Oct 21, 2009

ലാൽ സലാം.....



ലഫ്‌.കേണൽ മോഹൻലാൽ ഇന്നലെയും അഭിനയത്തിരക്കിലായിരുന്നു, താനുൾപ്പെടുന്ന ടെറിട്ടോറിയൽ ആർമിക്കുവേണ്ടി. പ്രധാനമന്ത്രിയുടെ ടെറിട്ടോറിയൽ ആർമിയുടെ വാർഷിക പരേഡിനു ശേഷമായിരുന്നു സേനയിലേക്കു കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രത്തിൽ ലാലിന്റെ അഭിനയം..(മനോരമയിൽ ഇന്നലെ വന്ന വാർത്ത--മുഴുവൻ ഇവിടെ വായിക്കാം..)


ഇതു വായിച്ച്‌ ലാലേട്ടന്റെ കുറേ 'കട്ട' ഫാൻസെങ്കിലും പട്ടാളത്തിൽ ചേർന്നിരുന്നെങ്കിൽ എന്നാശിച്ച്‌ പോവുകയാണു. മാത്രമല്ല മറ്റ്‌ സ്റ്റാർസ്‌ കൂടി ഇത്തരം സംരംഭങ്ങൾ ഏറ്റെടുത്ത്‌ അവരുടേയും ഫാൻസിനെ അങ്ങോട്ടയച്ചിരുന്നെങ്ങിൽ പെരുത്ത്‌ ഉപകാരമായി; ഇവരുടെ ശല്യമില്ലാതെ മര്യാദയ്ക്കൊരു സിനിമ തിയേറ്ററിലിരുന്ന് കണ്ടിട്ട്‌  ശ്ശി കാലായേ..



തീയേറ്ററിനു മുന്നിലെ പടക്കം പൊട്ടിക്കൽ, മറ്റ്‌ കലാപപരിപാടികൾ എന്നിവയിൽ നിന്നു വല്ല വിധവും രക്ഷപ്പെട്ട്‌ അകത്തെത്തിയാലോ പട പേടിച്ച്‌ പന്തളത്തു ചെന്ന അവസ്ഥയും. പണ്ടൊക്കെ സിനിമയ്ക്കിടയ്ക്ക്‌ റീൽ മാറ്റുംബോഴും, കറന്റ്‌ പോകുംബോഴും തങ്ങളുടെ ഇഷ്ടതാരങ്ങളുടെ അപ്രതീക്ഷിതമായ അപ്രത്യക്ഷമാകലിലായിരുന്നു, കാണികൾ, കൂവൽ, വിസിലടി തുടങ്ങിയ കലാപരിപാടികൾ കാഴ്ചവച്ചിരുന്നതെങ്കിൽ, ഇന്നവർ(സ്റ്റാർസ്‌) സ്ക്രീനിൽ പ്രത്യക്ഷമാകുംബൊഴേ തുടങ്ങുകയായി. അതും പോരാഞ്ഞ്‌ ഒരു സ്റ്റാറിന്റെ ഫാൻസ്‌ മറ്റ്‌ സ്റ്റാർസുകളുടെ പടങ്ങൾ കൂവിത്തോൽപ്പിക്കാനും തുടങ്ങിയത്രേ..അംബംബോ  ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയാൽ എന്തൊക്കെ കാണണം! എന്തൊക്കെ കേൾക്കണം!.എന്നാ സിനിമയൊട്ട്‌ കണ്ടോ? അതില്ലതാനും.. 


ശവപ്പെട്ടിയിൽ പോലും അഴിമതിക്ക്‌ സ്കോപ്പ്‌ കണ്ടെത്തുന്ന, വീരമൃത്യുവടഞ്ഞ പട്ടാളക്കാരോടും അവരുടെ കുടുംബത്തിനോടും അനാദരവ്‌  കാണിക്കാൻ മാത്രം ശീലിച്ച്‌ പോന്ന രാഷ്ട്രീയക്കാർ വാഴുന്നിടത്തോളം കാലം, ദേശസ്നേഹത്തിന്റെ പാരമ്യത്തിൽ നിൽക്കുന്നവർ പോലും, പട്ടാളത്തിൽ ചേരുന്നതിനെപ്പറ്റി കുറഞ്ഞത്‌ രണ്ട്‌ വട്ടമെങ്കിലും ആലോചിക്കും.



എന്നിരിക്കിലും, ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ കളി, മിസൈൽ പരീക്ഷണങ്ങൾ എന്നിവ നടക്കുംബോഴും, ഇന്ത്യാ-പാക്‌ വാർ മൂവീസ്‌ കാണുംബോഴും മാത്രം രാജ്യത്തോട്‌ കൂറു കാണിക്കുന്ന പാർട്ട്‌ ടൈം ദേശഭക്തരേറെയുള്ള ഈ രാജ്യത്ത്‌ അവരെ ഒരളവു വരെ സ്വാധീനിക്കാൻ ഇത്തരം പരസ്യങ്ങൾക്ക്‌ കഴിഞ്ഞേക്കും.[തൊഴിലില്ലായ്മയുടെ പങ്കിനെപ്പറ്റി ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ..]..


യുവാക്കളെ സൈന്യത്തിലേക്കാകർഷിക്കാനുള്ള ലാലേട്ടന്റെ ശ്രമങ്ങൾക്ക്‌ ആശംസകൾ നേരുന്നതോടൊപ്പം കാർഗിൽ പോരാട്ട സമയത്ത്‌ യുദ്ധമുന്നണിയിലേക്ക്‌ പോവാൻ സന്നദ്ധനായ്‌ രംഗത്തു വന്ന ഹിന്ദി സിനിമാ നടൻ നാനാ പടേക്കറിന്റെ വാക്കുകൾ കൂടി അനുസ്മരിച്ചു കൊള്ളുന്നു.

