Oct 30, 2011

അമ്പത്‌ ഉറുപ്പിക കളയാത്ത ഇന്ത്യൻ റുപ്പി

കഴിഞ്ഞ ആഴ്ചത്തെ വീട്ടില്‍ പോക്കിലാണു ഇന്ത്യന്‍ റുപ്പി കണ്ടത്‌, അമ്പത്‌ ഉറുപ്പികയുടെ ടിക്കറ്റെടുത്ത്‌, അഞ്ചുറുപ്പികേടെ കടലയും കൊറിച്ച്‌, വടകര ജയഭാരതിലിരുന്ന്‌..

പണമില്ലാത്തവന്‍ പിണം, എന്നൊരു ആശയത്തില്‍ തുടങ്ങി, അത്‌ നേടാന്‍ എന്തും ആവാം എന്ന ആശയത്തോടെ വികസിച്ച്‌, പണത്തിലുമുപരി എന്തോക്കെയോ ഉണ്ടീ ഉലകത്തില്‍, പണത്തിനു മീതെയല്ല, ചില സ്നേഹങ്ങളുടെയും നന്മകളുടേയുമൊക്കെ മീതെ ഒരു പരുന്തച്ചനും പെരുന്തച്ചനും പറക്കില്ല എന്നൊരു കണ്‍ക്ലൂഷന്‍, ഇത്രെയെ ഇന്ത്യന്‍ റുപ്പി പറഞ്ഞുള്ളൂ!!

ഇരുട്ടി വെളുക്കുമ്പോഴേക്കും കോടീശ്വരനാവുക, അതിനിപ്പോ എളുപ്പം റിയല്‍ എസ്റ്റേറ്റ്‌ കളി തന്നെ.. എന്നാല്‍ രണ്ട്‌ നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും തോളില്‍ അതേ ആള്‍ക്ക്‌ മാറാപ്പ്‌ വച്ചു കെട്ടുന്നതും ഒരു കളിയാണു മോനേ ജെ പീ എന്നാരും പയ്യന്‍സിനു പറഞ്ഞു കൊടുക്കുന്നില്ല.. ചില സദാചാരങ്ങളുടെ മുഖമ്മൂടികളും പറിച്ച്‌ കളയാന്‍ ശ്രമിക്കുന്നുണ്ട്‌ രഞ്ജിത്ത്‌.. അപ്പര്‍ ക്ലാസ്‌ സംസ്കാരം, ഡൗറി സിസ്റ്റം തുടങ്ങിയവയെ ഒന്നു തോണ്ടിക്കടന്നു പോവുന്നുണ്ട്‌ സംവിധായകന്‍..

പൃഥ്വിരാജിന്റെ സിനിമ എന്നെവിടെയും പറഞ്ഞു കേട്ടില്ല, നാട്ടിലും നെറ്റിലും തത്തിക്കളിക്കുന്ന ആ ഒരു നെഗറ്റീവ്‌ അപ്പ്രോച്ച്‌ ഒഴിവാക്കാനാവും.. രഞ്ജിത്തിന്റെ കയ്യടക്കം തന്നെയാണു അങ്ങോളമിങ്ങോളം നിറഞ്ഞു നില്ക്കുന്നത്‌..

ഇതില്‍ ഇഷ്ടമില്ലാത്ത സീന്‍ പൃഥ്വി മതില്‍ ചാടുന്നതാണു.. ഒരു ശരാശരി മലയാളിയുടെ മെയ്‌-വഴക്കമിന്നും പുള്ളിക്കില്ല.. വീട്ടിലേക്ക്‌ വരുന്ന വഴിക്ക്‌ മാണിക്യക്കല്ലായിരുന്നു ബസ്സില്‍ കാണിച്ച സിനിമ.. ഒരു നാട്ടിന്‍ പുറത്തെ സ്കൂള്‍ മാഷിന്റെ മെയ്‌-വഴക്കപ്രശ്നം അതിലുമുണ്ട്‌.. അതൊന്നും പക്ഷെ സിനിമയെ ബാധിക്കുന്നില്ല.. നല്ലൊരു കഥയുള്ളൊരു മോഹനന്‍ സിനിമ..

കുറേയേറെ കഥാപാത്രങ്ങളെ സമര്‍ത്ഥമായി കോര്‍ത്തിണക്കിയിരിക്കുന്നു അതും ‘ഇന്ത്യന്‍ റുപ്പി’ കൊണ്ട്‌.. എല്ലാവരുടേയും പ്രശ്നം കാശ്‌ തന്നെ എന്നത്‌ പുതിയ ലോകത്തോട്‌ എത്ര മേല്‍ ഒട്ടി നില്ക്കുന്നു ഈ സിനിമ എന്ന്‌ കാണിക്കുന്നു..

