Sep 8, 2011

ഓര്‍മ്മത്തെറ്റുകളുടെ ഓണപ്പൂക്കളം


ഓര്‍മ്മയിലിന്നലെ ഒരു ഓണപ്പൊട്ടന്റെ മണികിലുക്കം.. ഓണപ്പൊട്ടനെ ആദ്യമായി കാണുന്നത് രണ്ടാം ക്ലാസിനുശേഷമായിരുന്നു, അച്ഛന്റെ തറവാട് വീടിന്റെ പരിസരത്ത്, ഒഞ്ചിയത്ത് ഈ പരിപാടിയുണ്ടായിരുന്നില്ല.. അടുത്ത പഞ്ചായത്തിലെ ഓര്‍ക്കാട്ടേരിയിലേക്ക് വീടുമാറിയതിനുശേഷമുള്ള ഒരോണത്തിനാവും കണ്ടത്, കുരുത്തോല കൊണ്ടലങ്കരിച്ച ഓലക്കുടയും കിരീടവും ചായങ്ങളുമായി മണിമുട്ടി ഓടി വന്നയാളെ ഓണപ്പൊട്ടന്‍ ന്ന് അമ്മ വിവരിച്ചു.. ദക്ഷിണ കൊടുത്തു, അനുഗ്രഹം വാങ്ങിച്ചു.. പിന്നീടും ഏതൊക്കെയോ ഓണപ്പൊട്ടന്മാര്‍ എത്രയോ തവണ അനുഗ്രഹിച്ചു, ചിലപ്പോഴൊക്കെ തിരുവോണവും കഴിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് പോവുന്ന വഴിയില്‍ വച്ചായിരുന്നു അനുഗ്രഹം..


ഇപ്രാവശ്യം ഓണത്തിനു സ്പെഷല്‍ എന്താന്ന് ചോദിച്ചാ, ലോ ടെമ്പറേച്ചര്‍ എക്സ്പിരിമെന്റ്സാ, ഇത്തിരി എടുക്കട്ടേന്ന് ഞാന്‍ തിരിച്ച് ചോദിക്കേണ്ടുന്ന അവസ്ഥയാ.. വീട്ടിലെത്തുന്നത് ശനിയാഴ്ച, തിരുവോണത്തിന്റെ പിറ്റേന്ന്,അതും ഏട്ടന്റെ കല്യാണത്തിരക്കുകളിലേക്ക്.. നിങ്ങള്‍ വീട്ടില്‍ വരുന്ന ദിവസാ ഞങ്ങക്കോണവും വിഷുവുമെന്ന് പറയുന്ന അച്ഛനുമമ്മയും ഉള്ളപ്പോള്‍ എന്നുമെനിക്ക് ഓണവും വിഷുവുമാക്കാമെന്നതല്ലെ ശരിയായ ഭാഗ്യം.. എന്നാലുമൊരു (അധിക)പ്രസംഗം ഇവിടെ എഴുതിയിട്ടാളയാം എന്നു കരുതി.. ബ്ലോഗ് തുടങ്ങിയ കാലം തൊട്ട് വിചാരിക്കുകയാണ്‌ ഓണം- ഓര്‍മ്മകളെഴുതിയിടണം എന്ന്.. മനസില്‍ വരുന്ന ഓര്‍മ്മത്തെറ്റുകളൊക്കെ അടുക്കില്ലാതെ പറഞ്ഞു കൊള്ളട്ടെ ഈ അധികപ്രസംഗി?


