Nov 20, 2009

ഡിക്‌ഷ്ണറി കാത്തുകയ്യിലുള്ള വല്ല പോസ്റ്ററുമെടുത്ത്‌ പ്രസന്റ്‌ ചെയ്യ്‌ എന്ന സാറിന്റെ വാക്കുകളിൽ കുരുങ്ങി, ഡിപ്പാർട്‌ മെന്റ്‌ ഇൻ ഹൗസ്‌ സിമ്പോസിയത്തിൽ പഴയൊരു കോൺഫറൻസ്‌ പോസ്റ്റർ അവതരിപ്പിക്കാൻ ഞാൻ സമ്മതിച്ചു.. ഏതാണ്ടൊരു വർഷത്തോളം മുൻപ്‌ ചെയ്ത ഒരു വർക്കിന്റെ പോസ്റ്ററായിരുന്നു കയ്യിലിരിപ്പുണ്ടായിരുന്നതെന്നതിനാലും, ബ്രഹ്മി കഴിച്ച്‌ ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന (ഉം.. വർദ്ധിച്ചത്‌ തന്നെ) പരിപാടി നിർത്തിയതിനാലും ലേശമൊന്നു പഠിച്ചു പോകാൻ തന്നെ തീരുമാനിച്ചു..നമ്മളായിട്ട്‌ സാറന്മാർക്ക്‌ പണി (ചോദ്യം ചോദിപ്പിക്കുന്ന) കൊടുത്ത്‌ ബുദ്ധിമുട്ടിക്കരുതല്ലോ..


അങ്ങനെ ലാബിലെ പണികളെല്ലാം നേരത്തേ തീർത്ത്‌ രാത്രി പന്ത്രണ്ട്‌ മണിയോടടുപ്പിച്ച്‌ ഞാൻ ഹോസ്റ്റൽ റൂമണഞ്ഞു..ഡ്രസ്സൊക്കെ മാറി രണ്ട്‌-മൂന്ന് പേപ്പറുകളുമായി (journal papers) കിടക്കയിലേക്ക്‌ വീണു..വായിച്ച്‌ തലക്കനം കൂടിവന്ന് ഒടുക്കം ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചകളിലേക്ക്‌ ട്രാക്ക്‌ മാറ്റിപ്പിടിച്ചു..വായന തുടരവേ, വേറിട്ട കാഴ്ചകളിലെ വാക്കുകൾ പോലും വേറിട്ട്‌ കാണാനാവുന്നില്ലെന്ന സത്യം തിരിച്ചറിഞ്ഞ്‌ നിദ്രയ്ക്കടിമയാകുമ്പോൾ സമയം 3 മണി..

കിടന്നിട്ട്‌ പത്തു മിനിട്ട്‌ കഴിഞ്ഞില്ല, എന്റെ പുസ്തകക്കൂംബാരത്തിൽ നിന്നും ഉയർന്ന കരാ-കരാ ശബ്ദം കേട്ട്‌ തട്ടിക്കുടഞ്ഞെഴുന്നേറ്റു..കൂറയോ പല്ലിയോ എന്ത്‌ പണ്ടാരാണാവോ എന്ന് പ്രാകി, ശക്തിയായിട്ടൊരിടി വച്ച്‌ കൊടുത്തിട്ട്‌, ഇരുട്ടിന്റെ കമ്പിളിക്കു പുറമേ അപ്നാ ഒരു എക്സ്ട്രാ കമ്പിളി കൂടി വാരിയിട്ട്‌, ഇനിയലാറം കേട്ടാലല്ലാതെ എഴുന്നേൽക്കില്ലെന്ന പ്രതിഞ്ജയുമായി വീണ്ടും കിടന്നു..
--------------------------------------


ഇന്ന് രാവിലെ തുടങ്ങിയ സിമ്പോസിയം മഹാമഹത്തിൽ പോസ്റ്റർ പ്രസന്റ്‌ ചെയ്തും, ഒരുപാട്‌ ടോക്കുകൾ അറ്റന്റ്‌ ചെയ്തും ക്ഷീണിച്ചവശനായി (സാറന്മാരൊന്നും ഇതു വായിക്കില്ല എന്ന വിശ്വാസത്തിൽ, രണ്ടാമത്തേതായിരുന്നു കൂടുതൽ ടയേഡ്‌ ആക്കിയതെന്ന പരമാർഥം വെളിപ്പെടുത്തിക്കൊള്ളട്ടെ), വൈകീട്ട്‌, ഇന്നലത്തെ കര-കര സൗണ്ട്‌ ഇഫക്റ്റ്സിനു കാരണക്കാരനായവനെ വെറുതെ വിടില്ല എന്നൊരു ശപഥവുമായി, ഹോസ്റ്റലിലേക്കു വലിച്ച്‌ നടന്നു..മറ്റെന്തും സഹിക്കാം, പക്ഷേ ഉറക്കത്തിൽ ശല്യം ചെയ്യുന്നത്‌;  ങു ഹും.

