Jan 14, 2010

ഹാജിയാർ vs. മൊയ്തീൻ അഭീടെ മുഖം (part2)

-----------------------------------------------------------------
മാന്യപ്രേക്ഷകർക്ക്‌ ക്വട്ടേഷൻ ടിവിയിലേക്ക്‌ വീണ്ടും സ്വാഗതം.. ഹാജിയാരുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലേക്ക്‌ ഞങ്ങൾ കടക്കുകയാണ്‌.. മൊയ്തീൻ ആശുപത്രിയിലായെങ്കിലും പരിപാടിയുടെ പേര്‌, ഞങ്ങൾ, മാറ്റാനുദ്ദേശിക്കുന്നില്ല..
(ഇന്റർവ്യൂടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.. )

------------------------ അഭീടെ മുഖം--------------------------

ഇടിക്കണ്ടി അനീഷ്‌: "അങ്ങയുടെ നാവിൽ വികട സരസ്വതിയുടെ വിളയാട്ടമാണെന്നു തോന്നുന്നു?"
ഹാജിയാർ:  "അത്‌ ഞമ്മള്‌ നാക്ക്‌ വടിക്കാത്തേന്റെ കൊയപ്പാന്നാ തോന്ന്ന്നേ.ആ സരസൂന്റെ വെളയാട്ടം നിർത്തിക്കാൻ ഞമ്മക്കറിയാഞ്ഞിട്ടാല്ല, മേണ്ടാന്നു ബച്ചിട്ടാ..ഹലാക്കിന്റെ ചോദ്യം ചോയിക്കാണ്ട്‌ ബല്ല കാലിക പ്രസക്തിള്ള ചോദ്യോം ചോയിക്കെടാ ബലാലെ..ഓന്റെയൊരു വികഡ ചരച്വതി"

ഇടി.അനീ.: "എങ്കിലിത്തിരി സീരിയസ്‌ ആയിട്ട്‌ ചോദിക്കാൻ ശ്രമിക്കാം.. ഇന്നത്തെ തലമുറ അനുഭവിക്കുന്ന യഥാർത്ഥ പ്രതിസന്ധിയെന്താണ്‌ ? അല്ല, അങ്ങനെ വല്ല പ്രതിസന്ധിയും വാസ്തവത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ അവർക്കായി വല്ല ഉപദേശവും നൽകാനുണ്ടോ"

ഹാ: "നിർത്തി നിർത്തി ചോയിക്കാനേ, എന്നാലല്ലേ ശ്വാസം കിട്ടൂ.. അങ്ങനെ ബല്യൊരു പ്രതിസന്ധീലാണിന്നത്തെ കുഞ്ഞങ്ങളെന്ന് തോന്നീക്കില്ല.. ന്നാലും ഓലിക്ക്‌ ലച്ച്യബോധം ഇണ്ടോ ന്നൊരു തംശയം തോന്നീക്ക്‌.. മൊഫെയിലും ഇന്റെരനെറ്റും ഒക്കെ നേരായ   വഴിക്കന്നെയാണോ ഇവരെ നയിക്ക്ന്നേ? പിന്നെ മൊല കുടിക്കണ കുഞ്ഞങ്ങടെ നാക്ക്മ്മല്‌ വരെ ഇപ്പോ കള്ളല്ലേ? സന്തോശം വന്നാലും സങ്കടം വന്നാലും എല്ലാറ്റിനും ഇണ്ട്‌ ഈ കുടി.... ഇവറ്റേളെ ഒക്കെ ഉപദേശിക്കാൻ നിന്നാല്‌ ഓല്‌ ചെലപ്പോ ഞമ്മടെ ട്രൗസരൂരും, അത്തരത്തിലാണു പലതിന്റേം സംസ്കാരം.. ചന്തിക്ക്‌ നല്ല അടി കൊടുത്താൽ ഇതൊക്കെ നേരെയാവും ന്നാ ഞമ്മടെ ബിശ്വാസം.."