"Our greatest weapon is not the Bofors, nor the AK, but our jawans".

Oct 15, 2009

മരണം

മരണം;
ഓർമ്മകളെ കാർന്നു തിന്നുന്ന മറവിയായ്‌,
സ്വപ്നങ്ങളെ തച്ചുടയ്ക്കുന്ന യാഥാർത്ഥ്യങ്ങളായ്‌,
പ്രണയത്തിനു മീതെപ്പറക്കുന്ന സ്വാർത്ഥതകളായ്‌,
സൗഹൃദത്തെ മുക്കിക്കൊല്ലുന്ന ചതിക്കുഴികളായ്‌,
ദൈവങ്ങളെ കീഴ്പ്പെടുത്തുന്ന മതങ്ങളായ്‌,
അണികളെ തിരസ്കരിക്കുന്ന പ്രസ്ഥാനങ്ങളായ്‌,
ജനങ്ങളെ ചവിട്ടിയരയ്ക്കുന്ന അധികാര വർഗ്ഗങ്ങളായ്‌,
മേൽക്കോയ്മ തേടിയുഴറുന്ന യുദ്ധങ്ങളായ്‌,
അവൻ വരുന്നു.

 ------------------------------------

Oct 6, 2009

ഹനാൻ; ഒരു കമന്റ്‌ കഥ

 ഹനാനെക്കുറിച്ചുള്ള നേരത്തെ ബ്ലോഗോസ്റ്റിൽ (ഇവ്ടേണ്ട്‌ ), മാത്രുഭൂമി തിരുത്ത്‌ അമുക്കിയതും കൂടി അറിഞ്ഞപ്പോൾ, ലേശം വയലന്റായി ഞാനൊരു കമന്റിന്മേൽ കമന്റിട്ടു.അതും,അതിന്റെ പിന്നിലെ ആക്ച്വൽ സ്റ്റോറീം കൂട്ടി മിക്സീലടിച്ച്‌ വേറൊരു പോസ്റ്റാക്കാന്ന് തീരുമാനിച്ചു.അദ്ദിവിടെ നാട്ടട്ടെ.

'ഗതികേടേ നിന്റെ പേരോ ബ്ലോഗ്ഗർ' എന്നാരാണ്ടാ ചോദ്ദിച്ചേ..ഓനെ ആ ഇറയത്തേക്കൊന്നു എറക്കി നിർത്തിയേ..അദ്ദേടാ, ഗതികെട്ടാൽ ബ്ലോഗ്ഗർ കമന്റും പോസ്റ്റും.
*********************************

രാജേഷയച്ചു തന്ന സ്കാൻഡ്‌ മാത്രുഭൂമി കട്ടിംഗ്സും,തൊട്ടൂട്ടാൻ അച്ചാറെന്ന പോലെ എന്റെ ബ്ലോഗഡ്രസും ഡിപ്പാർട്ട്‌ മെന്റിലെ [phys dept IISc] ചില ഫ്രന്റ്സിനു മെയിലിലൂടെ വിളംബിയിട്ട്‌ ഇന്നലെ രാത്രി ഒരു പത്തര പതിനൊന്നു മണ്യായപ്പോൾ, ഒരു കട്ടനടിക്കാൻ അടുത്തുള്ള ചായക്കടേലേക്ക്‌ അട്യേൻ സ്കൂട്ടായി..

മുത്തുരാജണ്ണന്റെ പിസയും ടൊമാറ്റോ സോസും കൂട്ടിക്കുഴച്ച്‌, ഇടയ്ക്‌ ലാബ്മേറ്റിനോട്‌ ലാത്തിയുമടിച്ച്‌, ഏംബക്കവുമിട്ട്‌ തിരിച്ച്‌ ലാബിലെത്തി ആസനസ്ഥനായതേയുള്ളൂ (ചുരുട്ടാൻ വാലില്ലാണ്ടായിപ്പോയി--ഡാർവ്വിന്റെ ഒരു സിദ്ധാന്തേ), ദാണ്ടെ വരണൂ, വിനീതൻ..

ഈ പുള്ളി ആൾ പുല്യാട്ടൊ..കണ്ണൂർ യൂനിവേഴ്‌സിറ്റി BSc റാങ്ക്‌ ഹോൾഡർ,ഇവിടുത്തെ Integrated PhD സ്റ്റുഡന്റ്‌. കൂനിന്മേൽ കുരു പോലെ കണ്ണൂരാരനും..

കണ്ണൂറാർക്കെന്താ കൊംബുണ്ടോ..അതില്ല..തപ്പി നോക്ക്യാ ബാഗീ രണ്ടൂന്ന് ബോ.. ബോ.. ബോംബ്‌ കണ്ടേക്കും..

"സുചാന്ദേട്ടാ, ഇങ്ങളെന്ത്‌ പണിയാ കാണിച്ചേ?"

