May 31, 2010

വീണ്ടും

ഹെഡ്കെട്ട്‌ കണ്ട്‌, ഡേയ്‌ പയ്യൻസ്‌ വീണ്ടുവിചാരമില്ലാതെ താൻ ഗോപാലകൃഷ്ണാക്രമണത്തിനു വീണ്ടും കോപ്പ്‌ കൂട്ടുകയാണോന്ന്‌ കരുതിയെങ്കിൽ, ഇത്‌ സംഭവമതല്ലെന്ന്‌ ആദ്യമേ തന്നെ പറഞ്ഞ്‌ കൊള്ളട്ടെ..`വീണ്ടു`മെന്നതെന്റെ അടുത്ത സുഹൃത്ത്‌ ലിഡിയയുടെ ഈയിടെ തുടങ്ങിയ ബ്ളോഗാകുന്നു..


എന്ത്‌ കൊണ്ട്‌ വീണ്ടും??എഴുത്തിലിതവളുടെ രണ്ടാം ജന്മം.. രണ്ടാഴ്ച മുൻപ് എന്നെത്തേടിയെത്തിയ ഒരു ഫേസ്‌ ബുക്ക്‌ റിക്വസ്റ്റ്‌ കണ്ട്‌ ഞാനൊന്നമ്പരന്നു, എന്റെ പഴയൊരു സയൻസ്‌ ക്വിസ്‌ മത്സര എതിരാളി, അതിലുപരി സൗഹൃദം ഞങ്ങൾ തമ്മിലുണ്ടായിരുന്നില്ല.. പിന്നീടും പഠനത്തിന്റെ ഇടനാഴികളിൽ അപൂർവ്വമായി കണ്ടുമുട്ടിയിട്ടുണ്ട്‌ (10 ആം ക്ലാസ്സ്‌ വരെ).. ശേഷം പ്രീഡിഗ്രീ ആയി, ബി എസ്‌ സി, ഐ ഐ ടി ആയി ഞാനും, +2, എഞ്ചിനീയറിങ്ങായി അവളും അകന്നു കൊണ്ടേയിരുന്നു.. അങ്ങനെയിരിക്കയേയാണ്‌ ഫേസ്ബുക്ക്‌ കണ്ടുമുട്ടൽ.. സോഷ്യൽ നെറ്റ്വർക്കുകളിലൂടെ തിരിച്ച്‌ കിട്ടിയ സൗഹൃദങ്ങൾ അനവധി, ഒരുപാട് പുതിയ ബന്ധങ്ങളും, അതിൽ കുറേയെണ്ണം കൂടപ്പിറപ്പുകളെ പോലെ.. ഇന്റെർനെറ്റിൽ സോഷ്യൽ നെറ്റ്വർക്കിനു സ്തുതി, ഐ ഡി ഇല്ലാത്തവർക്ക്‌ സമാധാനം..