ഇടി.അനീ.: "പഴയ കാലത്തിന്റെ ഒരു നഷ്ടബോധം ഹാജിയാരുടെ വാക്കുകളിൽ നിഴലിക്കുന്നു.. ഇന്നലകളിലേക്ക്‌ ഒരു മടങ്ങിപ്പോക്ക്‌ ആഗ്രഹിക്കുന്നുവോ?"
ഹാ: "ഞമ്മക്കെന്ത്‌ നട്ടബോധാടാ? ഇന്നത്തെ കുഞ്ഞങ്ങക്കല്ലേ എല്ലാം നട്ടപ്പെടുന്നത്‌.. പയേ നല്ല രസോള്ള കളികൾ, ചാടി മറയാനുള്ള പൊയ, കൊളം.. ഞമ്മളു മേണ്ടുവോളം ആസ്വദിച്ചിക്ക്‌ മോനേ.. ഇപ്പോളത്തെ കുഞ്ഞങ്ങക്കിത്‌ വല്ലോം അറിയോ.. ഓല്‌ നട്ടുച്ചയാകുമ്പം എറങ്ങൂലേ, ഒരു മട്ടലും ബോളുമെടുത്തോണ്ട്‌, മോന്തിയായാലും നിർത്തൂല ഈറ്റേള്‌ "

ഇടി.അനീ.: "ഹാജിയാരെ, അപ്പളേക്കും ഒരു നോസ്റ്റാൽജിക്ക്‌ ഫീലിംഗ്‌...."
ഹാ: "ഫാ പന്നീ, ആ വാക്ക്‌ മിണ്ടിയാ അരിഞ്ഞാളയും.. കണ്ട ഹമുക്കോളൊക്കെ ആടേം ഈടേം ഉപയോഗിച്ചയിന്റെ അർത്തന്നെ ഇല്ലാണ്ടാക്കി.. കൊറേ ജാടക്കാരു എറങ്ങിക്കോളും ഞമ്മളെ പാടം, പൊയ, കാട്‌, മയ എന്നൊക്കെ ബിളിച്ച്‌ കൂവീറ്റ്‌.. പലരും ഇബിടിള്ളോരല്ല.. ഓലിക്കൊക്കെ എന്തും പറയാം.. എന്നാ നികത്ത്ന്ന പാടത്തൊരു കൊടി പിടിക്കാൻ ബരുമോ ഈ പന്നികള്‌?? വേറെ രാജ്യത്തിരുന്നു നാട്ടിലെ മയ മയ എന്നു ചെലക്കണ ചെലരുണ്ട്‌.. എന്നാ നാട്ടിലെത്തീട്ട്‌ മയ കണ്ടാലോ നശിച്ച മയ എന്നു പ്രാകുവെം ചെയ്യും.. ഇജ്ജാതി മനുശന്മാരെ കൊണ്ട്‌ തോറ്റിക്ക്‌.."

ഇടി.അനീ.: "ഹാജിയാരെ, നിങ്ങൾ ചൂടാവല്ലേ..അടുത്തതായി അറിയാനുള്ളത്‌ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ്‌.. ഇതങ്ങയെ ദോഷകരമായി ബാധിക്കുകയുണ്ടായോ?"
ഹാ: "സാമ്പത്തിക മാന്ത്യമൊക്കെ സാമ്പത്തികിള്ളോർക്ക്‌ പറഞ്ഞിട്ടുള്ളതല്ലേ മോനേ.. നാലു സൂപ്പര്‌മാർക്കറ്റും, രണ്ട്‌ ബസ്സും, ഒരൊറ്റ ബെൻസും ഉള്ള ഞമ്മക്കെന്ത്‌ സാമ്പത്തികം? എന്ത്‌ മാന്ത്യം? പിന്നെ ഈ മാന്ത്യത്തിന്റെ പേരും പറഞ്ഞ്‌ ഞമ്മളാ മൊയ്തീന്റെ ശമ്പളം വെട്ടിക്കുറച്ചിക്ക്‌.. അയിന്റെ വകേല്‌ ഒരു നാല്‌ കായി ഞമ്മക്ക്‌ ലാഭണ്ട്‌.."


ഇടി.അനീ.: "മാന്ദ്യം കാരണം പലരുടെയും ജോലി നഷ്ടപ്പെട്ടു,മൊയ്തീനെ പോലെ ഉള്ളവരുടെ ശമ്പളം വെട്ടിക്കുറക്കപ്പെട്ടു.. അങ്ങനെ ആകപ്പാടെ ഒരു വല്ലാത്ത അവസ്ഥയിലാണ്‌ പലരും.. ഇതിനു വല്ല പോവഴിയും നിർദ്ദേശിക്കാനുണ്ടോ?"
ഹാ: "ഞമ്മളെന്ത്‌ നിർദ്ദേശിക്കാൻ.. അതു പണ്ടെന്നെ കാർന്നോമ്മാരു പറഞ്ഞിക്കില്ലേ 'സമ്പത്ത്‌ കാലത്ത്‌ തൈ പത്ത്‌ ബച്ചാൽ ആപത്ത്‌ കാലത്ത്‌ കാ പത്ത്‌ തിന്നാം' ന്ന്.."