"എന്തേടാ, ഇഞ്ഞി വല്ലോം കണ്ടോ"

"അദല്ലാന്ന്..ഇങ്ങളാ ബ്ലോഗിലു ഇതോലൊന്നും എഴുതിയാപ്പോരാ.. തച്ചോടിക്കണാ കുരിപ്പിനെ. ഇമ്മളൊക്കെ ഇനി പണി നിർത്തിപ്പോണതാ നല്ലത്‌ "

"മോനേ,അത്‌ മതീടാ..അദ്ദേന്നെ ധാരാളം"

"അതോന്നും ഒന്നോല്ലാ.. ഞാനാട ഒരു കമന്റിട്ടിനു..അയിനൊരു കിണ്ണൻ കമന്റിടീന്ന് "

"പോഡ്യാ ചെറിയോനെ..ഇഞ്ഞി പറഞ്ഞാൽ കമന്റെഴ്താൻ ഞാനിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയ്യ്യാ"

"ഇങ്ങളെഴ്ത്‌ ന്നോ അതോ......."

ചെക്കനെന്റെ കഴ്ത്തീക്കേറിയൊരു പിടി..അല്ലപ്പാ മൊത്തം സുയിപ്പായല്ലോ..എന്തോ ചെയ്യും?? നമ്മളും കണ്ണൂരിനടുത്താണേലും, കണ്ണൂരോളം വരുമോ കണ്ണൂക്കര?


"ബിട്‌ മോനേ,ചങ്കീന്ന് പിടി ബിട്‌..എന്താ വേണ്ടേന്നെച്ചാൽ സമാധാനം ഉണ്ടാക്കാം..

തൊള്ളേന്ന് വന്ന സൗണ്ട്‌ ഇഫക്റ്റ്സിൽ ആശയം പുടികിട്ടിയ പഹയൻ ചങ്കീന്ന് കയ്യെടുത്തു..മൂക്കീക്കൂടേം വായീക്കൂടേം ഞാൻ 'എൻ ശ്വാസക്കാറ്റിനെ' വലിച്ചു കേറ്റി..

"ആട ഞാനൊരു കമന്റിട്ടീക്കണു.അതിനിങ്ങളൊരു നല്ല തട്ടു തട്ട്യാണി."

ഓ പിന്നേ തട്ട്‌ തട്ടാൻ ഇതെന്താ ഇഡലിയാ...

"ഡാ കുരിപ്പേ എനിക്ക്‌ വേറെ പണീണ്ട്രാ"

"അതെല്ലാം പിന്നെ..പേപ്പെറെഴ്ത്തല്ലേ..ആദ്യം ഇദ്ദ്‌ ചെയ്താട്ടെ".

"എടാ ഇന്റെ വികാരം മനസ്സിലാവുന്നു..ന്നാലും ഇനീം വേണോ??"

"വേണം,വെവ്വേണം..അല്ലാ ഇനീം ഇങ്ങളെ ചങ്കിനു പിടിക്കണോ"..കഴ്‌ത്ത്നു നേരെ നീളണ കൈ തട്ടി മാറ്റി ഞാൻ ബ്ലോഗോറൊന്നു..

സത്യം പറഞ്ഞാൽ, മാത്രുഭൂമി, തിരുത്ത്‌ ഒരു മാതിരി അമുക്കിയത്‌ കൊണ്ട്‌ എനിക്കൂത്തിരി ദേഷ്യോണ്ട്‌..

വിനീതൻ കൽപ്പിച്ചതും ഞമ്മളിച്ഛിച്ചതും ഒരേ ഐറ്റം ആണേലും, ഒരാള്ടെയും (see comments to the previous post), വ്യക്തിഹത്യാവിളി കേൾക്കാനിനി വയ്യ..പോരാത്തേനു വല്യ കുട്ട്യോളു ചെയ്യണ കാര്യം ചെയ്താലും ഓളൊരു ചെറിയ കുട്ട്യന്നല്ലേ!! ഇമ്മിണി മുതുക്കൻ കുട്ട്യായ ഞമ്മളു മിണ്ടാൻ പാടുണ്ടോ?? എന്തോ ചെയ്യും?? അയ്യപ്പാ (കഴ്‌ത്ത്‌) സേവപ്പാ..

ഒടുവിൽ ബെർളിച്ചായന്റെ ബ്ലോഗിലൊരു പാളി നോക്കി,അച്ചായനെ കൈകളിലേക്കാവാഹിച്ച്‌ (വെർതാ..ഒന്നും നടന്നില്ലാട്ടാ) കീബോർഡിൽ കട്ടകൾ അടിച്ചു തുടങ്ങി..(ദക്ഷിണ ചോതിച്ചേക്കല്ലേ അച്ചായോ,കയ്യീ, തരാന്‍ ഈ പോസ്റ്റ്‌ മാത്രേള്ളൂ).. 
**************************************

കമന്റ്‌ ദ്ദാ ചോടെ...

Vineeth said: this critisism is not enough! A Real Nuisance to science.


 ദ്ദേ ഞമ്മടെ:  മോനെ വിനീത്‌, ഇങ്ങനെ എഴുതീട്ട്‌ തന്നെ ചില പാലങ്ങൾ എന്റെ പാലം വലിക്കാന്‍ നടക്കുവാ..സത്യം പറഞ്ഞാൽ അന്നിതു (oct 2nd) കണ്ടു കലിപ്പായി ഇതല്ല, ഇതിലപ്പറം എഴുതണം എന്നു നിരീച്ചതാ..മാത്രുഭൂമി തിരുത്ത്‌ ഒരു മാതിരി അമുക്കിയത്‌ കൊണ്ട്‌ ഞമ്മളിന്നിത്തിരി വയലന്റ്‌ ആകാമെന്ന് വച്ചു..