സദസിനു വന്ദനം (പണ്ടിങ്ങനെ പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോഴാ എന്റെ ആദ്യ പ്രസംഗം ശെടേന്ന് നിന്നു പോയത്!!ആറാം ക്ലാസില്‍ വച്ചായിരുന്നു അത്.. പുതിയ സ്കൂള്‍, ക്വിസ് മത്സരങ്ങളിലൂടെ ഏട്ടന്റെ ഒരു സ്റ്റാമ്പ് അവിടെ കറങ്ങി നടപ്പുണ്ടായിരുന്നു.. വേദിയിലിരുന്ന ഹെഡ്മാഷ് രാമകൃഷ്ണന്‍ സാര്‍,അടുത്തിരുന്ന ആരോടോ, ഇവന്‍ ആ ക്വിസ് മത്സര ചാമ്പ്യന്‍ സുചാന്ദിന്റെ അനിയന്‍ സുചാന്ദാന്നു പറഞ്ഞത് കേട്ടൊന്ന് തിരിഞ്ഞപ്പോളെക്കും ഓര്‍മ്മ ചോര്‍ന്നൊലിച്ച് പോയിന്ന് പറഞ്ഞാ മതിയല്ലോ.. പിന്നൊരു നോക്കി വായന ആയിരുന്നു, അതിനു ശേഷം പ്രസംഗിച്ചത് അപൂര്‍വ്വം.. കോളേജില്‍ പഠിപ്പിക്കുന്ന കാലത്ത് അസോസിയേഷന്‍ ഇനോഗറേഷനാവും പിന്നീട് കാര്യാമായൊന്ന് പ്രസംഗിക്കുന്നത് തന്നെ!! അന്നെന്റെ മേശപ്പുറത്തൊരു അസൈന്മെന്റ് ഷീറ്റ് ഉണ്ടായിരുന്നു, റ്റു സുചാന്ദ് സിംഗ് സാര്‍.. കണ്ട് ഞാന്‍ ചിരിച്ച് മറിഞ്ഞ് വീണുരുണ്ടാണു ഇനോഗറേഷന്‍ ഹാളിലെത്തിയത്, അവിടേം ഞാനത് പറഞ്ഞെന്നോര്‍മ്മ!!).. ഓര്‍മ്മകളിലെവിടെയൊക്കെയോ ഞാന്‍ നോക്കി വായിച്ചു കൊള്ളട്ടെ..