ഇടി.അനീ.: "ഉരുളയ്ക്കുപ്പേരി പോലുള്ള അങ്ങയുടെ മറുപടി കേട്ടിട്ട്‌ ഒരു സംശയം; എന്താ രാഷ്ട്രീയത്തിൽ ഇറങ്ങാത്തത്‌?"
ഹാ: "മോനേ അനീഷൂട്ടി, രാട്രീയത്തിൽ എറങ്ങണേൽ പരസ്പര വിരുദ്ധായിറ്റ്‌  സംസാരിക്കണം.. ഇന്നു പറഞ്ഞത്‌ നാളെ മാറ്റിപ്പറയണം.. ഞമ്മളെക്കൊണ്ടത്‌ കയ്യൂല്ല.. എനി പ്രായം കൂടീറ്റാ അസുഖം ബന്നാല്‌ ഞമ്മളു ഒരു കയ്യ്‌ നോക്കും.. അപ്പൊ ഇങ്ങളു ഞമ്മക്ക്‌ വോട്ട്‌ കുത്താൻ മറക്കര്‌.."

ഇടി.അനീ.: "അപ്പോ ചിലപ്പോൾ ഇറങ്ങും അല്ലേ..ആൾ ദ ബെസ്റ്റ്‌.. രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് കരുതട്ടെ.. കഴിഞ്ഞ കൊല്ലം നമ്മുടെ വാർത്തകളിൽ നിറഞ്ഞു നിന്ന ലാവ്ലിനെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്‌?"
ഹാ: "ആ കുരുത്തം കെട്ടോനെപ്പിടിച്ച്‌ കെട്ടി ചന്തിക്കിട്ട്‌ രണ്ടെണ്ണം പൊട്ടിക്കണം.. ഹല്ല പിന്നെ.."

ഇടി.അനീ.: "എന്ത്‌ പിണറായിനെ തല്ലണം എന്നോ.. അതിനു മാത്രം ധൈര്യം ഉണ്ടോ നിങ്ങൾക്ക്‌?"
ഹാ:  "ഹാ, അത്‌ ഞമ്മളാ പിണങ്ങാറായിനെ ഉദ്ദേശിച്ച്‌ പറഞ്ഞല്ല.. ലാവലിനെ തല്ലുന്ന കാര്യാ.. ഓനൊരുത്തനല്ലേ ഈ കൊയപ്പം മുയുമനുണ്ടാക്കിയേ.. ഇതാ ഇങ്ങളു ചാനലുകാരുടെ കൊയപ്പം.. പൈ പെറ്റൂന്ന് കെട്ടാൽ, ഒടനെ കയറും പാലു കറക്കാൻ മൊന്തേം എടുത്തോളും.." 

ഇടി.അനീ.: "അടുത്തിടെ നടന്ന ഉണ്ണിത്താൻ സംഭവത്തെ എങ്ങനെ കാണുന്നു.. മലയാളിയുടെ ഒരു കപട സദാചാരമെന്നിതിനെ വിശേഷിപ്പിക്കാമോ?"
ഹാ: "ഉണ്ണീനെക്കണ്ടാലെ അറിയാല്ലോ ഊരിലെ പഞ്ഞം.. ഓൻ ഉണ്ണിത്താനല്ലടാ, മണ്ണുണ്ണിത്താനാ.. ഹും,  സദാചാരം.. അതേ, മറ്റുള്ളോന്റെ അടുപ്പിലെ ചാരം വാരലാണല്ലോ ഞമ്മള്‌ മലയാളികളുടെ പരിപാടി.. ഇങ്ങളു ചാനലുകാർക്ക്‌ കൊറേ കാലത്തേക്ക്‌ ചാകരയായില്ലേ മാനേ..പിന്നെ തലക്കു സുഖോല്ലിത്തോനോക്കെയെ KPCC ന്റെ തലപ്പത്തിരുത്തിയപ്പോയെ ഞമ്മക്ക്‌ തോന്നീക്ക്‌ ഇങ്ങനോക്കെ ബരൂന്ന്.. അനുഭവിക്കട്ടെ.. ഞമ്മളായിറ്റ്‌ ഈ വിഷയത്തിൽ അധികോന്നും പറേന്നില്ല..നെക്സ്റ്റ്‌  കൊസ്റ്റ്യൻ"

