലെടാ ഊവേന്ന് പരിഭവമില്ലാതെ മകൾ ഉറങ്ങും. 

രാവിലെ ഓഫീസിലേക്ക് പോവാൻ നേരം മൊബൈലിൽ പാട്ട് വച്ചു തരാൻ ആവശ്യപ്പെടുമ്പോൾ, ഏതെന്ന് അറിയാമെങ്കിലും വെറുതേ ചോദിക്കും ഏതെന്ന്. ‘പൈങ്കിളി’, ഒന്ന് നിർത്തി എന്റെ കണ്ണിലേക്ക് നോക്കി ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ‘മഞ്ഞുവീ’, കുറച്ച് ശാഠ്യത്തോടെ ‘ജന്മചാപ’. ഇനിയും മനസിലായില്ലേടാ അച്ഛായെന്ന മുഖഭാവത്തിൽ റിപ്പീറ്റ് ചെയ്യാനൊരുങ്ങും. പോവുമ്പോൾ മൊബൈൽ തായെന്ന് പറഞ്ഞാൽ അനുസരണയോടെ തിരിച്ച് തന്ന് എന്നെ അമ്പരപ്പിച്ച് കളയും. വൈകീട്ടെത്തിയാൽ ചിലപ്പോളൊക്കെ വീണ്ടും ‘പൈങ്കിളി’ ആവശ്യപ്പെടും. പലപ്പോഴും വൈകീട്ടത്തെ പുറം നടത്തത്തിൽ അതൊഴിവാകും. അടുത്ത റൗണ്ട് ആവശ്യം രാത്രി ഉറക്കത്തിനാണ്‌. 

‘പൈങ്കിളീ, മഞ്ഞുവീ, ജന്മചാപ’ ങ്ങളിലെ ഹ്യൂമർ ആസ്വദിക്കാനായിട്ടിടയ്ക്ക് മനസിലാവാത്ത വണ്ണം ഏത് പാട്ടെന്ന് പിന്നെയും ചോദിക്കുമെങ്കിലും, അതിലെ തമാശ മകൾക്ക് മനസിലായെന്ന് ഞങ്ങൾക്ക് മനസിലാവുന്നത് ഇന്നലെ. മുരിങ്ങയില നുള്ളിയിടാൻ ഞങ്ങളെ സഹായിച്ച് സഹായിച്ച്,ഒടുവിൽ കളയാൻ വച്ച ചെറിയ കമ്പുകളൊക്കെ തിരിച്ച് മിക്സ് ചെയ്യുന്നിടം വരെ സഹായമെത്തിയപ്പോൾ കൈ വിലങ്ങ് വച്ച് ‘പൈങ്കിളി, മഞ്ഞുവീ, ജന്മചാപ’ എന്ന് വെറുതെയൊന്ന് പാടി. ചിരിച്ച് കൊണ്ട് ആവർത്തിച്ചു. ‘ജന്മചാപ’ എന്ന് ഒരു തവണ കൂടി. ഇതച്ഛൻ തന്നെ കളിയാക്കുന്നതാണെന്നവൾക്ക് മനസിലായി. ‘ബേണ്ട ബേണ്ട’ എന്ന് പിണങ്ങി. നിമിഷങ്ങൾക്കുള്ളിൽ ബാറ്റൺ അവളേറ്റെടുത്തു “ജന്മചാപ...” അതിന്റെയെല്ലാ തമാശയുമുൾക്കൊണ്ട രീതിയിൽ അവൾ നിഷ്കളങ്കമായി ചിരിച്ചു.. അന്യമായിക്കൊണ്ടിരിക്കുന്ന നിഷ്കളങ്ക ചിരി എന്നിലേക്കും കുറച്ചൊക്കെ പകർന്ന് തന്ന് അവൾ വീണ്ടും മൊഴിഞ്ഞു ‘ പൈങ്കിളീ, മഞ്ഞുവീ, ജന്മചാപ..’. പതിയെ നെറ്റിയിലുമ്മ വച്ച് ഞാനതേറ്റുപാടി ‘ജന്മസാഫല്യമേ....’ 

Sep 11, 2012

ദല മർമ്മരം


കണ്ടുവോ, കരിഞ്ഞ ഒരില
ഇന്നലെ നീ മറിച്ചുപോയ താളുകള്‍ക്കിടയില്‍ ?
കേട്ടുവോ, ജലം മറന്ന സിരകളില്‍
ഒരു മരത്തിന്റെ പ്രാര്‍ത്ഥന!
അറിഞ്ഞുവോ, നനവ് തേടിയലയുന്ന
വേരുകള്‍ തന്‍ നൊമ്പരം?

