നിന്നെക്കുറിച്ചോർത്തോർത്ത്
കയറിച്ചെന്നതൊരു പുസ്തകശാലയിൽ!
ഭ്രാന്തമായി തിരയുകയായിരുന്നു,
തടിച്ച ചട്ടകൾക്കുള്ളിൽ,
വരികൾക്കിടയിൽ,
തുളുമ്പിപ്പോയ വാക്കുകൾ കൂട്ടത്തിലും!!
കണ്ടെത്തിയില്ല നിന്നെയൊന്നിലും..
ഒടുവിൽ ഒളിച്ചു കളി മതിയാക്കി
ചുമരിൽ തറച്ച ‘നിശബ്ദതയിൽ’ നിന്നും, നീ ഇറങ്ങി വന്നു!
പ്രണയത്തിന്റെ ഗൂഗിൾ സേർച്ചിൽ സൈലെൻസിനെ കണ്ടെത്തിയില്ലേയെന്നാർത്തു ചിരിച്ചു..
ഒരു നിശ്വാസമായി കാറ്റിലലിഞ്ഞ് പതിയെ കൈപിടിച്ചു..
കാതിൽ, ശബ്ദമില്ലാത്ത വാക്കുകളാൽ സ്നേഹത്തിരമാലകൾ തീർത്തു..
ഓർമ്മകളെത്തേടി, മറവികളിൽ ഒരുമിച്ച് വലയെറിഞ്ഞു..
ഒടുക്കം, മൗനത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക്
വിരൽപ്പാടുകൾ പോലുമവശേഷിപ്പിക്കാതെ
വീണ്ടുമൊരു തിരിച്ചു പോക്ക്..
പ്രണയത്തിന്റെ മറ്റൊരു അർത്ഥം കൂടി മനസിലായെന്ന പോൽ,
എൻ ചുണ്ടിലൊരു തുമ്പച്ചിരി മാത്രം മായാതെ നിന്നു..
വായിച്ചു തീർക്കാനിനിയുമേറെയുണ്ട്,
അളന്നെടുക്കാൻ ആഴങ്ങളും..
------------------
ഓടോ: ആദ്യായിട്ടൊരു പോസ്റ്റിനു ഞാൻ തന്നെയെടുത്ത (സിംഗപ്പൂർ, സെന്റോസ ബീച്ച്) ഫോട്ടോയും അപ്ലോഡി :)