ഇടി.അനീ.: "KPCC അധ്യക്ഷനെ തലക്ക്‌ സുഖമില്ലാത്തവൻ എന്ന് വിളിക്കുന്നോ?ഹാജിയാരേ കളി കാര്യമാകുമേ"
ഹാ: "എടാ പഹയാ, അനക്കെന്തിന്റെ കേടാ..ഓന്റ്‌ പേരെന്താ ചെന്നി-ത്തല, അല്ലേ അല്ലേ? അപ്പോ തലക്കസുഖം എന്ന് പറഞ്ഞത്‌ എന്തുകൊണ്ടാന്നു അനക്ക്‌ തിരിഞ്ഞോ? മേണ്ടാണ്ട്‌ വിവാദം ഒണ്ടാക്കുന്നത്‌ ഇങ്ങള്‌ ടി വി ക്കാരു തന്നെയാ.. ഒറ്റെണ്ണത്തിനും ബേറൊരു പണിയൂല്ല"

ഇടി.അനീ.: "അയ്യോ ഹാജിയാരെ ക്ഷമി..തെറ്റിദ്ധരിച്ചു പോയി..അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു പേരാണ്‌ തടിയന്റവിട നസീർ.. മലയാളിക്ക്‌ ഒരു ഞെട്ടലോടയേ ആ പേര്‌ ഓർക്കാൻ കഴിയൂ.. തീവ്രവാദം നമ്മുടെ നാട്ടിലേക്കും നുഴഞ്ഞ്‌ കയറുയുകയാണെന്ന പരമാർത്ഥത്തോട്‌  ഹാജിയാരെങ്ങനെ പ്രതികരിക്കുന്നു?"

ഹാ: "ഓന്റെ പേരിനി തടി കേടായോന്റവിട നസീർ എന്നു മാറ്റ്ന്നതാവും നല്ലത്‌..തീവ്രവാദം അത്‌ ആരു ചെയ്താലും ശിച്ചിക്കണന്നാണു ഞമ്മടെ അഭിപ്രായം.. അത്‌ ഹിന്ദ്ത്ത കൊടി പിടിച്ചിറ്റായാലും മുസ്ലിം കൊടി പിടിച്ചിറ്റായാലും ഒരുപ്പോലെ ശിച്ചിക്കണം.. പ്രത്യേകിച്ചും ഒരു മതേതരത്ത രാട്രത്തിൽ.. അല്ലെങ്കിൽ അത്‌ പിന്നേം തീവ്രവാദം വളർത്ത്കേ ഒള്ളൂ.. ഇന്നൊരു മദനി ആണെൽ നാളെ ചെലപ്പോ മമ്മദനി ആയ്‌രിക്കും.. ഒരു മൂഡി ആണിന്നെങ്കില്‌ നാളെ ഒരു മുമ്മൂഡി. അങ്ങനെ തൊടർന്ന് പോകും.. തടിയന്റവിടെയും ഇടിയന്റവിടെയുമൊക്കെ ഇവരിക്ക്‌ ഒരു ടൂൾ മാത്രാണ്‌.. കായിറക്കി ഓല്‌ ഇനീം എറക്കും.. രാട്രീയക്കാരു ദയവ്‌ ചെയ്ത്‌ ഈറ്റേളെ സപ്പോർട്ട്‌ ചെയ്യരുത്‌.. അയില്ലാണ്ടായാല്‌ തന്നെ പാതി നേരെയാകും.." 

ഇടി.അനീ.: "ചന്ദ്രനിൽ വെള്ളം കണ്ടെത്തിയ നമ്മുടെ ചാന്ദ്രയാൻ മിഷൻ എങ്ങനെ കാണുന്നു? ശാസ്ത്രപുരോഗതിയിലെ നാഴികക്കല്ലായിത്തീർന്നേക്കാവുന്ന ഒരു കണ്ടുപിടുത്തമായി ഇതിനെ വിശേഷിപ്പിക്കാമോ?"
ഹാ: "തേങ്ങാക്കൊല.. ചന്ദ്രനിൽ ബെള്ളം കണ്ട്‌ പിടിച്ചിറ്റ്‌ ഞമ്മക്കെന്ത്‌ കിട്ടാനാ?ആടുന്നൊരു പൈപ്പിട്ടിട്ട്‌ ഇവിടെ എത്തിക്കാൻ പറ്റോ?"