സിനിമ, ഒരു തുറന്ന്‌ പറച്ചിലിലൂടെ പറയുന്നതത്ര ദഹിച്ചില്ല, ആദ്യം കാണുന്ന ഒരാളോടുള്ള തുറന്നു പറച്ചില്‍, ആ തുറന്നു പറച്ചില്‍, അതിത്തിരി ഓവറായിപ്പോയില്ലെ രഞ്ജിത്തേ?

മലയാള സിനിമയില്‍ തനിക്ക്‌ മാത്രം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുണ്ടെന്ന്‌, താനിപ്പോഴും മലയാള സിനിമയ്ക്കൊരു മുതല്ക്കൂട്ടാണെന്ന്‌ തിലകന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.. അളന്നു മുറിച്ച സംഭാഷണങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍, ഇടറിയുള്ള തേങ്ങല്‍, ഒരു സിനിമാ ത്രെഡ്‌ ഇങ്ങനെയൊക്കെ ആണിവിടെ വികസിക്കുന്നത്‌..

ജഗതിയുടെ ഗോള്‍ഡ്‌ പാപ്പന്‍ തുടക്കം മുതലെ നമ്മെ വിസ്മയിപ്പിക്കുന്നു.. സ്കൂട്ടര്‍ ഇട്ടുള്ള ആ കളിയും, ഇടയ്ക്കുള്ള ഭാവമാറ്റങ്ങളും മതി ആ അഭിനയമികവ്‌ വിളിച്ചോതാന്‍.. മലയാളത്തിലെ എറ്റവും റേഞ്ചുള്ള നടന്‍ ആരെന്ന്‌ ചോദിച്ചാല്‍ ഇപ്പോഴും ഉത്തരം ജഗതീന്ന്‌ തന്നെയാവുന്നതിന്റെ കാരണവും മറ്റൊന്നല്ല..

ഈ പുഴയും എന്ന ഗാനം മികച്ചതാണെങ്കിലും സിനിമയിലതിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നാണു അഭിപ്രായം.. റീമാ കല്ലിങ്കലിനെയും സിനിമ ആവശ്യപ്പെടുന്നില്ല.. പ്രാഞ്ചിയേട്ടന്റെ കയ്യടക്കം അല്ലെങ്കില്‍ പാലേരിമാണിക്യത്തിലെ സംവിധായക മികവ്‌ ഇവിടെയൊന്നു പാളി.. ചിലപ്പോള്‍ ജീവിതത്തിലെ നന്മകളെ പണത്തിനുപരി ആയിട്ട്‌ കാണിക്കാന്‍ വേണ്ടി പ്രണയം ഒന്നു കുത്തി വച്ചതാകാം രഞ്ജിത്ത്‌.. സാങ്കേതികതയിലും ചിത്രം മുന്നിട്ടു നില്ക്കുന്നു.. പക്ഷെ കാശൊന്നും കയ്യിലെടുക്കാനില്ലാത്ത ഒരാളുടെ വീടിനു ചേര്‍ന്ന കെട്ടും മട്ടുമല്ല ജെ പിയുടെ വീടിനെന്ന്‌ പറയാതെ വയ്യ.

വ്യത്യസ്ത പരീക്ഷണങ്ങളുമായി മലയാളത്തില്‍  ഒരു സംവിധായകന്‍ പ്രേക്ഷകരോട്‌ സംവദിക്കുന്നത്‌ കാണുന്നത്‌ ആനന്ദദായകം തന്നെ.. പൃഥ്വി നായകന്‍ ആയത്‌ കൊണ്ട്‌ ആ വിദ്വേഷം സിനിമയോട്‌ പലര്‍ക്കുമുണ്ടാകാമെങ്കിലും, മുന്‍ വിധികളില്ലാതെ കാണുന്ന ഒരാളെയും അത്‌ ബാധിക്കില്ലെന്ന്‌ സ്വയം സാക്ഷ്യപത്രം.. ഈയൊരു ലൈഫ്സ്റ്റൈലിലേക്ക്‌ ഇണങ്ങിച്ചേരാന്‍ പൃഥ്വിക്കെളുപ്പം കഴിഞ്ഞിട്ടുണ്ട്‌.. ഉറുമിയിലെ പ്രകടനം എത്ര മോശമാണെന്ന്‌ പറയുന്ന അതെ നാവ്‌ കൊണ്ടിത്‌ പറയാനെനിക്ക്‌ മടിയില്ല.. പൃഥ്വിക്ക്‌ പകരം എന്ത്‌ കൊണ്ട്‌ ആര്യയെ തന്നെ ആ റോള്‍ ഏല്പ്പിച്ചില്ല എന്നന്നെ തോന്നിയിരുന്നു!! പിന്നെ സന്തോഷിന്റെ ഷോട്ടുകള്‍ മാത്രം കാണാനായിരുന്നു ആ സിനിമയ്ക്ക്‌ പോയതും.. കോഴിക്കോട് സെന്ററായുള്ള ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിനു പലപ്പോഴും കോഴിക്കോടന്‍ ഭാഷ മിസ് ആയിപ്പോവുന്നു.. കോഴിക്കോട് നിര്‍ത്താന്‍ ബ്രേക്ക് ചവിട്ടിയ ഒരു ബസ് കോട്ടയത്തൊക്കെ എത്തി നില്ക്കണ പോലെ.. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി കാഴ്ചവച്ച സൂക്ഷ്മാഭിനയം ഒക്കെ പൃഥ്വി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ..