'റിലേറ്റിവിറ്റി '  ന്നുള്ള വാക്കാദ്യം ഉഛരിച്ച്‌ കണ്ഠ ശുദ്ധി വരൂത്തീട്ട്‌ ബാ ചെറിയോളെ, എന്നിട്ടിഞ്ഞി ന്യൂട്ടൺ തെറ്റായിരുന്നൂന്ന് തെളിയിക്ക്‌..അതും കഴിഞ്ഞിട്ട്‌ നമ്മക്ക് ആലോചിക്കാം ഐൻസ്റ്റിനിട്ട്‌ ആപ്പ്‌  (കോപ്പാ) വക്കണ കാര്യം...

പിന്നെ എന്തേലും പത്രങ്ങളില്‍ എഴുതിപ്പിടിപ്പിക്കണേനു മുന്നേ, അതിന്റെ ഇമ്പാക്റ്റ്‌ ഒന്നാലോചിക്കാമായിരുന്നു..ആ എഴുതിപ്പിടിപ്പിച്ചത്‌ തന്നെ വേറെ ആരുടേയോ (Moffatt) ജീവിതത്തിന്റെ വിലയാ..മഹതിയായ അങ്ങ്‌ സയൻസ്‌ ലൈഫിൽ ഇനി അങ്ങോട്ട്‌ ഉണ്ടാക്കാൻ പോകണ എല്ലാ തിയറികളും മറ്റുള്ളവരുടെ അടിച്ചു മാറ്റിയത്‌ ആകുമോ?? അല്ലാ ഇതാരാപ്പാ ഇങ്ങടെ ബഴി കാട്ടി...ആ കുരിപ്പിനെ കണ്ടിക്കിണ്ടേൽ ഞമ്മനേം ഒരു ശിഷ്യനാക്കാൻ പറ്റുമോ എന്നു ചോയിക്കാനാ....

പിന്നെ ആ പത്രം..അയിനെ പറ്റീട്ട്‌ പണ്ടു 'പത്രം' സിനിമേൽ അസ്സലായിട്ടു പറഞ്ഞിട്ടില്ലേ... പത്രപ്രവർത്തനത്തിനും മൂല്യച്യുതിയല്ലേ മക്കളെ...അയിനു മൂല്യമൊണ്ടായിട്ടു ബേണ്ടെ ച്യുതിക്കാൻ...കുറേ ഒണക്ക പത്രോങ്ങളു #@$&*##* ത്ഫൂ....വായ കഴുകീട്ടു വരാം..

അല്ലാ അപ്പോൾ ആ സ്കൂളിന്റെ വെബ്‌ പേജോ..അതാരപ്പാ ആ ഗുലുമാലുണ്ടാക്കിയെ?? കുഞ്ഞിമ്മോനേ അനോണീ, ഇജ്ജ്‌ തന്ന ഫോണിലൊന്നു ഞമ്മളു ബിലിച്ചോക്കട്ടെ..അല്ല ആ കക്ഷീനെ കണ്ടിട്ട്‌ ബേണം എനക്കും ഒന്ന് തൊടങ്ങാനെ...ചെറുപ്പത്തീ ഞമ്മളും ഒരു പുലിയന്നെ ആയിരുന്നേ..ഒരു പാടു മടൽ ച്ചേ.. ച്ചേ.. മെഡലും വാരിക്കൂട്ടീക്ക്ണ്ട്‌..അതെല്ലാം ചില്ലിന്റെ കൂട്ടിലിരിപ്പാ...എന്തൊ? കളവാന്നോ..ഇല്ലെടെ, കളവു ഞമ്മളു പറയൂല്ലാ--അതാറാമ്മാ... ഞമ്മടെ മരിച്ചിട്ടുള്ള ജീവിതത്തിനെ പറ്റി നല്ല പേടീണ്ട്‌..എണ്ണേലൊക്കെ, ബറത്ത്‌ പൊരിച്ച കോയീനെ പോലെ കെടക്കാൻ ഞമ്മളെ കൊണ്ടാവൂല്ലാ...

ശാസ്ത്രം സത്യത്തിലേക്കുള്ളാ വെളിച്ചമാണു..നിങ്ങളാരൊക്കെ മറച്ച്‌ പിടിച്ചാലും അത്‌ എങ്ങനേങ്ങിലും, എന്നെങ്ങിലും മറ നീക്കി പുറത്ത്‌ വന്നോളും.. അന്ന് ഞെരിപ്പായിട്ട്‌ കിട്ടും; വെളിച്ചം വിത്ത്‌ കുറെ സൈഡ്‌ ഇഫക്റ്റ്സ്‌..അതാണു ശാസ്ത്രത്തിന്റെ ഒരു കളി...അതു കൊണ്ട്‌ നീയൊക്കെ എന്നാന്നു വച്ചാ ചെയ്യേടാ ഊവ്വേ..

ഇങ്ങനെ ബെർളിച്ചായന്‍ സ്റ്റൈലിൽ ചാംബാനുള്ള സ്കോപ്പൊന്നും ഏനില്ലേ..നമ്മൾ അല്ലറ ചില്ലറ കവിത (?), കഥയുമായി (?) കഴിഞ്ഞു കൂടണ പാവം ഒരു റിസർച്ചറാണേ..അതു കൊണ്ടീ സാധനം (ഹനാൻ പോസ്റ്റ്‌ ) എഴുതിയപ്പോൾ നേരാം വണ്ണം എഴുതി പോയതാണേ..ഇനി ഒണ്ടാവൂല്ലേ..
******************************************


ഒടൊ: ഹനാനെപ്പറ്റീള്ള express buzz ന്യൂസ്‌ വായിച്ച്‌,  മീഡിയോമാനിയ, ചർദ്ദിൽമാനിയ, പേരറിഞ്ഞൂടാത്ത വേറെന്തെക്ക്യോ മാനിയാസ്‌ പിടിച്ച്‌ ഞങ്ങടെ ഡിപ്പാർട്ട്‌മന്റിലെ ഒരു കുട്ട്യാത്ഭുതം (child prodigy) ആശ്യൊത്രീലായ വെവരം എല്ലാരെയും കുണ്ഠിതശിരസ്ക്കനായ്‌ അറിയിക്കട്ടെ..