ഇടി.അനീ.: "അങ്ങനല്ല ഹാജിയാരെ, ശാസ്ത്രത്തിനുള്ള നമ്മുടെ ഒരു വലിയ സംഭാവന അല്ലേ അത്‌? നമ്മുടെ ശാസ്ത്ര പുരോഗതിയെ അല്ലേ അത്‌ കാണിക്കുന്നത്‌?"
ഹാ: "എന്ത്‌ പുരോഗതിയാടാ?ആട ബെള്ളം ഒണ്ടായിറ്റ്‌ ഞമ്മക്കെന്ത്‌ പ്രയോജനം? ജനങ്ങൾക്ക്‌ ഒപകാരം ഉള്ള വല്ല കണ്ടു പിടുതോം കണ്ട്‌ പിടിക്കട്ടെടാ ഈ ചാത്രഞ്ചന്മാര്‌"

ഇടി.അനീ.: "(ഇമ്മനുഷ്യന്‌ എല്ലാത്തിലും അഭിപ്രായുണ്ട്‌.ഒന്നു മാറ്റിപ്പിടിക്കാം) ഹാജിയാർ സിനിമ കാണാറുണ്ടോ.. മലയാള സിനിമാ പ്രതിസന്ധിയെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?"
ഹാ: "ഞമ്മളു ചെറുപ്പം മൊതൽക്കേ സിനിമാ പ്രേമിയാ. നാട്‌ ചുറ്റി നടക്ക്ന്ന കാലത്തും ഒരൊറ്റ സിനിമേം ബിടാറില്ല.. ഹിന്ദിയും,തമിഴും,മലയാളോം തന്നെ മെയിനായിറ്റ്‌ കണ്ടത്‌.. ഇപ്പൊ ടാക്കീസി പോയി കാണുന്ന പരിപാടി നിർത്തി.. വ്യാജനും അല്ലാത്തോമായ സി ഡി ഇട്ടാ കാണല്‌.."


ഇടി.അനീ.: "അതെന്ത്‌ പറ്റി ഹാജിയാരെ?"
ഹാ: "എല്ലാത്തിനും കാരണം ഇബിടത്തെ ഫാൻസാ.. സത്യം പറഞ്ഞാൽ ഓലാ ഈ മലയാള സിനിമേടെ പ്രതിസന്ധിക്ക്‌ കാരണം.. ഓലുടെ അലമ്പ്‌ പരിപാടി കൊണ്ട്‌ ഞമ്മള്‌ മമ്മൂട്ടീടേം ലാലിന്റേം പടം കാണുന്നത്‌ നിർത്തി.. എന്നിട്ട്‌ ഇന്നാളാ സുകുമാരന്റെ മോനില്ലേ, പൃത്തിരാജ്‌.. ഓന്റെ പൊതിയ മൊഖം കാണാൻ പോയി.. ഓനു ഫാനും എ സി യൊന്നുമില്ലാന്നാ ഞമ്മളു കരുതിയെ.. ചെന്നോക്കുമ്പം ടാക്കീസിൽ ഒരു ഫാൻസ്‌ പട.. അയിലൊരുത്തൻ ഓലപ്പടക്കം കത്തിച്ച്‌ ഞമ്മളെ മേത്തേക്ക്‌ എറിഞ്ഞു.. ഞമ്മളോനെ ബിട്ടില്ല കേട്ടാ..  ഓടിച്ചിറ്റ്‌ പിടിച്ച്‌ ചെള്ളയ്ക്കിട്ട്‌ രണ്ടെണ്ണം പൊട്ടിച്ചു.. സിനിമേൽ പൃഥിരാജിന്റെ മൊഖം പൊതിയതാണോന്നു ഞമ്മക്കറിഞ്ഞൂട, എന്നാലാ ഫാൻ ചെക്കന്റെ മോന്ത പുത്തനായി, ഞമ്മളെ അടി കൊണ്ടിട്ട്‌.. അന്നത്തോടെ ഞമ്മളു ടാക്കീസിപ്പോക്ക്‌ നിർത്തി.."