ഒരുപാട് കാലത്തെ വനവാസത്തിനു ശേഷം പരിചയമുള്ള പേരുകൾ തപ്പി ഫേസ്ബുക്കിലിറങ്ങിയതായിരുന്നു,അവൾ.. പണ്ടേ എഴുതുമെന്ന്‌ കേട്ടറിവുണ്ടായിരുന്നു.. ഇപ്പോഴെങ്ങനെ ഉണ്ടോ എന്ന ചോദ്യത്തിന്‌ നിരാശാജനകമായ ഉത്തരം.. ഒരുപാട്‌ വർഷങ്ങളായി പേനയെടുക്കുന്നത്‌ പലവ്യഞ്ജനങ്ങൾ കുറിക്കാൻ മാത്രാണത്രേ, പിന്നെ ഇടയ്ക്ക്‌ മകളുടെ ഹോം വർക്കുകൾക്കും.. ബ്ലോഗിനെക്കുറിച്ച്‌ പറഞ്ഞു, വീണ്ടും എഴുതാൻ അപേക്ഷിച്ചു. അങ്ങനെ ഒരുവിധം വഴി തെറ്റിച്ചൂന്ന്‌ പറഞ്ഞാൽ മതിയല്ലോ.. അവളുടെ പഴയ ചങ്ങാതിമാർ ഒത്തിരിപ്പേർ ഇതേ ആവശ്യം ഉന്നയിച്ച് കാണും.. ഒടുവിലൊരു ദിവസം ഒരു മെയിൽ വിത്ത്‌ വെത്തില അടക്ക ഏന്റ്‌ ഒരുറുപ്പിക (ഒരു 100 ദിർഹം എങ്ങാനും ആയിരുന്നേല്‍..ഹാ), വീണ്ടും പേനയെടുത്ത്‌ തുടങ്ങി, ഗുരുദക്ഷിണ (അവളുടെ കാര്യം കട്ടപ്പൊഹ!!) സ്വീകരിച്ചോന്നും പറഞ്ഞോണ്ട്‌.. കഴിഞ്ഞയാഴ്ച ദേ ബ്ലോഗിങ്ങും തുടങ്ങി..

എഴുത്തിന്റെ രണ്ടാം ജന്മത്തെക്കുറിച്ചവൾ ബ്ലോഗിൽ പറയുന്നത്:

ഏറെ വിശന്ന മൃഗത്തെപ്പോലെ അക്ഷരങ്ങൾ എന്നെ ആക്രമിക്കുന്നു.
അത് എന്റെ സമയത്തിൽ മുറിവുകളുണ്ടാക്കുന്നു.
ചോരപൊടിഞ്ഞ് അതിന്റെ ചലനം പതുക്കെയാകുന്നു.
ഏറെ അപേക്ഷകൾക്കൊടുവിൽ ഒരു പുതിയ ജീവന്റെ
നിഷേധിക്കാൻ കഴിയാത്ത ചൂണ്ടുവിരൽ അതെനിക്കു തരുന്നു.
 

ബ്ളോഗിലെഴുതിയ കണ്ണാടിക്കാഴ്ച‌ ഇപ്രകാരവും:

പഴയ വീട്ടിൽ പുതുക്കിപ്പണിഞ്ഞ കുളിമുറിയുടെ  നീല ടൈലുകൾക്കിടയിലാണു ഈ കണ്ണാടി ആദ്യം കണ്ടത്.. കറുത്തവൃത്തത്തിനകത്തെ കൊച്ചു കണ്ണാടി.
(അത് മാർബിളുകൾ താജ്മഹൽ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന കാലം.)

കണ്ണാടി ആദ്യം കാണിച്ചത് പ്രായത്തിൽ കവിഞ്ഞ് വളർന്ന പെൺ മുഖം.(ആ പരിഭ്രാന്തിയിൽ കൂടുതൽ നേരമതിന്റെ മുന്നിൽ നില്ക്കുമ്പോൾ ചാപല്യമെന്ന് ശബ്ദമുയർത്താറുണ്ടായിരുന്നു അച്ഛൻ.)

പിന്നെ വല്ലപ്പോഴും കാണാറുള്ള സിനിമയിലെ നാട്യം അഭിനയിച്ചതിനു
കൈയടിച്ചതും ഉർവ്വശി അവാർഡ് തന്നതും ഇതേ കണ്ണാടി.

IPSകാരിയുടെ ഗൗരവത്തിൽ tooth paste റിവോൾവർ കൊണ്ട് ഉന്നം പിടിച്ചു ശീലിച്ചതും ആദ്യം എഴുതിയതിനു തന്നെ ബുക്കർ നോമിനേഷൻ കിട്ടിയതും
ഐശ്വര്യറായിയൊടൊപ്പം സുന്ദരിയാകാൻ പോരടിച്ചതും നഷ്ടപ്പെട്ട പാദസരത്തിന്റെ വിചാരണ ഓർത്ത്ആദ്യം കരഞ്ഞതും കളിയിൽ തോല്പ്പിച്ച കൂട്ടുകാരിയൊടുള്ള  ദേഷ്യം തീർക്കാറുള്ളതും ഇതിന്റെ മുന്നിൽ.