ഓണക്കാലത്ത് മാത്രം നാട്ടിലിറങ്ങുന്ന ഒരു സംഭവം ഉണ്ട്, ഏതാന്നറിയാമോ ദേ മാവേലി കൊമ്പത്ത്, ഓണക്കാലത്ത് കരക്റ്റായിട്ട് അങ്ങേരാ കൊമ്പത്ത് കയറുമായിരിക്കും, തലേല്‍ കിരീടോം വച്ചോണ്ട്!! ദിലീപ് കെ ആവാസ് സുനോ ആയി നാദിര്‍ഷയുടെ ഐഡിയകളായി കാസറ്റിലൂടെ കാതുകളിലെത്തുന്ന തകര്‍പ്പന്‍ സംഭവം.. ഇപ്പോ അവരു വീഡിയോയും ഇറക്കണുണ്ടത്രെ.. മാവേലിക്ക് ഇന്നസെന്റിന്റെ സൗണ്ടും, ഡ്യൂപ്പിനു ജഗതീടെ സൗണ്ടും.. ‘ഡ്യൂപ്പേ’ന്നൊരു വിളിയുമായാവും മാവേലി ദേ കൊമ്പത്ത് (തല തിരിച്ച് പറഞ്ഞാലും അര്‍ത്ഥം ഒന്നു തന്നെ) തുടങ്ങണത്.. ‘ന്റെ പ്രജകള്‍ക്കെല്ലാം എന്ത് പറ്റീടാ’ എന്നൊരു തൃശ്ശൂര്‍ സ്ലാങ്ങും ഉണ്ടാവും പിന്നാലെ.. എന്റെ പല ഓണക്കാല ഓര്‍മ്മകളും ആ കൊമ്പില്‍ തൂങ്ങിക്കിടന്നൂഞ്ഞാലാടുന്നു.. പണ്ടൊരു ദേ മാവേലിയില്‍ ‘നിലാപ്പൊങ്കലായല്ലോ ഓ’ യ്ക്ക് പാരഡി ആയിട്ട് ‘ഗട്ടറില്‍ വീണു മാവേലി ഓ’ ആയിരുന്നെന്നോര്‍മ്മ.. ഇത്തവണയും ആ ട്യൂണൊന്ന് മാറ്റിപ്പിടിച്ച് സെയിം തീമില്‍ ഒരു സോങ്ങുണ്ടാക്കവുന്നതേയുള്ളൂ ‘ആരാണ്ടാ ആരാണ്ടാ ഗട്ടറില്‍ വീണത് ആരാണ്ടാ?’ എന്നോ മറ്റോ.. ഗട്ടര്‍ അന്നുമിന്നും വളര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമല്ലേന്ന്, അപ്പോ പിന്നെ തീമിനു പകരം ട്യൂണ്‍ മാത്രം മാറ്റിയാപ്പോരേ ഡ്യൂപ്പേന്ന് മാവേലി വരെ ചോദിച്ചു കളഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. പോള്‍ വധം നടന്ന 2009 ല്‍ എസ് കത്തിയൊക്കെ വച്ചൊരു മാവേലിസ്റ്റോറി ഇറക്കണമെന്ന് വിചാരിച്ച് വിചാരിച്ച് അവസാനം വിചാരം മാത്രമായി അതവശേഷിച്ചു.. കഴിഞ്ഞ രണ്ട് കൊല്ലങ്ങളായിട്ട് അതു കൊണ്ട് വിചാരങ്ങളേ ഇല്ല.. മാവേലി സ്റ്റോറിക്ക് പകരം മാവേലി സ്റ്റോറില്‍ കള്ളു വിറ്റു കൂടേന്നൊരു വിചാരം മാത്രമുണ്ട്, കാരണം നമ്മുടെ കേരളം (സാമ്പത്തികമായി) റണ്‍ ചെയ്യുന്നത് പെട്രോളിലും ഡീസലിലുമൊന്നുമല്ലാലോ, മദ്യത്തിലല്ലേ.. ഇന്നാള്‌ വടകര ഒരു ദൃശ്യം കണ്ടു.. ശ്രീമണിയുടെ (അത് വടകരയിലെ കണ്ണായ സ്ഥലത്തെ ഒരു ബാറാ, സത്യായിട്ടും ഞാന്‍ പോയിട്ടില്ലവിടെ.. മാഹി അപ്പുറത്ത് നീണ്ട് നിവര്‍ന്ന് കിടക്കുമ്പോ നുമ്മളെന്തൂട്ടിനാണിങ്ങട് പോണേന്ന്??) ഓപ്പസിറ്റില്‍ ഒരു കക്ഷി ശരിക്കും നാഗവല്ലന്‍ ആവുന്നത്.. കിടന്ന് പാമ്പിനെ പോലെ വട്ടം ചുറ്റുകയും ഇഴയുകയും ഒക്കെ ആയിരുന്നു, ഏതോ കൊള്ളാവുന്ന വീട്ടിലെ മുപ്പത്തഞ്ചിലേറെ പ്രായം മതിക്കുന്ന ആ ചേട്ടന്‍.. ഇപ്രാവശ്യം ഓണത്തിനു നമ്മടെ റെക്കോര്‍ഡ് നമ്മള്‍ തന്നെ തകര്‍ക്കും എന്ന് കരുതാം.. ഹാപ്പി ഓണത്തിനു പകരം ഷാപ്പി പോണം എന്നാണല്ലോ ഇപ്പളത്തെ ഒരു സ്റ്റൈല്‌!!
 