മാർഗ്ഗമദ്ധ്യേ ദുർഘടങ്ങൾ ഒന്നൂല്ലാണ്ടിരിക്കാൻ ഇതങ്ങട്‌ ചൊല്ല്വാ...

പ്രോഡിഗി ശരണം ഗഛാമി
മീഡിയ ശരണം ഗഛാമി
അശാസ്ത്രം ശരണം ഗഛാമി


ജയ്‌ ഗുരുവായൂരപ്പൻ...

-----------------------റിക്വസ്റ്റ്‌------------------

ആരും കാണാൻ പാടില്ലാത്തതും അഥവാ കണ്ടാൽ മനസിലാകാൻ കഴിയാത്ത വിധത്തിലുമായ ഒരു തിരുത്ത്‌ കൊടുത്ത്‌ മാത്രുഭൂമി ഈ അദ്ധ്യായം അടച്ചു പൂട്ടിയെങ്കിലും ശാസ്ത്രലോകത്തിലൊരിക്കലും അങ്ങനെ ഒരു അടച്ചുപൂട്ടൽ ഇല്ലാത്തോണ്ട്‌ ഈ വിഷയത്തിൽ ഇനിയും സംവാദങ്ങൾ വന്നു കൊണ്ടേയിരിക്കും...എല്ലാവരോടും ഒരു ചിന്ന റിക്വസ്റ്റ്‌ ഉണ്ട്‌. ഈ വിഷയവുമായി ബന്ധപ്പെട്ട സീരിയസ്‌ അഭിപ്രായങ്ങൾ മുന്നേയുള്ള പോസ്റ്റിൽ ഇടുന്നതായിരിക്കും അഭികാമ്യം..

Oct 3, 2009

ഹനാൻ, നീ മലയാളിയുടെ അപമാനമാകുന്നു; ശാസ്ത്രത്തിന്റേയും

ഹനാനെക്കുറിച്ച്‌ കേള്‍ക്കുന്നത്‌ ഒരു നാട്ടിലുള്ള സ്നേഹിത വഴിയാണു.റിസര്‍ച്ചിന്റെ തിരക്കിനിടയ്ക്ക്‌   പത്രവാര്‍ത്തകള്‍ വായിക്കാന്‍ വിട്ടു പോവാറുണ്ട്‌; പോരാത്തതിന് ശാസ്ത്രവുമായിട്ട്‌ ബന്ധപ്പെട്ട പത്രവാര്‍ത്തകളോട്‌  "കണ്ണേ മടങ്ങുക" എന്നൊരു സമീപനം പണ്ടേ എടുത്തതുമാണു. അവയുടെ നിലവാരം തന്നെ കാരണം. CERN ല്‍ കഴിഞ്ഞ വര്‍ഷം നടന്ന large hadron collison എക്സ്പിരിമെന്റിനെ കുറിച്ചുണ്ടായ കോലാഹലങ്ങള്‍ ഇപ്പൊഴും ഓര്‍മ്മയുണ്ട്‌. പരീക്ഷണത്തിന്റെ പരാജയസാധ്യതകള്‍ ചര്‍ച്ച ചെയ്യാനായിരുന്നല്ലോ അവര്‍ക്കു താല്‍പര്യം. ലോകാവസാനത്തിനു (നാനോ സെക്കന്റ്സ്‌ പോലും നിലനില്‍ക്കാത്ത പ്ലാസ്മാവസ്ഥയെ കുറിച്ചുള്ള അറിവില്ലായ്മ) ഒരു സ്കോപ്പ്‌ പോലും ഇല്ലെന്ന് ശാസ്ത്രഞ്ജര്‍ ആണയിട്ട്‌ പറഞ്ഞിട്ട്‌ പോലും, ആ സാധ്യത ഊതിപ്പെരുപ്പിച്ചുകളഞ്ഞു, നമ്മുടെ മാധ്യമങ്ങള്‍.

കൂടാതെ ഇമ്മിണി ബല്യ കുട്ടി അത്ഭുതം [child prodigy] തഥാഗതിന്റെ പക്വതയില്ലായ്മ്മ ഡിപ്പാര്‍ട്ട്മെന്റില്‍ [ Physics dept, IISc] സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടറിയുന്ന ഒരാളെന്ന നിലയ്ക്ക്‌ ആ വര്‍ഗ്ഗത്തിനോടു തന്നെ ഒരു 'never mind' പോളിസി നേരത്തേ എനിക്കുണ്ടായിരുന്നു. തഥാഗത്‌ പടിയിറങ്ങിയപ്പോള്‍ വലത്‌ കാല്‍ വച്ച്‌ കയറിയ അലി ആമിറിന്റെ കാര്യവും വ്യത്യാസമായിരുന്നില്ല. റെക്കോര്‍ഡിനു വേണ്ടി ജീവിതം നശിപ്പിക്കുന്ന ഈ കുട്ടികളെ ഓര്‍ത്ത്‌ സഹതപിക്കാന്‍ മാത്രമേ കഴിയൂ... [ ഈ വിഷയത്തെ പറ്റി വൈകാതെ തന്നെ ഒരു പോസ്റ്റ്‌ നാട്ടാന്‍ ശ്രമിക്കാം].