ഇതിന്റെ ബാക്കി ഇവിടെ വായിക്കാം.. 

എഴുതുവാനുള്ള കഴിവുണ്ടാവുക എന്നതൊരു അനുഗ്രഹമാണ്‌.. അതറിഞ്ഞ് കിട്ടിയവർ എഴുതാതെ കടന്ന് കളയുന്നത് വായനക്കാരുടെ നഷ്ടവും.. ഇന്ത്യൻ പീനൽ കോഡ് എഴുന്നൂറ്റിച്ചില്വാനം പ്രകാരം ഇതൊരു കുറ്റവും (എന്നേലും അങ്ങനൊരു ലാ വരുമായിരിക്കും)..  ലിഡിയ (ഈ പേരിന്റെ പിന്നിലുള്ള കഥ അവൾ എഴുതുമായിരിക്കും.. അതോ ആൾറെഡി എഴുതിയോ) അത് ചെയ്യില്ലെന്ന് നമുക്ക് ആശിക്കാം.. ഒരുപാട് നല്ല പോസ്റ്റുകൾ പ്രതീക്ഷിച്ച് കൊണ്ട്, എല്ലാവിധ ആശംസകളും നേർന്ന് കൊള്ളുന്നു..

മറ്റ് കാഴ്ചകൾ ഇവിടെ ക്ളിക്കി കണ്ടാലും..
-------------------------------------------------------------------

May 24, 2010

യോജനക്കാരോട്‌ രണ്ട്‌ വാക്ക്‌ (മിനിമം നാലെങ്കിലും പറയേണ്ടതാണ്‌ )

ശ്രീ.ഉമേഷിന്റെ ആളു നോക്കി മാറുന്ന യോജനയ്ക്കിടേണ്ടിയിരുന്ന കാലഹരണപ്പെട്ട പാപ(?) കമന്റാണിത്‌.. അതിനു ശേഷവും അനുബന്ധ പൊസ്റ്റുകൾ കുറേയെണ്ണം അവിടെ വന്നിരിക്കുന്നു.. ആ ലേഖനം നേരത്തെ വായിച്ചിരുന്നുവെങ്കിലും (കാൽവിന്റേയും, സുനിലിന്റേയും ചൂണ്ടുവിരലിനു നന്ദി), ഒരു കമന്റ്‌ പോസ്റ്റെഴുതാൻ ഒത്തിരി വൈകി.. പേർസണൽ പ്രോബ്ളംസ്‌ എന്ന ബ്ളാക്ക്‌ ഹോളിൽ ഞാൻ കാരണങ്ങളെ നിമജ്ജനം ചെയ്യുന്നു.. കാലഹരണപ്പെട്ട ഈ പോസ്റ്റ്‌ പബ്ളിഷരുതെന്നായിരുന്നു ആഗ്രഹമെങ്കിലും, രോഷത്തിന്റെ പെരിയാർ, അണപൊട്ടിച്ചൊഴുകിപ്പോകുന്നു.. സ്പാം കമന്റിന്റെ മുല്ലപ്പെരിയാർ തുറന്നെന്നെ മുക്കിക്കൊല്ലല്ലേയെന്നൊരു മുൻകൂർ ജാമ്യാപേക്ഷ.. 

പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്ന സായണനന്റെ ഒരു വാക്യത്തിന്റെ അർത്ഥം പ്രകാശ വേഗത വൾരെ കൃത്യമായി തരുന്നുവെന്നാണ്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്റിഫിക്‌ ഹെറിറ്റേജിന്റെ (IISH) സ്ഥാപകനേതാവ്‌ (ഡോക്റ്റ്രേറ്റുണ്ടെങ്കിലും ടിയാനെ ശാസ്ത്രഞ്ജൻ ന്ന്‌ വിളിക്കാൻ തോന്നണില്ല-കാരണം വഴിയേ മനസിലാവും) ഡോ. എൻ. ഗോപാലകൃഷ്ണൻ (GK) ഘോരഘോരമായി പ്രസംഗിച്ച്‌ നടക്കുന്നത്‌.. സംഗതികൾ (ഐ മീൻ ഉഡായിപ്പ്സ്‌ /തല്ലുകൊള്ളിത്തരം) അവിടം കൊണ്ട്‌ തീരുന്നുണ്ടൊ?? ഇല്ലെന്നേ, അതങ്ങനെ ജ്യോതിഷശാസ്ത്രമായി (എന്ത്‌ അങ്ങനെ ഒന്നില്ലാന്നോ--ഒണ്ടെന്നേ GK ടെ അഭിപ്രായത്തിൽ നിങ്ങൾക്കിതൊന്നും മനസിലാവണമില്ലെന്നേ, എന്നാലും ഒള്ളതാണെന്നേ (അതെന്താടാ ഊവ്വേ ഞങ്ങടെ ജികെ കുറവാ--ആ)), പരിണാമസിദ്ധാന്തായി, അൺസേർട്ടിനിറ്റി പ്രിൻസിപ്പളായി, ആറ്റംബോംബായി (കോപ്പായി) വിരാജിക്കുവല്ലേ!! 

പ്രാചീനഭാരതത്തിനു് ഇല്ലാത്ത മഹത്ത്വം ചാർത്താനും മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന വിദ്യയെ ഇകഴ്ത്താനുമുള്ള ശ്രമത്തിനു തെളിവുകളായി പ്രാചീനഭാരതീയഗ്രന്ഥങ്ങളിൽ നിന്നു് എന്നു പറഞ്ഞു് ഇതിയാൻ നിരത്തുന്ന സത്യവിരുദ്ധമായ പ്രസ്താവനകളെ ഉമേഷും സൂരജും അവരുടെ ബ്ളോഗുകളിലൂടെ തുറന്ന്‌ കാട്ടുന്നു.. 

സൂരജിനെ ഒന്നു ക്വാട്ടട്ടെ “പ്രാചീനഭാരതത്തിലെ ശാസ്ത്രസാങ്കേതിക കാര്യങ്ങൾ എത്രയോ വികസിതമായിരുന്നു എന്ന്‌ സ്ഥാപിക്കലാണ്‌ വ്യാഖ്യാനോദ്ദേശ്യം. പറഞ്ഞ്‌ പറഞ്ഞ്‌ വരുമ്പോൾ അന്താരാഷ്ട്ര സ്പേയ്സ്‌ സ്റ്റേഷൻ പോലും ഇവിടെയെങ്ങാണ്ട്‌ ഉണ്ടായിരുന്നില്ലേ എന്ന്‌ കേട്ടിരിക്കുന്ന മണ്ടന്റെ മണ്ടയിൽ തോന്നും... അമ്മാതിരി കീച്ചാണ്‌..... സംസ്കൃതം കൊണ്ട്‌ വയറിളക്കം... ഇംഗ്ളീഷു കൊണ്ട്‌ ഹാലിളക്കം... സയൻസ്‌ കൊണ്ട്‌ പടയിളക്കം.... ആകെ മൊത്തം ജഗപൊഗ..”