അതെന്റെ ഹൃദയത്തിന്റേതായിരുന്നു

-----------

എല്ലാ മരങ്ങളും തേങ്ങാറുണ്ടാവും.. കൊഴിഞ്ഞ് വീഴുന്ന ദല മര്‍മ്മരങ്ങളായി, വേരുപിടിച്ചിറങ്ങുന്ന തേങ്ങലുകളായി അവ ഭൂമിയെ ചുട്ടു പൊള്ളിക്കുന്നുണ്ടാവും..

off: ‘ഓർമ്മത്തെറ്റുകളി’ലൊന്നിനെ ഇങ്ങോട്ട് ഇറക്കി വച്ചു

Jun 16, 2012

അലാറം


വിളിച്ചുണർത്തേണ്ടവനറിയില്ല,
ഉറക്കത്തിൽ അറിയാതെ ഉറങ്ങിപ്പോയെന്ന്..

എങ്കിലും വിളിച്ചു നോക്കും!

കടമയെന്ന് നിങ്ങൾ

പ്രതീക്ഷകളുടെ ചാവി കൊണ്ടോടുന്ന
നിങ്ങൾ, അത് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുദമുള്ളൂ!


Feb 20, 2012

പ്രണയം


കവിതയിൽ പ്രണയം നിറച്ചവരെയല്ല,

കവിത പോലെ പ്രണയിച്ചവരെ
ആരാധിക്കാനാണെനിക്കിഷ്ടം

ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക്
ചോദ്യചിഹ്നങ്ങളില്ലാതെ,
വികാരങ്ങളുടെ അനായാസമായ ഒഴുക്ക്!

കവിതയെന്നോ പ്രണയമെന്നോ
വേർതിരിച്ചറിയാനാവാതെ..


Dec 23, 2011

മൗനം സംസാരിക്കുന്നു


വാക്കുകളേക്കാള്‍ സുഖകരമായ മൗനങ്ങളുണ്ട്.

ഓര്‍മ്മകളേക്കാള്‍ സൗന്ദര്യമുള്ള മറവികളെപ്പോലെ,
കവിതയേക്കാള്‍ ഇമ്പമാര്‍ന്ന സംഗീതം പോലെ,

അവ ചിലപ്പോ ഹൃദയത്തില്‍ വന്ന് മുട്ടും;
വാതില്‍ തുറക്കാതെ തന്നെ അകത്ത് കയറും.
പിന്നെ ഇറങ്ങിപ്പോവുകയേ ഇല്ല!

Dec 16, 2011

നിനക്ക്

നിനക്കാണെഴുതുന്നതെന്ന്
മനസിലാവുമ്പോള്‍,
പേനയില്‍ അക്ഷരങ്ങള്‍
സ്വയം വന്നു നിറയുന്നു!

കടല്‍ തേടിയൊഴുകുന്ന
അക്ഷരങ്ങളുടെ പുഴയായ്
ഓര്‍മ്മകള്‍, സ്വപ്നങ്ങളും!
നിനക്കെന്ന്, നിന്നിലേക്കെന്ന്..


Nov 27, 2011

പുതപ്പ്


കുളിരുന്നെന്ന് കരഞ്ഞ വേദനകളെ
ഒരു കരിമ്പടം കൊണ്ട് മൂടുക

കാലു പോലും പുറത്ത് കാണിക്കരുത്

തല, പിന്നെ പറയുകയേ വേണ്ടല്ലോ..

വേദനകളെ പുതച്ച് മൂടാൻ കഴിയാതെ പോയ
എന്റെ കുട്ടിത്തത്തിനു ഞാനെന്ത് പിഴച്ചു??

ഒരു പുതപ്പിന്റെ സ്വാന്തനം അമ്മയെന്തെ പറഞ്ഞു വച്ചില്ല??

ഇരുട്ടിന്റെ, നിറമില്ലായ്മയുടെ ലോകത്തിലേക്കെനിക്കെന്തെ
ആരുമൊരു കമ്പിളി വച്ച് നീട്ടിയില്ല??