 
മറ്റൊരു കാര്യം വിഷമത്തോടെ പറയേണ്ടുന്ന ഒന്ന് എന്താണെന്ന് വച്ചാല്‍, തുമ്പപ്പൂവിന്റെ പൊടി പോലും കാണാന്‍ പറ്റാത്ത സ്ഥിതി ആണിന്ന്.. മുക്കുറ്റി പണ്ടേ കാലപുരി പൂകി.. എനിക്ക് തോന്നുന്നു, എല്ലാവരും മഹാബലീടെ അടുത്തെത്തി അവിടെ സ്വയം പൂക്കളമൊരുക്കുകയാണെന്നാ.. പഴയ തുമ്പപ്പൂവേണം എന്നതൊക്കെ മാറ്റി ചെട്ടിപ്പൂവേണം എന്നൊക്കെ പാടേണ്ട ടൈം ആയി കേട്ടോ.. കഴിഞ്ഞ മാസം നാട്ടിലേക്ക് വരുന്ന വഴി ചെട്ടി പൂ വിരിഞ്ഞ് നില്ക്കുന്ന പാടങ്ങള്‍ കണ്ടു, ഗുണ്ടല്പേട്ടില്‍.. ഞങ്ങള്‌ താമസിയാതെ അങ്ങട്ട് വരുന്നുണ്ടെന്ന് അവര്‍ കാറ്റിലൂടെ കാതിലോതിയിരുന്നു.. പൂക്കള്‍ പറിച്ച് പൂക്കളമിട്ടിരുന്നത് വീട്ടിലല്ല.. സ്കൂളിലും കോളേജിലുമായിരുന്നു.. വീട്ടില്‍ ചെറുപ്പത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ പൂക്കളമിട്ടിട്ടുണ്ടായിരുന്നു, ഞാനും ചേട്ടനും കൂടി.. ഒരിക്കല്‍ അച്ഛന്‍ കാര്യമായി പൂക്കളമൊക്കെ വരച്ച് പൂ വാങ്ങിച്ച് ഇട്ടത് ഇന്നും നന്നായോര്‍ക്കുന്നു..അന്നും ആദ്യ കളത്തില്‍ നിറച്ചും തുമ്പപ്പൂവിട്ടിരുന്നു.. നിന്റെ വെളുപ്പിനെന്തൊരു വെളുപ്പാ തുമ്പേ!!
 
 
സ്കൂളിലേക്ക് പൂ പറിച്ച ഓര്‍മ്മയില്‍ മരിച്ചു പോയ ചാപ്പന്‍ മാഷുണ്ട്, മാഷിന്റെ ദേഷ്യമുണ്ട്, മാഷിന്റെ നെല്ലു വിളഞ്ഞ വയലുണ്ട്..ഒന്‍പതാം ക്ലാസില്‍ ആയിരുന്നപ്പോ മടപ്പള്ളി സ്കൂളില്‍ നടന്ന ഡിവിഷന്‍ തരം തിരിച്ചുള്ള പൂക്കളമൊരുക്കലില്‍ ബോര്‍ഡറിടാന്‍ വരി അന്വേഷിച്ച് ഇറങ്ങിയതായിരുന്നു.. എന്റെ വീടിനു തൊട്ടടുത്തുള്ള വയലില്‍ ഞാനും ക്ളാസ്മേറ്റ് ജിജുവും ഇറങ്ങി.. നെല്ലങ്ങനെ വിളഞ്ഞു നിക്കണ വയല്‍..ദാ അവിടെ ഇണ്ടെടാ നല്ല വരീന്നും പറഞ്ഞൊരു കുതിപ്പായിരുന്നു.. അങ്ങകലെ കൃഷിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു നിന്നിരുന്നാ ചാപ്പന്‍ മാഷ് അതാ വരുന്നു തല്ലാനെന്ന വണ്ണം.. മാഷിനു നല്ല പ്രായമുണ്ട്, അതേ പോലെ നീളവും.. ഏതു കുരുത്തം കെട്ടനവനാടാന്നും പറഞ്ഞോടി വരുന്ന മാഷോട് സുകു മാഷിന്റെ കുരുത്തം കെട്ട മോനാന്ന് എക്സ്പ്ലൈന്‍ ചെയ്യാനൊന്നും ഞാന്‍ നിന്നീല്ല.. പിന്നേ എനിക്കീ വരി പറിച്ചിട്ട് വേറേം പണിയുള്ളതല്ലെ.. ഓടിക്കോടാ മോനേന്ന് ജിജുവും, അണച്ച് ഓടുന്നതിനിടയില്‍ ‘ഒരുവിധം കിട്ടി അല്ലേടാ,എന്നാലും മാഷ് വന്നില്ലേല്‍ ഒരു പിടുത്തം കൂടി പിടിക്കായിരുന്നു‘ എന്ന് ഞാനും.. അന്ന് സ്കൂളില്‍ പ്രോത്സാഹന സമ്മാനമെങ്ങാണ്ടെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ.. മനസിലെത്രയോ പൂക്കളങ്ങളുടെ ഓര്‍മ്മപ്പൂക്കളങ്ങള്‍, എങ്കിലും പൂ പറിച്ച ഓര്‍മ്മയില്‍ ഇന്നും ആദ്യമെത്തുന്നത്, ലുങ്കിയും മടക്കികുത്തിയുള്ള ആ ഓട്ടം തന്നെയാണ്‌..
 