GK ടെ ഒരു വീഡിയോ ഓർക്കുട്ടിൽ ഫേവറിറ്റാക്കിയിട്ട ഒരു സുഹൃത്തിനോട്‌ GK യെപ്പറ്റി കുറച്ച്‌ ജീക്കെ പറഞ്ഞപ്പോൾ കിട്ടിയ മറുപടി കണ്ടെന്റ്‌ കൊള്ളാം, എന്തീറ്റാ പെട എന്നായിരുന്നു.. കാഞ്ചീപുരം സാരി ചൈനക്കാർ നിർമ്മിക്കുന്നതിനെ പറ്റിയായിരുന്നു വീഡിയൊ.. പൈതൃകങ്ങളെല്ലാം പോയി പോയി എന്നു വിലപിക്കുന്ന GK യുടെ പോക്ക്‌, ബാക്കി പൈതൃകങ്ങൾ
താന്‍ പോക്കും എന്ന രീതിയിലാണ്‌.. അല്ലിനി IISH ന്റെ ധർമ്മം അതാവുമോ.. അങ്ങോരുടെ തന്നെ ഭാഷേൽ ഉത്തരം--ആ.


യോജന ടൈറ്റിലിൽ തുടങ്ങിയ പോസ്റ്റ്‌ പറഞ്ഞ്‌ പറഞ്ഞ്‌ യോജനയുമായി ഒരു തരത്തിലും യോജിക്കാതെയായി.. വിഷയത്തിലേക്ക്‌ തിരിച്ച്‌ വരാം.. സായണന്റെ ഭൂമിയെ ചുറ്റുന്ന സൂര്യന്റെ വേഗതയെ പ്രകാശവേഗമായി വ്യാഖ്യാനിക്കുമ്പോൾ ഭൂമിക്ക്‌ ചുറ്റും സൂര്യനല്ല തിരിച്ചാണെന്ന ഫണ്ടമെന്റൽ തെറ്റ്‌ GK കണ്ടില്ലായിരിക്കുമോ, അതോ ഇനി ഉമേഷ്‌ പറഞ്ഞത്‌ പോലെ എന്തൊക്കെയായാലും അവസാന ഉത്തരം ശരിയെന്ന ന്യായമാണോ അങ്ങയെ നയിക്കുന്നത്‌?? അങ്ങൊരു സയന്റിസ്റ്റല്ല എന്ന എന്റെ അഭിപ്രായത്തിനു അടിവരയിടാനെ ഇതിനു കഴിയുള്ളൂ.. അറ്റ കൈക്ക്‌ അശാസ്ത്രീയനായ ശാസ്ത്രകോരൻ എന്നു പറഞ്ഞൊപ്പിക്കാം.. പോട്ട്‌..
 
ഉത്തരത്തിനനുസരിച്ച്‌ അളവ്‌ നിശ്ചയിക്കപ്പെടുന്ന യോജനയെപ്പറ്റി ഉമേഷ്‌ വിശദമായിട്ടിവിടെ എഴുതിയിട്ടുണ്ട്‌.. കൂട്ടത്തിൽ GK യുടെ പ്രസംഗങ്ങളിലെ തെറ്റും ചൂണ്ടിക്കാണിച്ചിരിക്കുന്നു.. പുള്ളിക്കും അറിയാമായിരിക്കും പറഞ്ഞതിലെ വങ്കത്തരം, എന്നാൽ തെറ്റിനെ തെറ്റായംഗീകരിക്കാൻ, അതൊന്നു വിളിച്ച്‌ പറയാൻ ഗോപാലകൃഷ്ണനിലെ ഈഗോപാലകൃഷ്ണൻ തയ്യാറാകുമെന്ന്‌ കരുതുന്നില്ല.. തോന്നിയവനു തോന്നിയപോലെ വ്യാഖ്യാനിക്കാവുന്ന യോജനേം താങ്ങിപ്പിടിച്ചോണ്ട്‌ ശാസ്ത്രത്തെ അളക്കാൻ വന്നാൽ എട്ടാം ക്ളാസ്സ്‌ പയ്യന്മാർ പോലുമൊന്ന്‌ കല്ലെടുത്ത്‌ കീച്ചിപ്പോകും, എന്നിട്ടും കീച്ചപ്പെടുന്നില്ല--കാരണം വഴി തെറ്റിക്കുന്ന വാഗ്പാടവം തന്നെ (കാൽവിന്റെ ലേഖനം ഇവിടെ).. 