Nov 8, 2011

തിരയടങ്ങാതെ


മനസിലൊരൊറ്റത്തിര

താഴ്ന്നും ഉയർന്നും
നിന്നെലേക്കെന്ന്,
വീണ്ടും നിന്നിലേക്കെന്ന്.

യാത്ര പറയാനൊരുങ്ങവെ
കാലിൽ കുരുങ്ങി
സ്നേഹത്തോടെ പടിയിറങ്ങി
വീണ്ടും പഴയ തിരയായ് തിരിച്ചെത്തുന്നു

ഒരിക്കലും യാത്ര പറയാനാവില്ലല്ലോ
എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു

മനസൊരു കടൽ,
നീയെന്ന എന്നിൽ നിന്ന് മടങ്ങാനാവാതെ തിരകൾ..

അതിരുകളും അരുതുകളും ഇല്ലാതെ
നിന്നിലേക്കെന്ന് വീണ്ടും നിന്നിലേക്കെന്ന്..

Nov 4, 2011

മഴവില്ല്‌

പുറത്ത്‌, വെയിലിൻ കുട ചൂടി
ആകാശം മുത്തുകൾ പൊഴിക്കുന്നു.

പല ഭാവങ്ങളിൽ
മൃദുവായി,
ഇടയ്ക്കൊന്ന്‌ നിർത്തി,
ആർത്തലച്ചെത്തുന്നു വീണ്ടും..

ഇടവേളകളിലെപ്പൊഴോ വെയിൽ നാളങ്ങൾ
വർണ്ണക്കുട നിവർത്തുന്നു..

അകത്ത്‌ പെയ്യുന്ന മഴയ്ക്കൊറ്റ ഭാവം,
ഇരുളിന്റെ ഒറ്റ-നിറമില്ലായ്മ..

അകക്കാഴ്ചകളിൽ ഉടക്കിപ്പോയ
നിന്നെ, വലിച്ച്‌ പുറത്തിടാൻ,
ഈ വർണ്ണകാഴ്ചയൊന്ന് കാണിക്കാൻ
ഞാനെന്ത്‌ ചെയ്യേണ്ടൂ!!

Oct 29, 2011

നിഴലിന്റെ നിഴൽ

മറ്റുള്ളവരുടെ ജീവിതത്തിന്റെ
വെയിൽ കൊള്ളുന്നത് കൊണ്ടാവുമോ
എന്റെ നിഴലിന്നു
സ്വന്തം രൂപമില്ലാത്തത്??

അതോ

മറ്റുള്ളവരുടെ നിഴലിന്റെ
തണൽ പറ്റുന്നത് കൊണ്ടാവുമോ
എന്റെ ജീവിതത്തിനു
സ്വന്തം ജീവനില്ലാത്തത്??


Oct 20, 2011

കടൽത്തീരത്ത്‌


നിന്നെക്കുറിച്ചോർത്തോർത്ത്‌
കയറിച്ചെന്നതൊരു പുസ്തകശാലയിൽ!

ഭ്രാന്തമായി തിരയുകയായിരുന്നു,
തടിച്ച ചട്ടകൾക്കുള്ളിൽ,
വരികൾക്കിടയിൽ,
തുളുമ്പിപ്പോയ വാക്കുകൾ കൂട്ടത്തിലും!!

കണ്ടെത്തിയില്ല നിന്നെയൊന്നിലും..

ഒടുവിൽ ഒളിച്ചു കളി മതിയാക്കി
ചുമരിൽ തറച്ച ‘നിശബ്ദതയിൽ’ നിന്നും, നീ ഇറങ്ങി വന്നു!

പ്രണയത്തിന്റെ ഗൂഗിൾ സേർച്ചിൽ സൈലെൻസിനെ കണ്ടെത്തിയില്ലേയെന്നാർത്തു ചിരിച്ചു..

ഒരു നിശ്വാസമായി കാറ്റിലലിഞ്ഞ്‌ പതിയെ കൈപിടിച്ചു..

കാതിൽ, ശബ്ദമില്ലാത്ത വാക്കുകളാൽ സ്നേഹത്തിരമാലകൾ തീർത്തു..

ഓർമ്മകളെത്തേടി, മറവികളിൽ ഒരുമിച്ച്‌ വലയെറിഞ്ഞു..

ഒടുക്കം, മൗനത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്‌
വിരൽപ്പാടുകൾ പോലുമവശേഷിപ്പിക്കാതെ
വീണ്ടുമൊരു തിരിച്ചു പോക്ക്‌..