ഇടി.അനീ.: "മലയാളക്കരയാകെ നിറഞ്ഞാടുന്ന റിയാലിറ്റി ഷോകളെക്കുറിച്ച്‌ ഹാജിയാരുടെ അഭിപ്രായം എന്താണ്‌?അങ്ങിത്‌ കാണാറുണ്ടോ?"
ഹാ: "റിയാലിറ്റി ഷോകളല്ലെടാ ഹമുക്കെ.. റിയാലിറ്റി ഒട്ടൂല്ലാത്ത ഒടുക്കത്തെ ഷോകളാണിത്‌.. വേണേൽ ലൈവ്‌ സീരിയൽ എന്നും ബിളിക്കാം.. കുഞ്ഞങ്ങളൊക്കെ നന്നായിട്ട്‌ പാടിയാലും സംഗതി ബന്നില്ല എന്ന ചെലരുടെ കമന്റ്‌ കേക്കുമ്പോൾ പെരുവിരലീന്ന് അറിയാണ്ടെന്തോ കേറി ബരും.. ഈ പറയുന്നോല്‌ പാടിയാ ബര്‌വോടാ ഈ സംഗതികള്‌?"

ഇടി.അനീ.: "നിങ്ങളുടെ നാട്ടുകാരൻ ഒരു ജോബി ഐഡിയ സ്റ്റാർ സിംഗറിൽ മുന്നേറുന്നുണ്ടല്ലോ.. പുള്ളിക്കാരനെപ്പറ്റി എന്താണഭിപ്രായം?അയാൾക്ക്‌ എസ്‌ എം എസ്‌ ചെയ്യാറുണ്ടോ?"
ഹാ: "ബടേരേടെ മുത്താടാ ഓൻ.. ഓൻ ജയിച്ച്‌ കേറട്ടെ.. ഞമ്മളു പ്രാർത്തിക്കുന്ന്ണ്ട്‌."

ഇടി.അനീ.: "അല്ലാ അപ്പോ എസ്‌ എം എസ്‌?"
ഹാ: "ഓനു വേണ്ടി കായെറിയാനൊന്നും ഞമ്മക്കാവൂല്ല..പ്രാർത്തിക്കാം.. അയിന്‌ ചെലവൊന്നുമില്ലല്ലോ.. അനക്കത്ര മുട്ടുണ്ടേൽ ഇഞ്ഞയക്കെടാ പത്ത്‌   എസ്‌ എം എസ്‌"

ഇടി.അനീ.: "പൊതുവിൽ പറഞ്ഞാല്‌ ഹാജിയാരു ഈ റിയാലിറ്റി ഷോകൾക്കെതിരാണ്‌.. സപ്പോസ്‌ നിങ്ങളെ ഇതിലെ ജഡ്ജസായി വിളിക്കുന്നു.. എന്തായിരിക്കും നിങ്ങളുടെ സമീപനം.. പോകുമോ ഇല്ലയോ?"
ഹാ: "പോകും..ഒറപ്പായിട്ടും പങ്കെടുക്കും..സംഗതി വന്നില്ലാന്ന് ബിളിച്ച്‌ കൂവ്വേം ചെയ്യും" 

ഇടി.അനീ.: "റിയാലിറ്റി അല്ലാത്ത ഷോകളാണെന്നൊക്കെ പറഞ്ഞിട്ട്‌ കാലു മാറുന്നത്‌ എവിടത്തെ ഏർപ്പാടാ?"
ഹാ: "എട പഹയാ, ദീപസ്തഭം മഹാച്ചര്യം ഞമ്മക്കും കിട്ടണം കായി എന്നൊരു നായരു പറഞ്ഞത്‌ ഇ ഞ്ഞി കേട്ടിക്കില്ലേ? അതന്നെ.. ഓലെ കായും കായന്നല്ലേ, പുളിങ്കുരു ഒന്നല്ലാലോ"

ഇടി.അനീ.: "നായരല്ല, നമ്പ്യാർ..കുഞ്ചൻ നമ്പ്യാർ"
ഹാ: "നമ്പ്യാരു നായരല്ലേടാ?ഇഞ്ഞിയൊക്കെ ഏടുന്നാ ബരുന്നേ?"

