Apr 28, 2011

ന്നാലും ന്റെ ഗംഗേ എന്നോടിത് വേണ്ടായിരുന്നു!


“അതെന്താ അല്ലിക്കാഭരണം എടുക്കാന്‍ ഞാങ്കൂടെ പോയാല്‌? വിടമാട്ടേന്‍, വിടമാട്ടേന്‍.. അയോഗ്യ നായേ, ഉന്നെക്കൊന്ന് ഉന്‍ രക്തത്തെക്കുടിച്ച്”
“ഗംഗേ”.. പ്ധീം.. കട്ടിലൊന്നുലഞ്ഞു..


"ആഹ്,അമ്മേ.. ചവിട്ട് കൊണ്ട് നിലത്തു വീണ്‌ കിടന്നലറുന്ന ടീംസ് സ്വന്തം ചേട്ടനാണ്‌.. "ഡാഷെ, എന്നാ ചവിട്ടാടാ ഇത്? ഉറക്കത്തിലാണോടാ ദേഷ്യമുണ്ടേല്‍ ചവിട്ടിത്തീര്‍ക്കുന്നത് കോപ്പെ!!"

“എന്താടാ എന്താ പറ്റിയെ?നീയെങ്ങനെ നിലത്ത് വീണു?”
“അമ്മേടെ പുന്നാര മോന്‍ ഗംഗേന്നും വിളിച്ചെന്നെ ചവിട്ടിയിട്ടതാ!”

“ഗംഗയോ? അതാരാ?ആരാടാ ഈ ഗംഗ?”

“എന്തോ ചുറ്റിക്കളിയാമ്മെ,അല്ലാണ്ടിമ്മാതിരി കാറല്‍ ഉണ്ടാവില്ല.. ഹമ്മേ എന്തൊരു വേദന.. എന്നാലും കരക്റ്റ് നടൂന്‌ തന്നെ ചവിട്ടിയല്ലോ അതും ഉറക്കത്തില്‍.. ഏത് മറ്റവളാണാവോ ഈ ഗംഗ, അവളു പണ്ടാരടങ്ങിപ്പോകത്തെ ഉള്ളൂ”.. എരിതീയില്‍ പെട്രോളൊഴിക്കാന്‍ അല്ലേലും ചേട്ടന്‍ പണ്ടെ ബെസ്റ്റാണല്ലോ..


“ഇങ്ങളൊന്നിങ്ങ് വന്നെ മാഷെ,ഇവനോട് ചോദിച്ചാട്ടെ എന്താ കാര്യം ന്ന്..”
“നീ തന്നെ അങ്ങ് ചോദിച്ചാ മതി, ചുറ്റിക്കളിയൊക്കെ പറയിക്കാന്‍ നീ തന്നെയല്ലെ ബെസ്റ്റ്”..

“എന്തോന്ന് ചുറ്റിക്കളി!!”..ഞാന്‍ പകുതി അടഞ്ഞ മിഴികള്‍ രണ്ടും തിരുമ്മി.. “ഞാന്‍ ഇന്നലെ പാതി രാത്രി പണ്ടാരടങ്ങാനായിട്ട് ആ മണിച്ചിത്രത്താഴ് ഒന്നൂടെ കണ്ടതാ.. അതിന്റെയാമ്മെ,അല്ലിയും ഗംഗയുമൊക്കെ.. അല്ലാണ്ടൊന്നുമില്ല”..


“ങെ അപ്പോ അല്ലിയുമുണ്ടോ? ഗംഗ പോരാഞ്ഞിട്ടാ.. അമ്മേയിത് ചുറ്റിക്കളി തന്നാട്ടാ.. ഇങ്ങളെനിക്ക് കല്യാണം ശരിയാക്കണേനു മുന്നെ ഇവനെ പിടിച്ച് കെട്ടിക്ക് കേട്ടോ. ഇല്ലേല്‍ ചെക്കന്‍ കൈവിട്ടോകും”..

ലവനു രാവിലന്നെ വേറെ പണിയൊന്നുമില്ലേ? കിട്ടിയ ചവിട്ടും കൊണ്ടവിടെ അനങ്ങാണ്ട് കിടന്നാപ്പോരെ, ചേട്ടനായിപ്പോയി, ഇല്ലേല്‍ രണ്ടെണ്ണം കൂടി കൊടുത്തേനെ..


“ഒന്നു പോടപ്പാ,ഒരു ചുറ്റിക്കളി.. 28 ആം പിറന്നാള്‍ ഇങ്ങടെയെല്ലാം കൂടെ പായസം കൂട്ടി ആഘോഷിക്കാം ന്നു കരുതി ഇങ്ങ് വന്ന എന്നെ പറഞ്ഞാ മതിയല്ലോ”..