പ്രണയത്തിന്റെ മറ്റൊരു അർത്ഥം കൂടി മനസിലായെന്ന പോൽ,
എൻ ചുണ്ടിലൊരു തുമ്പച്ചിരി മാത്രം മായാതെ നിന്നു..

വായിച്ചു തീർക്കാനിനിയുമേറെയുണ്ട്,‌
അളന്നെടുക്കാൻ ആഴങ്ങളും..

------------------
ഓടോ: ആദ്യായിട്ടൊരു പോസ്റ്റിനു ഞാൻ തന്നെയെടുത്ത (സിംഗപ്പൂർ, സെന്റോസ ബീച്ച്‌) ഫോട്ടോയും അപ്ലോഡി :)

Oct 11, 2011

കവിത


 സ്വപ്നത്തില്‍ വന്ന്

സൂര്യോദയത്തില്‍ കണ്‍ മിഴിച്ച്,
യാത്ര പോലും പറയാതെ പോവുന്ന വരികളുണ്ട്..


ഒരു ഉറക്കത്തിന്റെ മാത്രം ആയുസ്സുള്ളവ;
പാദസ്പര്‍ശനങ്ങളുടെ ഓര്‍മ്മപോലും ബാക്കി വയ്ക്കാത്തവ!

എങ്കിലും, തിരികെ കിട്ടണേയെന്ന്
ഞാന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നവ

നിങ്ങളെയല്ലാതെ മറ്റെന്തിനെ 
ഞാന്‍ കവിതയെന്ന് വിളിക്കേണ്ടൂ?



Oct 7, 2011

നീയും ഞാനും



മിഴികളിലെയൊരശ്രു
നോവുകളുടെ കൈപിടിച്ച്
ചിന്തകളുടെ വേരിറങ്ങി
ജന്മാന്തരങ്ങളോളം തിരഞ്ഞു ചെന്ന്
ഒടുവിൽ,

എന്നിലെ നീയെന്നൊരുത്തരമായി തിരിച്ചെത്തുന്നു

ഓർമ്മകൾക്ക് പോലും ഒരേ ഗന്ധം, അതേ നനവ്!!


Sep 29, 2011

മഴയുടെ സംഗീതം


മധുരമൂറുന്ന സംഗീതം വലിഞ്ഞു മുറുക്കിയ
ഗിറ്റാര്‍ തന്ത്രികള്‍, അതാകുന്നു ബന്ധങ്ങള്‍..

കുഞ്ഞായിരിക്കെ അതിലൊരുപാട്
സംഗീതമഴ ഞാന്‍ പെയ്യിച്ചിട്ടുണ്ട്..

ഇന്നതില്‍ ഒരു നാദം ഉയര്‍ത്താന്‍ പോലുമെനിക്ക് പേടിയാണ്‌!!

ഒരു അശ്രദ്ധമായ വിരലനക്കത്തില്‍
അറ്റു പോയേക്കാവുന്ന സംഗീതം..

എന്നിലെ വേദനകളുടെ സംഗീതം ശ്രവിച്ചാണോ
മഴയിലേക്ക് കുട വലിച്ചെറിഞ്ഞെന്നെ നീ നീട്ടി വിളിച്ചത്??

ഇറങ്ങി വരാതിരിക്കാന്‍ എനിക്കാവുന്നില്ലല്ലോ??

Aug 21, 2011

സ്വത്വം കളഞ്ഞു പോയ ‘പെൺ’ഡുലങ്ങൾ


നിനക്ക്,നിന്റെ പോക്കു വരവുകളെ
അടയാളപ്പെടുത്തുന്നൊരു
പെൻഡുലം മാത്രമാകുന്നു ഞാൻ!

 
എന്റെ മൗനത്തിന്റെ കാണക്കയങ്ങളിൽ
കല്ലെറിഞ്ഞലകൾ തീർക്കുന്നത് പോലും
നിന്റെ ശബ്ദവീചികളെ കണ്ടെത്താനല്ലാതെ മറ്റെന്തിനാണ്‌?



ജീവിതത്തിന്റെ അർത്ഥമെന്നു പറഞ്ഞു
നല്കിയ ചരടിനു, സ്വത്വമില്ലായ്മയെന്ന-
യർത്ഥം കൂടിയുണ്ടായിരുന്നോ??


