Nov 27, 2011

പുതപ്പ്


കുളിരുന്നെന്ന് കരഞ്ഞ വേദനകളെ
ഒരു കരിമ്പടം കൊണ്ട് മൂടുക

കാലു പോലും പുറത്ത് കാണിക്കരുത്

തല, പിന്നെ പറയുകയേ വേണ്ടല്ലോ..

വേദനകളെ പുതച്ച് മൂടാൻ കഴിയാതെ പോയ
എന്റെ കുട്ടിത്തത്തിനു ഞാനെന്ത് പിഴച്ചു??

ഒരു പുതപ്പിന്റെ സ്വാന്തനം അമ്മയെന്തെ പറഞ്ഞു വച്ചില്ല??

ഇരുട്ടിന്റെ, നിറമില്ലായ്മയുടെ ലോകത്തിലേക്കെനിക്കെന്തെ
ആരുമൊരു കമ്പിളി വച്ച് നീട്ടിയില്ല??

Nov 8, 2011

തിരയടങ്ങാതെ


മനസിലൊരൊറ്റത്തിര

താഴ്ന്നും ഉയർന്നും
നിന്നെലേക്കെന്ന്,
വീണ്ടും നിന്നിലേക്കെന്ന്.

യാത്ര പറയാനൊരുങ്ങവെ
കാലിൽ കുരുങ്ങി
സ്നേഹത്തോടെ പടിയിറങ്ങി
വീണ്ടും പഴയ തിരയായ് തിരിച്ചെത്തുന്നു

ഒരിക്കലും യാത്ര പറയാനാവില്ലല്ലോ
എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു

മനസൊരു കടൽ,
നീയെന്ന എന്നിൽ നിന്ന് മടങ്ങാനാവാതെ തിരകൾ..

അതിരുകളും അരുതുകളും ഇല്ലാതെ
നിന്നിലേക്കെന്ന് വീണ്ടും നിന്നിലേക്കെന്ന്..

Nov 4, 2011

മഴവില്ല്‌

പുറത്ത്‌, വെയിലിൻ കുട ചൂടി
ആകാശം മുത്തുകൾ പൊഴിക്കുന്നു.

പല ഭാവങ്ങളിൽ
മൃദുവായി,
ഇടയ്ക്കൊന്ന്‌ നിർത്തി,
ആർത്തലച്ചെത്തുന്നു വീണ്ടും..

ഇടവേളകളിലെപ്പൊഴോ വെയിൽ നാളങ്ങൾ
വർണ്ണക്കുട നിവർത്തുന്നു..

അകത്ത്‌ പെയ്യുന്ന മഴയ്ക്കൊറ്റ ഭാവം,
ഇരുളിന്റെ ഒറ്റ-നിറമില്ലായ്മ..

അകക്കാഴ്ചകളിൽ ഉടക്കിപ്പോയ
നിന്നെ, വലിച്ച്‌ പുറത്തിടാൻ,
ഈ വർണ്ണകാഴ്ചയൊന്ന് കാണിക്കാൻ
ഞാനെന്ത്‌ ചെയ്യേണ്ടൂ!!

നിരീക്ഷിച്ചവര്‍