“കേട്ടാ അമ്മേ,അവനിരിപത്തെട്ടായീന്ന്, വേഗം നോക്കിത്തുടങ്ങിക്കോ.. എന്നാലും ആരാപ്പാ ആ ഗംഗ.. ഹോ എന്തൊരു ചവിട്ട്” ചേട്ടന്‍ അടുത്ത ആപ്പുമടിച്ച് നടുവും താങ്ങി കോലായിലേക്ക്..


“ഏയ് മാഷെ,ഇങ്ങളിത് കേട്ടില്ലേ..ഇവനു ഇരുപത്തെട്ടായീന്ന്”..
“അത് മിനിഞ്ഞാന്നായില്ലേ,സദ്യ വിത്ത് പായസം കഴിച്ചതുമല്ലേ.. അതിനിപ്പം എന്താ?”

“ഒന്നൂല്ല.. സന്ദിക്ക് കല്യാണം നോക്കണേന്റെ കൂട്ടത്തില്‍ ഇവനേം ചേര്‍ക്കാനായീന്ന്.. അല്ലേങ്കില്‍ ഗംഗേം അല്ലിയൊക്കെ കൂടി ഇങ്ങു കേറി വരും.. പറേന്നത് മനസിലാവുന്നുണ്ടോ? അല്ലിങ്ങളടുത്താഴ്ച റിട്ടയര്‍ ആവുന്നല്ലേ.. അപ്പോ പിന്നെ ഇതന്നാവട്ടെ പണി!!”


“ശരി ടീച്ചറേ, ഓനും നോക്കിക്കളയാം..നി പോയി പുട്ടുണ്ടാക്ക്”.. റിട്ടയര്‍മെന്റ് ജീവിതം ഒരു വഴിക്കായ സന്തോഷത്തില്‍ അച്ഛന്‍ പത്രോമെടുത്ത് കോലായിലേക്ക് നടന്നു..

“ഇങ്ങക്കെല്ലാം കളിയാ.. ആരെയെങ്കിലും കൂട്ടി ചെക്കനിങ്ങ് കേറി വരുമ്പൊ മനസിലാവും”.. ടീച്ചര്‍ അഴിഞ്ഞ കാര്‍കൂന്തലൊന്നൊതുക്കികെട്ടി പതിയെ അടുക്കളയിലേക്ക്..


ജീവിതം ഒരരുക്കായ സ്ഥിതിക്ക് ടൂത്ബ്രഷുമെടുത്ത് ഞാന്‍ ബാത്റൂമിലേക്കും.. രാവിലന്നെ ചായേം കുടിച്ച് വടകര പോയി വൈകീട്ടേക്ക് ബാങ്ക്ളൂര്‍ക്ക് ടിക്കറ്റെടുക്കണം, നാളത്തെ ടിക്കറ്റ് കാന്‍സലടിച്ചേക്കാം.. ഇനിയും ഇവിടെ ഇരുന്നാല്‍, വല്ല സ്വപ്നോം കണ്ടാല്‍ ചെലപ്പോ നാളെത്തന്നെ ലൈഫ് ഒരു സൈഡായീന്ന് വരും.. ഏത് നേരത്താണാവോ പായസോം കൂട്ടി വീട്ടീന്ന് പിറന്നാളുണ്ണാന്‍ തോന്നിയത്!! ന്നാലും ന്റെ ഗംഗേ!
-----------------------------------------------------------


പുലിവാല്‍: അച്ഛന്‍ റിട്ടയറായിട്ട് സമയം പോക്കാനാന്ന് തോന്നുന്നു, മ്മടെ ബ്ലോഗ് വായിക്കുന്നു.. തുടക്കത്തിലേ തടഞ്ഞില്ലേല്‍ വന്‍ പ്രശ്നാ!! ചേട്ടനെ പിന്നെ പണ്ടെ സൈഡാക്കീതാ! അമ്മയെ സോപ്പിടലെ രക്ഷയുള്ളൂ, അല്ലെങ്കില്‍ ബ്ലോഗിന്റെ സ്ഥാപര ജംഗമവസ്തുക്കളൊക്കെ അങ്ങ് എഴുതി മേടിക്കും..

Apr 14, 2011

Lost in silence

വാക്കുകൾക്കിടയിലെ മൌനത്തിൽ
നഷ്ടപ്പെട്ടത്‌ കൊണ്ടാവുമോ,
വാക്കുകളിൽ തിരഞ്ഞിട്ടും തിരഞ്ഞിട്ടും
നിന്നെ എനിക്ക്‌ കണ്ടെത്താനാവാത്തത്!!

നിരീക്ഷിച്ചവര്‍