റാക്കിൽ നിന്ന് പുസ്തകങ്ങൾ ഒരോന്നായി വലിച്ചിടാൻ തുടങ്ങിയപ്പോഴേ ഒരു പന്തികേട്‌ തോന്നിയിരുന്നു..അതു തെളിയിച്ചു കൊണ്ടവനെടുത്ത്‌ ചാടി..ഒരു കുഞ്ഞ്‌ എലി.

'ഹമുക്കിനൊന്നു പറഞ്ഞിട്ട്‌ വയ്യേ..മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കണോ!!'..ഒന്നു ഞെട്ടിയെങ്കിലും കയ്യിൽ തടഞ്ഞ ചൂലുമായി വരാന്തയിലൂടെ അവന്റെ പിന്നാലെ പാഞ്ഞു..രണ്ടാം നിലയിലെ സ്റ്റെപ്പുകളെല്ലാം ചടപെടാന്ന് തരണം ചെയ്ത്‌ ജീവരക്ഷാർത്ഥം കുതി കുതിക്കുന്ന കുഞ്ഞനെലിയെ, ചെറുപ്പം മുതൽക്കിന്നോളം ഓട്ടമത്സരങ്ങളിൽ ലാസ്റ്റിൽ ഫസ്റ്റടിച്ചിട്ടുള്ള ഞാൻ, ആ റെക്കോർഡ്‌ കാത്തു രക്ഷിക്കാൻ വേണ്ടി മാത്രം, അവന്റെ പാട്ടിന്‌ വിട്ട്‌ റൂമിലേക്കു തിരിച്ചു നടന്നു; ബുക്കുളോരോന്നായി പരിശോധന തുടങ്ങി.

എം.ടി., ബഷീർ, ആനന്ദ്‌, ഒ.വി., ചുള്ളിക്കാട്‌ ഇവരുടെയൊക്കെ കൃതികൾ സേഫ്‌..എന്റെ റിസർച്ചാവശ്യത്തിനുള്ള ജേർണ്ണൽ പേപ്പറുകൾ അടങ്ങിയ ഫയലും ജനകീയ ഫിസിക്സിസ്റ്റ്‌ ഫെയ്ൻമാന്റെ ലക്ചർ സീരീസും മറ്റ്‌  'കട്ട' ഫിസിക്സ്‌ പുസ്തകങ്ങളും എല്ലാം തന്നെ ഭദ്രം..

അപ്പോൾ പിന്നെ കുരുതി കൊടുക്കപ്പെട്ടത്‌ യാര്‌?? വീണ്ടും പരതി..ദേ കിടക്കുന്നു, ഓക്സ്ഫോഡ്‌ ഡിക്‌ഷ്ണറി..പണ്ടൊരു റെപ്രെസെന്റേറ്റീവ്‌ ലാബിൽ വന്ന് കരഞ്ഞു പറഞ്ഞ്‌ മേടിപ്പിച്ചതാണ്‌.ഇത്രേം പ്രയോജനപ്പെടുമെന്ന് സ്വപ്നേപി നിരീച്ചില്ല!! അന്നയാളെ പ്രാകിയതിന്‌ മനസിലൊരു ക്ഷമാപണം നടത്തി, നാളെത്തന്നെ രണ്ടെണ്ണം കൂടി വാങ്ങിച്ചിടണമെന്ന തീരുമാനവുമെടുത്ത്‌, ഞാൻ ടി വി റൂമിലേക്കു നടന്നു..

***********************************************

ടെയ്‌ലർ എൻഡ്‌: ഡെഡിക്കേറ്റ്‌ ചെയ്യുന്നത്‌- വേറാർക്ക്‌, ഓടിപ്പോയ ആ എലിപ്പയ്യൻസിനു തന്നെ!! ബ്ലോഗിൽ ഇത്തരം ഒരു ഡെഡിക്കേഷൻ നടാടെയാണെന്ന വിശ്വാസത്തിൽ (മേനകാഗാന്ധിക്ക്‌ ബ്ലോഗില്ല) ഗിന്നസ്‌ (അഥവാ ബ്ലിന്നസ്‌) ബുക്കിലേക്ക്‌ സ്വയം റെക്കമന്റ്‌ ചെയ്യുന്നു..