നെറുകയിൽ നിങ്ങൾ ആശംസിച്ചൊരോ
അരിമണിയും വെന്തചോറിന്റെ
ശാപം പേറിയിരുന്നുവോ??


എത്ര ജീവിച്ചാലും ചില ജീവികൾക്ക് (ജീവിതങ്ങൾക്ക്)
അതിജീവനത്തിന്റെ പുസ്തകത്താളുകളിൽ
പോലുമിടമില്ലെന്ന് ഞാനിന്നറിയുന്നു..



Jun 15, 2011

മറവിയിലേക്കൊരു യാത്ര



പുറത്തൊരു മഴ കഴിഞ്ഞ്
മരങ്ങള്‍, വെയിലിന്‍ പുതപ്പ് കൊണ്ട് തല തുവര്‍ത്തുന്നു..
ഇടയ്ക്കിടയ്ക്ക് വെള്ളം കുടഞ്ഞെറിയുന്നുമുണ്ട്..

സ്വപ്നങ്ങള്‍ ഊര്‍ന്നു പോയൊരു മഴമേഘമാണിന്നു ഞാന്‍!

തിരിച്ചയക്കണം,
നിന്നെ, എന്റെ മറവികളിലേക്ക്,
ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്തവണ്ണം..

Jun 6, 2011

ഉപ്പിലിട്ടത്




ഓര്‍മ്മകളെ,
നെല്ലിക്കയെന്നപോലെ ഓരോന്നായെടുത്ത്
തുടച്ചു മിനുക്കി ഉപ്പിലിട്ടു വയ്ക്കണം
ഇടയ്ക്കെടുത്ത് രുചിച്ച് നോക്കണം


ഉപ്പു പോരായെന്ന് പരാതി പറയണം
തീരുന്തോറും പുതിയ ഓര്‍മ്മകളെ ഉപ്പിലിടണം,
അടുത്ത ദിവസത്തേക്ക്,അതിനടുത്ത ദിവസത്തേക്ക് ..


May 27, 2011

മുറിവ്


പിന്തുടരാൻ ഒട്ടുമിഷ്ടമില്ലാഞ്ഞിട്ടും      
ഞാനറിയാതെ പിന്തുടർന്നു പോവുന്ന
കാലടികൾ ആരുടേതാണ്‌?

കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടും
എന്റെ രാത്രികളിൽ നിറയ്ക്കുന്ന
സ്വപ്നങ്ങളാരുടേതാണ്‌?

സ്നേഹിക്കാതിരിക്കാൻ സ്വയം
വാശിപിടിച്ചിട്ടും എന്നിൽ സ്നേഹപ്പൂക്കൾ
വാരിവിതറുന്നതാരുടെ കൈകളാണ്‌?

May 10, 2011

വിധി (അയോദ്ധ്യയുടെ അല്ല)


സമ്മാനം

വിധിയെ പഴിക്കുമ്പോഴും
അതിന്റെയൊരു സമ്മാനം
ഞാൻ പ്രതീക്ഷിക്കുന്നുണ്ട്;
ഒരു പക്ഷേ ഒരിക്കലും
മറക്കാനാവാത്ത ഒന്ന്..



വിധിയെക്കുറിച്ച് മുൻപ് ഡയറിയിൽ കുറിച്ചിട്ടത് ഇപ്രകാരവും....


എന്നെ പിന്തുടരുന്നത്
വിധിയെന്ന വാക്കോ
അതോ അതു തീർത്ത നിങ്ങൾ തന്നെയോ?

------------------------------
സമ്മാനം എഴുതിക്കഴിഞ്ഞപ്പോൾ നെഗറ്റീവിൽ നിന്നും പോസറ്റീവിലേക്കുള്ള പ്രയാണത്തിന്റെ അമ്പരപ്പ്.. ഇനി അതു തന്നെയായിരുന്നോ യഥാർത്ഥ സമ്മാനം??

Apr 14, 2011

Lost in silence

വാക്കുകൾക്കിടയിലെ മൌനത്തിൽ
നഷ്ടപ്പെട്ടത്‌ കൊണ്ടാവുമോ,
വാക്കുകളിൽ തിരഞ്ഞിട്ടും തിരഞ്ഞിട്ടും
നിന്നെ എനിക്ക്‌ കണ്ടെത്താനാവാത്തത്!!

നിരീക്ഷിച്ചവര്‍