പ്രസംഗിക്കാനുള്ള കഴിവൊരു കഴിവന്നെയാണ്‌, ഇതു സമ്മതിക്കുമ്പോൾ വാക്കുകൾ മുറിഞ്ഞ്‌ സ്റ്റേജിൽ നിന്നിറങ്ങിയ, പിന്നീടെല്ലായ്പ്പൊഴും സ്റ്റേജിനോടൊരു അകലം പാലിക്കാൻ വ്യഗ്രതപ്പെട്ട ഒരു ആറാം ക്ളാസുകാരന്റെ കുഞ്ഞു മുഖമാണു മനസിൽ; അത്‌ ഞാൻ തന്നെയായിരുന്നു.. തന്റെ ആ കഴിവ്‌ GK എങ്ങനെ മിസ്‌ യൂസ്‌ ചെയ്യുന്നുവെന്നു കാൽവിൻ ഇവിടെ വിശദമായിട്ടെഴുതിയിട്ടുണ്ട്‌..ചാതുർവർണ്ണ്യത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന (!) ഗോപാലകൃഷ്ണന്മാരുടെ ജ്യോതിഷ-രാഷ്ട്രീയത്തെപറ്റിയുള്ള കാൽവിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌..

ആർഷഭാരത സംസ്കാരത്തെ ഉയർത്തിക്കാട്ടുന്ന യോജനക്കാർക്കെതിരെ എന്തിനാണാവോ ഞാൻ രോഷപ്പെരിയാർ ഒഴുക്കി വിടുന്നത്‌?? കുറേക്കാലം ഫിസിക്സ്‌ പഠിച്ച/ഇപ്പോളും പഠിച്ചോണ്ടിരിക്കുന്ന ഒരാളുടെ (ഒരു ഭാരതീയന്റെ എന്നു പറയണില്ല, ശാസ്ത്രത്തിനു അതിരുകൾ കെട്ടാൻ ശ്രമിക്കുന്നത്‌ തന്നെ അശാസ്ത്രമാകും) സങ്കടം; അല്ലാണ്ട്‌ പറഞ്ഞിട്ടിവരെ നന്നാക്കാന്നുള്ളൊരു വ്യാമോഹനൻ നമ്പ്യാരും എന്നിൽ കുടിയിരിപ്പില്ല..

ലോകം കണ്ട മികച്ച experimental physicist കളുടെ പേര്‌ ചോദിച്ചാൽ നാവിൻ തുമ്പിലാദ്യമെത്തുന്നത് Albert Michelson ന്റേതായിരിക്കും.. നോബൽ നേടിയ (1907) ആദ്യ അമേരിക്കക്കാരൻ, Michelson-Morely experiment-1887 ലെ അതേ Michelson.. the most famous failed experiment; അതാണതിന്റെ വിജയവും.. ശബ്ദത്തെപ്പോലെ പ്രകാശത്തിനും സഞ്ചരിക്കാൻ ഒരു മീഡിയം ആവശ്യമാണെന്നും, ഈതർ എന്ന മീഡിയം ഈ പ്രപഞ്ചം മുഴുവൻ വ്യാപിച്ച് കിടക്കുകയാണെന്നുമായ വിശ്വാസത്തെ പൊളിച്ചടുക്കിയ എക്സ്പിരിമെന്റ്.. ഈതറിന്റെ നോൺ എക്സിസ്റ്റൻസ് പ്രൂവ് ചെയ്തത് മാത്രമല്ല, Einstein ന്റെ special relativity തിയറിയിലെ inertial frames ൽ പ്രകാശവേഗത സെയിം ആയിരിക്കും എന്ന പോസ്റ്റുലേറ്റിനെ അതിനും മുൻപേ തെളിയിച്ചു എന്നൊരു സയന്റിഫിക് പ്രാധാന്യം കൂടിയീ എക്സ്പിരിമെന്റിനുണ്ട് (However, Einstein was not aware of this experiment result).. 