അതിനുശേഷവും വരി പറിച്ചു, കോളേജിലെ പൂക്കളത്തിനു വേണ്ടി.. പ്രീഡിഗ്രിക്കാലത്തും ഡിഗ്രിക്കാലത്തും.. അന്ന് കോളേജില്‍ ഘോഷയാത്ര, പലതരം കളികള്‍ ഒക്കെ ഉണ്ടായിരുന്നു.. ഏറ്റവും ആവേശം എന്നാല്‍ വടം വലിക്കും.. ബോട്ടണി സുരേഷ് സാറിന്റെ കമന്ററിയുമുണ്ടാകും അത് കൊഴുപ്പിക്കാന്‍.. ഇടയ്ക്ക് അടിയും പൊട്ടും.. ഒരു പ്രാവശ്യത്തെ അടി, വടം അടുത്തുള്ള ചെടിയില്‍ കൂട്ടിക്കെട്ടി വലിച്ചു എന്ന് ആരോപിച്ച് കൊണ്ടായിരുന്നു.. ആ അടി അന്നത്തെ മത്സരം കാന്‍സെല്‍ ചെയ്യിച്ചു, കോളെജ് പൂട്ടി തുറന്നും ചെറിയതോതില്‍ സംഘര്‍ഷം തുടര്‍ന്നു.. അടുത്ത വടം വലിക്കെടുത്തോളാം എന്ന വടമില്ലാത്ത വെല്ലുവിളിയില്‍ പിന്നീടതൊതുങ്ങി.. ഡിഗ്രിക്കാലത്ത് പൂക്കളമിടാന്‍ കാര്യമായൊന്നു കൂടി..അന്ന് തുമ്പ തികയാതെ സേര്‍ച്ച് ചെയ്ത് കോളേജ് ഗ്രൗണ്ടിനു മുകളിലെ കുന്നില്‍ ചെന്നെത്തി കൈനിറയെ തൂവെണ്മത്തുമ്പയുമായി തിരിച്ചിറങ്ങിയത് ഇന്നലെയെന്ന പോലെ ഓര്‍മ്മകളില്‍ ഭദ്രം.. ആ പൂക്കളമിടല്‍ എക്സ്പീരിയന്‍സ് പിന്നീട് ഐ ഐടിയിലും ഇവിടേയും പൂക്കളമിടാന്‍ കൂടാന്‍ ഒരു പ്രേരണ ആയിരുന്നു.. വരിക്ക് പകരം കരിയിട്ടു, ഐ ഐടിയില്‍.. ഇവിടെ വിളക്കുമരത്തിന്റെ ഇല പറിച്ചിട്ടു..അ തൊടിക്കാന്‍ മെയിന്‍ ബില്‍ഡിങ്ങിലേക്ക് മാര്‍ച്ചു ചെയ്തു, ഓണത്തലേന്ന്. സെക്യൂരിറ്റിയുടെ കണ്ണു വെട്ടിച്ച് ഒടിച്ചൊരോട്ടം.. പിറ്റേന്ന് അതു പറിച്ചിട്ട് കൈ ശരിക്കും നൊന്തു,ഒരുചെടിയുടേ വേദനയായിരുന്നോ അത്?? പിന്നീട് ഞങ്ങളും കരിയിലേക്ക് മാറി..ഞാന്‍ ഇവിടെ പങ്കെടുത്ത അവസാന ഓണാഘോഷം 2008 ല്‍ ആയിരുന്നു.. അന്നായിരുന്നു ജോയിന്റെ സെക്രട്ടറി ആയി ഞാന്‍ അവരോധിക്കപ്പെട്ടതും.. അന്നു ഞാന്‍ പാചകത്തിനു സഹായി ആയിരുന്നു.. രാവിലെ മുതല്‍ രാത്രി പത്തര വരെ അവിടെ തന്നെ ഇരുന്നു,കൂട്ടിനു പോലും ആരുമില്ല.. എല്ലാരും സ്വന്തം തടി നോക്കി മുങ്ങി.. അന്നു ഞാന്‍ ക്ഷണിച്ചെത്തിയ ചേട്ടനും സാറും മറ്റ് ലാബ്മേറ്റുകളുമൊക്കെ പരിപാടി സ്ഥലത്ത് എന്നെ ഒരുപാടന്വേഷിചെന്നറിഞ്ഞു, വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ അന്നെനിക്ക് മൊബൈല്‍ പോലുമില്ല.. ആ ഡിസംബറില്‍ ബി എസ് സി