സൊ മറവിയുടെ ഉള്ളറകളിലേക്ക്‌ ഇറങ്ങിപ്പോയ ഹനാന്‍ ചിന്താമണ്ടലത്തിലേക്ക്‌ കയറി വരുകയും ഇങ്ങനെ ഒന്നെഴുതാന്‍ തീരുമാനിക്കുകയും ചെയ്യാന്‍ കാരണം , കഴിഞ്ഞ ദിവസം (ഗാന്ധി ജയന്തി ദിനത്തില്‍ തന്നെ ആയത്‌ യാദ്രുശ്ചികമാവം!!) അവിചാരിതമായി കയറിയിറങ്ങിപ്പോയ ചില ബ്ലോഗുകളും (പപ്പൂസ്‌, കാല്‍വിന്‍, Next Door Nerd ) അവയിലുള്ള ലിങ്ക്‌ ബസ്‌ പിടിച്ചെത്തിയ indian express വാര്‍ത്തയും "മലയാളി അല്ലേ, ഇതല്ല ഇതിലപ്പുറവും ചെയ്യും(കള്ളത്തരത്തെപ്പ്റ്റിയാണ്  പരാമര്‍ശം)" എന്ന കമന്റുമാണു. ഹനാന്‍ ഹാഷിം അങ്ങനെ മലയാളിക്ക്‌, എന്തിനു ശാസ്ത്രത്തിനു തന്നെ ഒരപമാനമാവുകയല്ലേ ചെയ്തത്‌? ഈ ന്യൂസിന്റെ സത്യസന്ധത മേല്‍ പറഞ്ഞ ബ്ലോഗുകളില്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. 

കാശുണ്ടേല്‍ ഏതു അണ്ടനും അടകോടനും സങ്കടിപ്പിക്കാന്‍ കഴിയുന്ന NASA യോട്‌ പുലബന്ധം പോലുമില്ലാത്ത 13 ദിവസം കൊണ്ട്‌ കിട്ടണ ഒരു സപ്രിട്ടിക്കറ്റ്‌, (നിലവില്‍ ഇല്ലാത്ത ഒരു ജേര്‍ണ്ണലില്‍ ഒരു പേപ്പര്‍ ഉണ്ടാക്കാന്‍ പറ്റിയാള്‍ക്ക്‌ ഒരു സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ അധികം പ്രയാസമുണ്ടായിക്കാണില്ല അല്ലേ?? ), ഒരു റോക്കറ്റ്‌, കുറെ മാന്യദേഹങ്ങളെ ബന്ധിപ്പിച്ചുള്ള ഫോണ്‍, മെയില്‍ അവകാശവാദങ്ങള്‍--വേണ്ട കള്ളത്തരങ്ങളുടെ പട്ടിക നീണ്ടു പോകും.....

അതിനിടയ്ക്കാണു ആരുടെയൊക്കെയോ കമന്റുകള്‍ കണ്ടത്‌..  ഇവര്‍ ഒരു മുസ്ലിം ആയതോണ്ടല്ലേ ഇങ്ങനെ ക്രൂശിക്കുന്നത്‌ എന്ന്?? ശാസ്ത്രത്തിനു ആ വേര്‍തിരിവുണ്ടെന്നു അടിയന്‍ നിരീച്ചതേയില്ല.. മഹത്തായ ഒരു കണ്ടുപിടുത്തം അത്‌ ഓസാമ ബിന്‍ ലാദന്റേയായാലും ശാസ്ത്രലോകം അംഗീകരിക്കും എന്നാണെന്റെ വിശ്വാസം..ശാസ്ത്രത്തില്‍ പൊളിറ്റിക്സ്‌ തീരെ ഇല്ല എന്നു പറയുന്നില്ലെങ്കിലും, മതത്തിന്റെ അടിമയാണു ശാസ്ത്രം എന്നു കരുതുന്നില്ല... പകരം ഇതു കേള്‍ക്കുംബോള്‍ മതത്തിനെതിരാണു ശാസ്ത്രം എന്ന പഴയ ചിന്ദാഗതികളും കാലക്രമേണ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മിസ്‌ യൂസ്‌ ചെയ്ത മത വിശ്വാസികളുടെ അവസരവാദിത്തത്തേയും പറ്റി ഓര്‍ത്തു പോകുന്നു...എന്തും മതത്തിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളെ, നിങ്ങള്‍ക്ക്‌ ശാസ്ത്രത്തിനെ എങ്കിലും വെര്‍തെ വിട്ടൂടെ??

ലോകത്തില്ലാത്ത ഒരു ജേര്‍ണ്ണലില്‍  [American Journal of Theoretical Physics] ആണു തന്റെ ആര്‍ട്ടിക്കിള്‍ വന്നതെന്ന് പറഞ്ഞത്‌ ഏതായാലും നന്നായി.പകരം ഫിസിക്സിലെ പ്രസ്റ്റിജിയസ്‌ ജേര്‍ണ്ണലായ American Physical Society യുടെ Physical Review Letters എന്നൊന്നും വിളിച്ചു പറഞ്ഞില്ലാലോ.പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു. ഇത്തരം ജേര്‍ണ്ണലുകളില്‍ പിന്നീടൊരിക്കലും പ്രസിധീകരിക്കാന്‍ കഴിയാത്തവിധം ഒരു ആജീവനാന്ത വിലക്ക്‌ തരപ്പെട്ടേനെ.. അല്ലാ ഒരു വിധത്തില്‍ ഇവര്‍ അതര്‍ഹിക്കുന്നില്ലേ?? പബ്ലിസിറ്റിക്കു വേണ്ടി ഇന്നൊരു വാര്‍ത്ത സൃഷ്ടിച്ച ഈ കുരുന്ന് നാളെ എന്തേലും കള്ള റിസല്‍ട്ടുമായി വരില്ല, മറ്റൊരു പബ്ലിസിറ്റിക്കു വെണ്ടി സ്വന്തം നാടിനെ പൊലും ഒറ്റിക്കൊടുക്കില്ല എന്നെന്താണുറപ്പ്‌?  (മീഡിയ റിപ്പോര്‍ട്ടേഴ്സിനു ഭാവന വല്ലാതെ ആകാമെങ്ങില്‍ എനിക്കും ഇത്തിരി കടന്നു ചിന്തിച്ചൂടെ!! ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ..)