അതിനുമെത്രയോ വർഷങ്ങൾക്ക് മുൻപ് പ്രകാശത്തിന്റെ വേഗത അളക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.. ഫൂക്കാൾട്ടിന്റെ Rotating mirror setup, പരിഷ്കരിച്ച ഒപ്റ്റിക്സോടെ ആണിതിനുപയോഗിച്ചത്.. അങ്ങനെ കിട്ടിയ വാല്യൂവിനെ (299,910 ± 50 km/s-published in 1879 and another refined measurement in 1883 gave 299,853±60 km/s) കുറേക്കൂടി കൃത്യമാക്കാൻ വേണ്ടി വർഷങ്ങൾക്കു ശേഷവും (1924-26) എക്സ്പിരിമെന്റ്സ് നടത്തുകയുണ്ടായി.. വിശദാംശങ്ങൾ ഇവിടെ കാണാം (Astrophysical Journal, vol. 65, p.1).. ഈ എക്സ്പിരിമെന്റിലൂടെ എസ്റ്റിമേറ്റ് ചെയ്ത പ്രകാശ വേഗത 299,796±4 km/s ആയിരുന്നു.. ലേസറിന്റെ ആവിർഭാവത്തോടെ പ്രകാശ വേഗത എളുപ്പത്തിലും കുറെക്കൂടി കൃത്യതയോടെയും നിർണ്ണയിക്കുകയുണ്ടായി.. Laser interferometric techniques വഴി കണ്ടെത്തിയ പ്രകാശ വേഗത 299,792.4562±0.0011 km/s.. Michelson ന്റെ എക്സ്പിരിമെന്റ്സ് ന്റെ ആക്കുറസി ഒന്നു നോക്കിയാട്ടെ.. ഇതാണ്‌ മാഷേ ആക്കുറസി; അല്ലാതെ GK, സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഇല്ലാതെ ഉൾപ്പുളകം കൊള്ളുന്ന ആക്കുറസി അല്ല.. ധ്യാനത്തിലൂടെ ഇതിലും ബെസ്റ്റ് ആക്കുറസി ആൻസർ കണ്ടെത്തിയിട്ടുണ്ടെന്ന് വിളിച്ച് കൂവി (ബൈ ദ വേ, മൈക്കൽസൺ പോലെയുള്ളവർ/ ലേസർ ഇന്റർഫെറോമെറ്റ്രി ഇന്നത്തെ ശരിയായ ആൻസർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ, റിവേഴ്സ് കാൽക്കുലേഷൻ നടത്തി യോജന ഡിഫൈൻ ചെയ്ത് ആക്കുറസി ആക്കുറസി എന്ന് മിണ്ടാൻ പറ്റുമായിരുന്നോ എന്നത് വേറെ കാര്യം) മൈക്കൽസൺ പോലൊരു പ്രതിഭയുടെ മാത്രമല്ല, തലമുറകളുടെ (വരാനിരിക്കുന്നതും ആയ) കൂടി ചെവിക്കല്ലാണ്‌ ഇത്തരം ഗോപാലകൃഷ്ണന്മാർ  പൊട്ടിക്കാൻ ശ്രമിക്കുന്നത്.. 


പുതുവർഷാരംഭം നേച്ചർ മാഗസിന്റെ, രാജ്യാടിസ്ഥാനത്തിലുള്ള science and technology യുടെ വളർച്ചാനിരക്കിന്റെ ഗ്രാഫ് കണ്ടൊന്ന് ഞെട്ടി.. നൂറ്‌ സിക്സർ അടിച്ചാൽ പോലും എത്തില്ല, ചൈനയുടെ എഴുന്നൂറയലത്ത് നമ്മൾ; അല്ല ആരും.. അല്ലപ്പാ ഇപ്പൊ നടക്കണത് ആഗോളവല്ക്കരണമോ അതൊ ചൈനാവല്ക്കരണമോ?? ഗർഭാവസ്ഥയിൽ തന്നെ 'survival of the fittest' ഫേസ് ചെയ്യേണ്ടുന്ന അവസ്ഥയിലാണ്‌ വരും തലമുറ.. മുന്നോട്ട് നടക്കണോ അതോ പുറകോട്ട് മടങ്ങണോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്‌.. വരും തലമുറയ്ക്കായി അറിവിന്റെ CFL തെളിച്ച് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു മുട്ടവിളക്കെങ്കിലും കത്തിച്ച് വയ്ക്കാൻ നാം തയ്യാറാവണം.. 