ക്ലാസ്മേറ്റ്സിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ ഞാന്‍ മൊബൈല്‍ എടുക്കാന്‍ തീരുമാനിച്ചു, എന്നിട്ടും മാസങ്ങള്‍ വേണ്ടി വന്നൂട്ടോ.. അന്നത്തെ ഓണസദ്യ ഞാനുണ്ടില്ല.. റൂമില്‍ പോയി കുളിച്ച് വിങ്ങുന്ന മനസുമായി ലാബിലേക്ക് നടന്നു.. ആരും തിരിഞ്ഞു നോക്കിയില്ല എന്നതിലുപരി ഞാന്‍ വിളിച്ചവരെ എനിക്ക് സ്വീകരിക്കാന്‍ പറ്റിയില്ലാലോ എന്ന വിഷമം ആയിരുന്നു.. അന്ന് തന്നെ ഞാനെന്റെ രാജി ഡ്രാഫ്റ്റ് ചെയ്തു,പ്രസിഡന്റിന്റെ റൂമില്‍ കൊണ്ടിട്ടു.. ഉത്തരവാദിത്തങ്ങള്‍ ബേര്‍ഡനാവരുത്, അവ കാരണം ഇനിയിങ്ങനെ ഞാന്‍ ക്ഷണിച്ചവരെ റിസീവ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ എക്സ്പ്ലൈന്‍ ചെയ്തു.. നീ കൂടെയുണ്ടാവും എന്ന് പറഞ്ഞിട്ടല്ലേ സെക്രട്ടറി പോസ്റ്റെടുത്തത് സുചൂ ന്ന് ശ്യാം.. അതിനെന്താ കൂടെയില്ലാന്ന് ഞാന്‍ പറഞ്ഞോ? സുചു മുന്‍പും എല്ലാറ്റിനും ഉണ്ടായിരുന്നില്ലേ, എവിടുന്നെങ്കിലും മുങ്ങിയിട്ടുണ്ടോ.. അതല്ല നീ ടീമില്‍ വേണം, അഭിപ്രായങ്ങള്‍ പറയാനും സ്റ്റേണായി നില്ക്കാനും കഴിയുന്നൊരാള്‍ നീയാണെന്നെ സോപ്പടിച്ചു..ഈ വര്‍ഷം നമുക്കൊരുപാട് പദ്ധതികള്‍ ഉണ്ടെന്നും..ഞാന്‍ അധികം എതിര്‍ത്തില്ല.. പ്രസിഡന്റ് അനില്‍ സാറും പിറ്റേന്ന് വിളിച്ച് കാര്യമായി പറഞ്ഞു..ഞാന്‍ രാജി വിഴുങ്ങി.. ആ പോസ്റ്റില്‍ ഞാന്‍ കാലാവധി തികച്ചില്ല, ഇതിലും വലിയ പാരകള്‍ വീണ്ടും ഓരോന്നായി കിട്ടിത്തുടങ്ങി..ശ്യാമിനെ ഓര്‍ത്ത് മാത്രം ക്ഷമിച്ചു പലപ്പോഴും, ഒടുവില്‍ മതിയായി ഇറങ്ങിപ്പോന്നു,തിരിച്ചങ്ങോട്ടേക്ക് ഇനി പോകില്ലാന്നൊരു വാശിയോടെ.. സ്നേഹത്തോടെ വിളിച്ചവരെയെല്ലാം സ്നേഹത്തോടെ തിരിച്ചയച്ചു.. പലര്‍ക്കും പിന്നീട് പാരകളുടേയും വേദനയുടേം ആഴം ശരിക്കും മനസിലായി.. അവസാനത്തെ ഫങ്ങ്ഷന്‍ ശ്യാമും ഞാനും മുങ്കൈയെടുത്ത ഒരു കൈ എഴുത്ത് മാഗസീന്റെ (ഇന്നലെയുടെ കയ്യൊപ്പ്) പ്രകാശന ചടങ്ങായിരുന്നു.. അന്ന് പാതിവഴിക്കിറങ്ങിപ്പോയൊരു കവിത എഴുതി, യാത്രാമൊഴി എന്ന പേരില്‍.. ‘പലപ്പോഴായ് നിങ്ങള്‍ ദഹിപ്പിച്ചൊരെന്‍ അസ്ഥികള്‍ പെറുക്കിക്കൂട്ടി ഇന്നലെ ഞാന്‍ സ്വയം ഒഴുകിപ്പോയി.......’ എല്ലാം കൂട്ടിയെഴുതി ഓര്‍മ്മത്തെറ്റിലൊരു പോസ്റ്റായിതിനെ പുനര്‍ജനിപ്പിക്കണം..