ഇനി എലിക്കുട്ടനോട്‌ രണ്ട്‌ വാക്ക്‌: ഡേ പയ്യൻസ്‌, ദേ അണ്ണൻ രണ്ട്‌ ഡിക്‌ ഷ്ണറി കൂടി വാങ്ങിച്ച്‌ വയ്ക്കുന്നുണ്ട്‌..ഒന്ന് സ്റ്റെപ്പിനി ആയിട്ടിരിക്കട്ടെ..ദയവു ചെയ്ത്‌ വേറൊന്നിലും പല്ല് വയ്ക്കരുത്‌..അപ്പോൾ പാർക്കലാം..

15 comments:

 1. ഡിക്‌ഷ്ണറി രക്ഷിച്ചു..ഹോസ്റ്റലിൽ പൂച്ചയെ വളർത്താനുള്ള (എലിപ്പേടിയിലാണല്ലോ സ്വതവേ പൂച്ചകൾ വളർത്തപ്പെട്ടിട്ടുള്ളത്‌!!) സ്കോപ്പില്ലാത്തതിനാൽ നാളെത്തന്നെ ആ ഡിക്‌ഷ്ണറി വാങ്ങിക്കണം.. :)

  ReplyDelete
 2. കുമാരേട്ടാ, വായിച്ചതിനു നന്ദി...എന്‍റെ ഡിക്‌ഷ്ണറി പോയത് നന്നായി എന്നാണാവോ ഉദ്ദേശിച്ചത് :)

  ReplyDelete
 3. ടാറ്റായുടെ കാലത്തെ കെട്ടിടമല്ലേ? എലിയൊക്കെ വെറും ടിപ് ഓഫ് ദി ഐസ് ബര്‍ഗ് ആവും ...

  ബുക്ക് വല്ലപ്പോഴുമൊക്കെ എടുത്തു പൊടി തട്ടി വയ്ക്കു ചേട്ടാ ...

  എം ടി ക്കും ചുള്ളിക്കാടിനും ജേര്‍ണലുകള്‍ക്കും വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ ആയിരുന്നോ പാവം ഓക്സ്ഫോഡിന്റെ വിധി...

  ReplyDelete
 4. പ്രിയ പണിക്കർ,
  ഇത്‌ പുതിയ കെട്ടിടമാ..98 or so..അതു കൊണ്ട്‌ റൂം ക്ലീനായി, ഏറെക്കാലത്തിനു ശേഷം...

  രക്തസാക്ഷികൾ സിന്ദാബാദ്‌.. :)

  ReplyDelete
 5. ഇതിനാണോ എലിയെ പേടിച്ച്‌ ഡിക്‌ ഷ്ണറി ചുടുക എന്ന് പറേണത്‌!

  ReplyDelete
 6. Anony"mouse"

  ആണോ,ഇതിനെ ആണോ :)

  ReplyDelete
 7. nice post...take care of the Jerry. :)

  ReplyDelete
 8. dear Psychedelic, sure..i hope jerry will come back..bought another dictionary for it :)

  thanks for reading..

  ReplyDelete
 9. ആ എലികുട്ടന്‍ തിരിച്ചു ചെന്നു കൂട്ടുകാരോട് സുരേഷ് ഗോപി സ്ടൈലില്‍ ഡയലോഗ് കാച്ചുന്നുണ്ടാവും.

  ReplyDelete
 10. ജസ്റ്റ്‌ റിമംബർ ദാറ്റ്‌ (ടാങ്ക്‌ ട ട്ടെ-- മ്യൂസിക്കാ)

  ദീപക്കേട്ടാ, താങ്ക്സ്‌ ഫോർ റീഡിംഗ്‌ ....

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. ഇന്ന് രാത്രി ഒരു എലിപ്പെട്ടി സെറ്റ് ചെയ്ത് വെച്ചിരിക്കയാ... പുരാവസ്തുക്കളെല്ലാം (പുസ്തകങ്ങള്‍) വെച്ച തട്ടിന്‍‌പുറത്തൊരു കര, കര,,,

  ReplyDelete
 13. അരുത്‌..ഫൂമീടെ അവകാശികളാണവർ,അവരെ എലിച്ചിത്രപ്പൂട്ടിട്ട്‌ പൂട്ടരുത്‌.. :|

  മിനിട്ടീച്ചറേ വായനയ്ക്ക്‌ നന്ദി..

  ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