ഇനി എന്നെങ്കിലും പുതിയൊരു തിയറിയുമായി ഇവരെഴുന്നള്ളിയാലും സംശയദ്രുഷ്ടിയോടെ മാത്രമേ ശാസ്ത്രലോകത്തിനു കാണാന്‍ കഴിയുകയുള്ളൂ.. തന്റെ ഭാവി നശിപ്പിച്ചത്‌ കുറെ കോപ്പ്‌ ബ്ലോഗന്മാരാണെന്ന് പഴി പറയാനുള്ള അര്‍ഹത, ഈ കുട്ടിക്ക്‌, ബുദ്ധിസാമര്‍ത്ഥ്യം മൂലം നഷ്ടമായിരിക്കുന്നു..

പിന്നെ റിലേറ്റിവിറ്റിയെ പറ്റിയുള്ള absolute zero തിയറി.....ശരിയാണു, ഹനാന്‍ അബ്സൊല്യൂട്ട്‌ലി സീറൊ തന്നെ...ശാസ്ത്രവിഷയത്തില്‍ , മിക്ക മാധ്യമങ്ങളും അതേ...


റിലേറ്റിവിറ്റിയെ പറ്റിയുള്ള ഈ വിമര്‍ശനം വളരെ പഴക്കമുള്ളതാണു. John Moffatt എന്ന 'ജെനറല്‍ റിലേറ്റിവിറ്റി ' വിദഗ്ദന്‍ 1992 ല്‍ പറഞ്ഞത്‌. ചില കോസ്മോളജിക്കല്‍ പ്രോബ്ലംസ്‌ ഡീല്‍ ചെയ്യണമെങ്കില്‍ ബിഗ്‌-ബാന്‍ഗ്‌ സമയത്ത്‌ പ്രകാശത്തിന്റെ വേഗത ഏതാണ്ട്‌ ഇന്നത്തേതിന്റെ [c=3X10^8 m/s,constant in Einsteins special relativity theory] ഏതാണ്ട്‌ 30 ഓര്‍ഡേര്‍സ്‌ (10^30)എങ്കിലും കൂടുതല്‍ ആയിരിക്കാമെന്നും പിന്നീടത്‌ കുറഞ്ഞതാണെന്നുമുള്ള ഇദ്ദേഹത്തിന്റെ പേപ്പര്‍ അന്ന് ജേര്‍ണ്ണലുകള്‍ നിരസിക്കയുണ്ടായി.. ( Einstein ന്റെ റിലേറ്റിവിറ്റി തിയറി പോലും വളരെ കാലങ്ങള്‍ക്കു ശേഷമാണു ലോകം അംഗീകരിച്ചത്‌. കൂടാതെ അതിനല്ല അദ്ദേഹത്തിനു നോബല്‍ പ്രൈസ്‌ ലഭിച്ചത്‌..മറിച്ച്‌ അതേ വര്‍ഷം പ്രസിദ്ധീകരിച്ച photo-electric effect പേപ്പറാണു അദ്ദേഹത്തെ അതിനര്‍ഹനാക്കിയത്‌..റിലറ്റിവിറ്റിക്ക്‌ കൊടുക്കാന്‍ അന്നാര്‍ക്കും ധൈര്യമുണ്ടായില്ലത്രേ..)


Moffatt ന്റെ അതേ തിയറി 1999 ല്‍  Joao Magueijo    'Physical Review D' എന്ന ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ തനിക്കു മുന്നേ Moffat ഇത്‌ പറഞ്ഞതാണെന്നറിഞ്ഞ Magueijo ഈ തിയറിയുടെ ക്രഡിറ്റ്‌  Moffatt നു നല്‍കാന്‍ സന്മനസ്‌ കാണിച്ചു ഒരു മാത്രുകയായി. അപ്പോള്‍ ഇതൊക്കെ ഈ കൊച്ചിന്റേതാനെന്നു പറഞ്ഞാല്‍ നമ്മളെന്തോ ചെയ്യണം കര്‍ത്താവെ?? ലാലേട്ടന്‍ തേന്മാവിന്‍ കൊംബത്തില്‍ പാടിയ പോലെ കള്ളീ കള്ളീ,കള്ളിപ്പൂങ്കുയിലേ എന്നു പാടണൊ?