കഴിഞ്ഞ രണ്ടു വര്‍ഷവും ഇളയമ്മയുടെ അടുത്ത് ഡി ആര്‍ ഡി ഓ യില്‍ ഓണാഘോഷത്തിനു പോയിട്ടുണ്ടായിരുന്നു.. ഇളയച്ഛന്‍ എപ്പോഴും കമ്മിറ്റിയില്‍ കാണും, ഓടി നടക്കണതും കാണാം.. സങ്ങീ ഇങ്ങു വാന്ന് വിളിക്കും, എത്ര തിരക്കുണ്ടായാലും പോവാതിരിക്കാന്‍ പറ്റില്ല.. അനിയന്‍ നീരജ് പല സ്കിറ്റും അവതരിപ്പിക്കാറുണ്ടവിടെ.. എന്തൊക്കെ ആണേലും നാട്ടിലെ ഓണത്തിന്റെ ഒരു ഗും വേറെ എവിടെയും കിട്ടില്ല, നാട്ടിലെ കാറ്റിനു പോലും ഓണത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഒരു ഗന്ധമുണ്ട്.. ചാനല്‍ മാറ്റി മാറ്റി പരിപാടികള്‍ കാണുന്നതിലും ഇഷ്ടം ആ മണം പിടിച്ചെടുക്കാനാണ്‌.. കഴിഞ്ഞ രണ്ട് ഓണക്കലത്തും നാട്ടില്‍ തന്നെ ആയിരുന്നു.. 2009 ലെ ഓണസമയത്ത് ചേട്ടന്റെ ആദ്യ പെണ്ണുകാണലിനു പോയി ഇവനാണോ ചെക്കന്‍ എന്ന ചോദ്യം കേട്ട് ചമ്മിയെങ്കില്‍ കഴിഞ്ഞ വര്‍ഷമത് ഒരുപാട് വിഭവങ്ങളും കൂട്ടി ഒന്നാം ഓണം ലിഡിയേടെ കൂടെ.. ഈ വര്‍ഷവും പെങ്ങടെ കൂടെ ആവട്ടെ എന്നു ക്ഷണിച്ചവള്‍, എന്നാലീ വര്‍ഷം നാട്ടിലേക്ക് തന്നെയില്ലാലോ.. ഓണത്തിന്റെ പിറ്റേന്ന് ചെന്ന് കയറുന്നതാവട്ടെ കല്യാണത്തിരക്കിലേക്കും.. കഴിഞ്ഞ തിരുവോണത്തിനു വീട്ടിന്നും സദ്യ നിറച്ചുണ്ടു.. ഇലയിട്ട്, ചോറുണ്ട് ,പാട്ട് കേട്ട് കിടന്നുറങ്ങി, ഓര്‍മ്മകളില്‍ വീണ്ടും എഴുന്നേറ്റു അങ്ങനെ അങ്ങനെ.. ഓര്‍മ്മളിലെങ്കിലും ഓണം ഇന്നും ഭദ്രമായിരിക്കുന്നത് ആര്‍ ചെയ്ത പുണ്യമാണാവോ..