ഇടി.അനീ.: "ഹാജിയാരുമായി സംസാരിച്ച്‌ തുടങ്ങിയാൽ സമയം പോകുന്നതേ അറിയില്ല.. നമുക്കനുവദിച്ച സമയം തീരാറായി..അവസാനമായി,  ഈ പുതു വർഷ ആഘോഷവേളയിൽ, അങ്ങേയ്ക്ക്‌, പ്രേക്ഷകർക്ക്‌ നൽകാനുള്ള സന്ദേശമെന്താണ്‌?"

ഹാ: "സത്യം പറയാല്ലോ..പുതുവർഷം ന്നൊന്നും കേക്കുമ്പോ ഞമ്മക്കൊരു കോപ്പും തോന്ന്ന്നില്ല.. ഇന്നലേപ്പോലത്തന്നെ ഇന്നും ഏനി നാളേം. അല്ലാണ്ട്‌ എന്തേലും പ്രത്യേകത ഒള്ളതായി കരുത്‌ന്നില്ല.. ഇങ്ങളു ചാനലുകാരാ ഈനേം ഇത്തര ആഗോഷാക്കുന്നേ.. പുതിയ തീരുമാനം എന്താണ്‌,  എന്നൊക്കെ ചോയിച്ച്‌ മനുശനെ വടിയാക്കാനായിട്ട്‌ ഓരോരുത്തരെറങ്ങിക്കോളും.. ഞമ്മടെ അഭിപ്രായത്തിൽ എന്തേലും ചെയ്യണം, എന്തേലും തീരുമാനം എടുക്കണം എന്നു തോന്നീക്കിണ്ടേൽ അതപ്പോത്തന്നെ ചെയ്യണം.. പുതു വർഷം വരട്ടെ എന്നിറ്റാകാം എന്നൊക്കെ ബച്ച്‌ കാത്തിരിക്കരുത്‌.. അങ്ങനെ നോക്കിയാല്‌ പുതു വർഷം എപ്പോ തോടങ്ങുന്നൂ എന്നു നിച്ചയിക്കണത്‌ ഞമ്മളന്നെയാണ്‌.. എന്നിരിക്കിലും എല്ലാർക്കും ഞമ്മടെ പുതുവത്സര ആശംസകൾ.. പുതിയ വർഷത്തിൽ പയേ തെറ്റുകളൊക്കെ തിരുത്തി എല്ലാരും മുന്നോട്ട്‌ കുതിക്കട്ടെ.. പെണങ്ങിപ്പോയ മൊയ്തീനോട്‌ രണ്ട്‌ വാക്ക്‌, തിരിച്ച്‌ വാടാ...ഇഞ്ഞില്ലാണ്ട്‌ ഞമ്മക്കെന്ത്‌ പുതുവർഷം? വെട്ടിക്കുറച്ച അന്റെ ശമ്പളം ഞമ്മളു പയേ പോലാക്കാം.. മുത്തേ തിരിച്ച്‌ വാ,  ഉമ്മാ (ഫ്ലൈയിംഗ്‌ കിസ്സ്‌).. എല്ലാർക്കും ഒരിക്കക്കൂടെ ആശംസകൾ..

ഇടി.അനീ.: "തിരക്ക്‌ പിടിച്ച ജീവിതത്തിനിടയിലും, ഇത്രയും നേരം ക്വട്ടേഷൻ ടി.വി.പ്രേക്ഷകർക്കു വേണ്ടി സമയം കണ്ടെത്തിയ, വേറിട്ട ചിന്തകളിലൂടെ നമ്മെ ഉത്ബോദ്ധിപ്പിച്ച ശ്രീ. ഹാജിയാർക്ക്‌ ഒരുപാട്‌ നന്ദി.. അദ്ദേഹത്തിനും പ്രേക്ഷകർക്കും നവ വത്സരാശംസകൾ നേരുന്നു"


(കൈ കൊടുത്ത്‌ തിരിച്ച്‌ നടക്കാൻ ഒരുങ്ങിയ അനീഷിനെ ഹാജിയാർ തടഞ്ഞ്‌ നിർത്തി) 

ഹാ: "പോകല്ലേ മോനേ..ഇത്തരേം നേരം ഇ ഞ്ഞി ഞമ്മളോട്‌ ചോദ്യം ചോയിച്ചില്ലേ.. ഇനി ഞമ്മക്കിന്നോട്‌ ചെലത്‌ ചോയിക്കാനിണ്ട്‌.. അല്ലാ ഇ ഞ്ഞിയെത്ര കൊലക്കേസിൽ പ്രതിയാന്നാ പറഞ്ഞേ??"
ഇടി.അനീ.: "അത്‌ നാല്‌" 