ഇങ്ങനെയുള്ള ഗുണ്ടുകള്‍ പൊട്ടിക്കുന്ന,ഇവരെ നാടിന്റെ അഭിമാനമാക്കുന്ന മാധ്യമങ്ങളേ, നിങ്ങള്‍ വിട്ടുകളഞ്ഞ ഒരു മഹാനായ ഒരു മലയാളി ഭൗതികശാസ്ത്രഞ്ജനെക്കുറിച്ചിവിടെ പരാമര്‍ശിക്കുന്നത്‌ ഉചിതമായിരിക്കും എന്നു കരുതുന്നു. രണ്ടു തവണ നോബല്‍ പ്രൈസ്‌ വഴുതിപ്പോയ ECG Sudarshan, പ്രകാശത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന 'ടാക്കിയോണുകളുടെ' പേരിലാണു ഇദ്ദേഹം അറിയപ്പെടുന്നത്‌. 2005 ല്‍ quantum optics ലെ തിയറിക്ക്‌  (Sudarshan-Gluaber function) Glauber നോബെല്‍ നേടിയപ്പോള്‍ Sudarshan വിസ്മരിക്കപ്പെട്ടു. ഈ ഫങ്ങ്ഷന്‍ ആദ്യം പ്രപ്പോസ്‌ ചെയ്തത്‌ Sudarshan ആണെങ്കിലും പലയിടത്തും ഇന്നും Glauber-Sudarshan function എന്നാണറിയപ്പെടുന്നത്‌. അവാര്‍ഡ്‌ പ്രഖ്യാപനം വായിച്ചപ്പോള്‍ പണ്ട്‌   IIT madras ല്‍ പഠിക്കുംബോള്‍ "നമ്മള്‍ ഇന്ത്യക്കാരെങ്കിലും ഈ ഫങ്ങ്ഷനെ 'Sudarshan-Glauber' ഫങ്ങ്ഷന്‍ എന്നു വിളിക്കണം" എന്നു പറഞ്ഞ സത്യനാരായണ സര്‍ന്റെ വാക്കുകള്‍ ഞാനോര്‍ത്തുപോയി.


അതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ (1979) അദ്ദേഹത്തിന്റെ തന്നെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത Electro-Weak Theory ക്ക്‌  Abdus Salam, Sheldon Glashow, Steven Weinberg എന്നിവര്‍ക്ക്‌ നോബെല്‍ കിട്ടുകയുണ്ടായി..ഒരു 26 കാരന്റെ പ്രായക്കുറവാകാം തനിക്കതു നഷ്ടപ്പെടുത്തിയത്‌ എന്ന്  Sudarshan പറയുകയുണ്ടായി..ഇതൊക്കെ നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞു കാണുമോ ആവൊ??

ഇന്നലെ കണ്ട ചില ബ്ലോഗുകളുടെ വെളിച്ചത്തില്‍ ഞാന്‍ സുഹൃത്ത്‌  രാജേഷിനു മെയില്‍ ചെയ്തു...   ( IIA യിലെ പ്രോഫസര്‍മാര്‍ക്ക്‌ മെയില്‍ ചെയ്ത്‌ "ഇയാളെ (ഹനാനെ) ഞമ്മളു ഗൈഡ്‌ ചെയ്തിട്ടെയില്ല" എന്ന ക്രൂഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ നല്‍കിയ സെയിം രാജേഷ്‌ )..  പുള്ളിയെനിക്കാ പേപ്പര്‍ കട്ടിംഗ്സ്‌ 'വായീരെടെ, കണ്‍കുളിക്കെ വായീരു' എന്നാശംസിച്ചു കൊണ്ട്‌ അയച്ചു തന്നു..അതില്‍ ഹനാന്‍ ഹാഷിമിനെ ദത്തെടുക്കാനുള്ള നീണ്ട നിര അതും ഗൂഗിളമ്മച്ചിയടക്കം കണ്ട്‌ അടിയന്‍ കോരിത്തരിച്ച്‌, ഛായ്‌   ഞെട്ടിത്തരിച്ച്‌ നിന്നു പൊയീട്ടോ..


ഇനി 'ഇതാ ഇവള്‍ മാത്രുഭൂമീടെ അഭിമാനം, DPEP ടെ ഉത്പ്പന്നം, പ്രകൃതിയുടെ പ്രതിഭാസം' എന്നൊക്കെ വിളിച്ച്‌ പറഞ്ഞ്‌ പത്താം ക്ലാസ്സ്‌ പോലും പാസ്സാകാത്ത എതേലും മന്ത്രി കൂടി വന്നാല്‍ ഭേഷായി; അടിയനു ത്രിത്പിയായി, ത്രുപ്പായി, തീര്‍പ്പായി.. (ഛായ്‌  ഏതവനാടാ വായില്‍കൊള്ളാത്ത വേര്‍ഡ്‌ ഉണ്ടാക്കിയേ !!)....
************************



ഓഫ്‌ ടോപ്പിക്‌:

ലൈബ്രറിയിലേക്ക്‌ ഗൈഡ്‌ ചെയ്തതിനെ റിസര്‍ച്ചിലേക്കെന്ന് വളച്ചൊടിച്ച ഇവരുടെ കള്ളം, ശാസ്ത്രീയമായി തന്നെ വെളിച്ചത്ത്‌ കൊണ്ട്‌ വരാന്‍ സഹായിച്ച രാജേഷിനു നന്ദി..ആ പേപ്പര്‍ കട്ടിങ്ങുകള്‍ അയച്ചു തന്നതിനു ഒരു സ്പെഷല്‍ താങ്ക്സൂടെ..ഈ വൃത്തികേടിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാ ബ്ലോഗെഴ്സിനും/മറ്റുള്ളവര്‍ക്കും സ്പെഷല്‍ ഒട്ടും കുറയാത്ത എന്റെ സ്പെഷല്‍ താങ്ക്സ്‌..

നിരീക്ഷിച്ചവര്‍