വാചകക്കസർത്തിലൂടെ ഫിസിക്സിലെ അറിവില്ലായ്മയെ മറച്ച്‌ പിടിക്കാൻ ശ്രമിച്ചൊരു സാറുണ്ടായിരുന്നു, പണ്ടെനിക്ക്‌, ബി എസ്‌ സിക്ക്‌.. നമ്മുടെ പുരാണങ്ങളിലുണ്ട്‌ ആറ്റംബോംബും, അൺസേർടേനിറ്റിയും, പുഷ്പക വിമാനോന്നുമൊക്കെ ഇടയ്ക്കിടയ്ക്ക്‌ ഉദ്ഘോഷിക്കുമായിരുന്നു.. പിന്നേ തേങ്ങയാ, ഇതും പറഞ്ഞിരിക്കണ കൊണ്ടാ ഇന്നും നമുക്കീ സ്ഥിതി; വെളിയിലേക്ക്‌ ചാടാൻ വെമ്പി നില്ക്കുന്ന ദേഷ്യപ്രഭാവനെ ഗുരുത്വം (ഒടുക്കത്തെ ഒരു ഗുരുത്വാകർഷണം) അടിമപ്പെടുത്തിക്കളഞ്ഞു.. എന്നാലതൊരിക്കൽ ചാടുക തന്നെയുണ്ടായി.. അതേ ഡിപ്പാർട്മെന്റിൽ വർക്ക്‌ ചെയ്തിരുന്ന കാലത്ത്‌, compton effect നെ പറ്റിയെന്തോ വങ്കത്തരം ഉതിർത്തപ്പോൾ എന്നിലെ അവസരവാദിയുണർന്നു.. തർക്കം തീരണ മട്ടില്ല.. രവി സാർ വീണിടത്ത്‌ നിന്നഭ്യാസം കാട്ടുകയാണ്‌.. ആകസ്മികമായി കയറി വന്ന HOD സുരേഷ്‌ മാഷതിൽ ഇടപെട്ടു.. കാര്യമറിഞ്ഞപ്പോൾ, ‘രവീ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ’ എന്നായിരുന്നു പ്രതികരണം. .സാറിന്റെ വാക്കുകൾ കടമെടുത്ത്‌ പറയട്ടെ, ‘മി.ഗോപാലകൃഷ്ണൻ യുവർ ഡിഗ്രീ ഷുഡ്‌ ബി ടേക്കൺ ബാക്ക്‌ ഏന്റ്‌ യു ഷുഡ്‌ ബി സെൻഡ്‌ ഫോർ പശൂനെ മേയ്ക്കൽ’..  

പോകണ വഴിക്ക്‌ GK സാറിനൊരു ഉപഡേഷം, ഹാ ഒരു വഴിക്ക്‌ പൊകുവല്ലേന്ന്‌ ഇരിക്കട്ടേന്ന്‌: സാറിന്റെ ജാതകം ഒന്നു നോക്കണത്‌ നല്ലതായിരിക്കും, സയന്റിഫിക്കല്ലേലും യൂസ്ഫുൾ ആണെന്നെ.. വല്ല കണ്ടകശ്ശനി ഉണ്ടെന്നോ, ഇനിയും കൊണ്ടിട്ടേ പോവും ന്നോ ഒക്കെ അറിയാൻ കഴിയും..  
--------------------------------------------------------- 


 

നിരീക്ഷിച്ചവര്‍