---------------------------

ഓണക്കോടിയുടുത്ത്, പൂക്കളമിട്ട്, സദ്യയുണ്ട്, എല്ലാരോടും കളിച്ച് ചിരിച്ച് ആര്‍മ്മാദിച്ചൊരു പൊന്നോണമാവട്ടെ ഈ വര്‍ഷത്തേത് എന്നാശംസിക്കുന്നു.. 
 
സൈലന്റ് വാൽ: അടുത്തിടെയായി എഴുത്തൊക്കെ ഓർമ്മത്തെറ്റുകളാണ്‌, അതിനാൽ തന്നെ അവയുടെ ഇരിപ്പിടം ‘ഓർമ്മത്തെറ്റെന്ന’ ബ്ലോഗിലും.. ഓണം പ്രമാണിച്ച് അവിടെ പോസ്റ്റിയ ഒരുവനെ ചൂണ്ടയിൽ കോർത്തിവിടെ ഇടുന്നു..

8 comments:

  1. എല്ലാ മലയാളി സുഹൃത്തുക്കൾക്കും ഓണക്കോടിയുടുത്ത്, പൂക്കളമൊരുക്കി, സദ്യയുണ്ട്, ആർമ്മാദിച്ചൊരു ഓണം ആശംസിക്കുന്നു.. പച്ച മലയാളത്തിൽ പറഞ്ഞാൽ sHappy pOnam.. ;)

    ReplyDelete
  2. പൂവൊന്നും കിട്ടാഞ്ഞ കൊണ്ടാവും ഓർമ്മകൾ കൊണ്ട് ഓണപ്പൂകളം ഉണ്ടാക്കിയത് അല്ലെ സുചാന്ദ് സിംഗ് സാർ :)

    ReplyDelete
  3. തുമ്പപ്പൂവിന്റെ പൊടി പോലും കാണാന്‍ പറ്റാത്ത സ്ഥിതി ആണിന്ന്.. മുക്കുറ്റി പണ്ടേ കാലപുരി പൂകി..
    അതേ...നമുക്ക് വേണ്ടാതായ ഇവര്‍ സ്വയം നമ്മോട് വിടപറഞ്ഞു.
    ഓണാശംസകള്‍.

    ReplyDelete
  4. നല്ല രസമുണ്ട് സുച്ചന്ദ്, ഓര്‍മ്മകള്‍ വായിക്കാന്‍. നല്ല രണ്ടു ചൂടന്‍ പരീക്ഷണം എടുക്കൂ! ഓണാശംസകള്‍ !

    ReplyDelete
  5. ക്രിഷിന്റെ ചെവി ഒന്നിങ്ങു തന്നെ,പൊന്നാക്കി മാറ്റാനാ.. സിങ്ങല്ല കിങ്ങാ കിങ്ങ്..

    ReplyDelete
  6. അരീക്കോടൻ മാഷെ, വീട്ടിലെത്തീട്ട് ഒന്നിറങ്ങി തപ്പണം.. തുമ്പേടെ ഒരു തുമ്പെങ്കിലും കിട്ടിയാ മതിയാരുന്നു!!

    മാഷിനും കുടുംബത്തിനും ഓണാശംസകൾ..

    ശ്രീ മാഷെ, കൈ കാണിക്കൂ, എക്സിപിരിമെന്റ് വിളംബി തരാം.. മാഷിനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.. പറയാൻ വിട്ടു, ഇളയമ്മയുടെ അടുത്ത് പോയി ഓണസദ്യ് ഉണ്ടിട്ടിപ്പോ എത്തിയേ ഉള്ളൂ, 8 മണിക്ക് ട്രെയിൻ കയറണം, നാട്ടിലേക്ക്..

    ReplyDelete
  7. സുചാന്ദിന്റെ ഓർമ്മകൾ ഓണം പോലെ സന്തോഷകരം.

    ReplyDelete
  8. kumarettaa, romba thanks for reading.. :)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