ഹാ:"എന്തോ?"
ഇടി.അനീ.: "അല്ല മൂന്ന്"
ഹാ: "എ എ എത്ര"
ഇടി.അനീ.: "രണ്ട്‌"

ഹാ: "പോരട്ടങ്ങനെ പോരട്ടെ"
ഇടി.അനീ.: "ഒന്ന്..ഇനി കുറയൂല്ല"
ഹാ: "ഫാ, ഹമുക്കേ..സത്യം പറയടാ".. ഹാജിയാർ അനീഷിന്റെ കോളറിനു കുത്തിപ്പിടിച്ചു. 

ഇടി.അനീ.: "പിടിവിട്‌ ഹാജിയാരെ..ഞാൻ പറയാം.. ഒരു കൊലക്കേസിൽ സാക്ഷിയാണ്‌.. ഈ ചാനലില്‌ പണി കിട്ടാൻ വേണ്ടി കള്ളം പറഞ്ഞതാ.. ഇവര്‌ ഗുണ്ടകളെയാ പ്രിഫർ ചെയ്യുന്നത്‌"
ഹാ: "അ അ ആ അങ്ങനെ ബരട്ടെ.. അല്ലാ അപ്പോ അന്റെ ഇടിക്കണ്ടീന്നുള്ള പേരോ? കള്ളപ്പേരാ?"

ഇടി.അനീ.: "ഹാജിയാരെ രക്ഷിക്കണം.. പുറത്ത്‌ പറയരുത്‌.. അതും ഈ ജോലിക്കു വേണ്ടീട്ടാ.. ഒറിജിനൽ പേര്‌ അനീഷ്‌ കെ നായര്‌ ന്നാ.. കഞ്ഞി കുടി മുട്ടിക്കല്ലേ.. ജീവിച്ച്‌ പോയ്ക്കോട്ടെ"
ഹാ: "അന്റെ സംസാരം കേട്ടപ്പളേ ഞമ്മക്ക്‌ തംശയം തോന്നീക്ക്‌.. പേടിക്കണ്ടാ ഞമ്മളാരോടും പറയൂല്ല.. 2010 അനക്ക്‌ നല്ല ഒരു വർഷായിരിക്കട്ടെ"

ഇടി.അനീ.: "താങ്ക്സ്‌ ഹാജിയാരെ"
 ------------------------------------------------------------------


വടകര ഡിക്ഷ്ണറി (കുറേ പദങ്ങളുടെ അർത്ഥം ആദ്യ പോസ്റ്റിൽ കൊടുത്തിട്ടുണ്ട്‌ ): (മേണ്ട--വേണ്ട, ഓൻ-അവൻ, ഇണ്ടോ--ഉണ്ടോ, നാകുമ്മല്‌--നാവില്‌, തംശയം--സംശയം, രസോള്ള--രസമുള്ള, പൊയ--പുഴ, മേണ്ടുവോളം--വേണ്ടുവോളം, ഈറ്റേള്‌--ഇവറ്റകള്‌, മോന്തി--സന്ധ്യ, പണ്ടെന്നെ--പണ്ട്‌ തന്നെ, കയ്യൂല്ല--കഴിയില്ല, മറക്കര്‌--മറക്കരുത്‌, പൈ--പശു, ആട--അവിടെ, അയില്ലാണ്ടായാല്‌ --അതില്ലാണ്ടായാൽ,  കായി--കാശ്‌, ഒരിക്കക്കൂടെ--ഒരിക്കൽ കൂടെ, അന്റെ--നിന്റെ)
-------------------------------------------------
 
എല്ലാവർക്കും ഹാജിയാർ & കോ. യുടെ നവവത്സരാശംസകൾ..

5 comments:

  1. ഹാജിയാർ vs. മൊയ്തീൻ രണ്ടാം ഭാഗം...

    ReplyDelete
  2. ഏയ്‌ അല്ലാ‍ാ‍ാ‍ാ‍ാ :)))))

    ReplyDelete
  3. കായംകുളം അരുണ്‍ അണ്ണേ, ഈ വഴി വന്നതിനു നന്ദി നമസ്കാരം :)

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