പ്രാഞ്ചിയേട്ടനിലെപ്പോലെ തന്നെ സംവിധായക മികവാണു ഈ ചിത്രത്തേയും മികച്ചതാക്കുന്നത്‌.. റിനി ടോമിനെ പോലും വളിപ്പാക്കാതെ ഉപയോഗിച്ചിരിക്കുന്നു.. പ്രാഞ്ചിയേട്ടനില്‍ സംഭാഷണങ്ങളിലൂടെയും കാരക്റ്ററുകളിലൂടെയും മാത്രമാണു കഥ വികസിക്കുന്നതെങ്കില്‍, ഇതില്‍ ആദ്യം മുതലെ റിയല്‍ എസ്റ്റേറ്റ്‌ എന്നൊരു ത്രെഡ്‌ നില നില്ക്കുന്നുണ്ട്‌.. ചുരുക്കി പറഞ്ഞാല്‍ സംവിധായകന്‍ തന്നെയാണു ഒരു സിനിമ മികച്ചതാക്കുന്നതെന്ന്‌ രഞ്ജിത്ത്‌ വീണ്ടും തെളിയിച്ചിരിക്കുന്നു..

----------------------

സിനിമയെക്കുറിച്ച് അധികം അറിയാത്ത ഒരാളുടെ ആസ്വാദനം ആയിട്ടിതിനെ കരുതിയാല്‍ മതിയാവും.. ബ്ലെസിയും രഞ്ജിത്തുമൊന്നും പദ്മരാജന്റേയും ഭരതന്റേയുമൊന്നും (ഒരിക്കലും!) നിലവാരത്തിലേക്കുയരുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.. മൂക്കീല്ലാ രാജ്യത്ത്‌ രാജാക്കന്മാരാവാന്‍ ചില മുറിമൂക്കര്‍ എങ്കിലുമുണ്ടല്ലോ എന്നൊരു ആശ്വാസം മാത്രം..

പോയി കാണാന്‍ പറഞ്ഞ മനോജേട്ടനു (നിരക്ഷരന്‍) താങ്ക്സ്..

12 comments:

  1. പോയിക്കാണാൻ പറഞ്ഞതിനും താങ്ക്സോ ? :)
    അല്ലാ... ആ സിദ്ധവൈദ്യം ഡോൿടർ പ്രയോഗത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. :) :)

    ReplyDelete
  2. നുമ്മളു തന്നെ നുമ്മക്ക് ആപ്പടിക്കുന്നത് ശരിയല്ലാലോ മനോജേട്ടാ..

    വഴി തെറ്റിക്കുന്നതിനല്ലെ താങ്ക്സ് പറയേണ്ടത്??

    ReplyDelete
  3. ഞാൻ ഈ ചിത്രം കണ്ടിട്ടില്ല. കാണണം. നന്നായി അവലോകനം.കോഴി ക്കോട് നിര്‍ത്താന്‍ ബ്രേക്ക് ചവിട്ടിയ ഒരു ബസ് കോട്ടയത്തൊക്കെ എത്തി നില്ക്കണ പോലെ..രസകരമായി.

    ReplyDelete
  4. panaththinu mukalilum palathumund ennu Lohithadas-um mattum parayaathe paranju.
    Some things are natural when they are implied..I think thats how life does it..That may be why the film didnt touch me as 'Pranchiyettan'

    ReplyDelete
  5. അനോണീ, പ്രാഞ്ചിയേട്ടൻ വേറൊരു തരം സിനിമയല്ലേ, കാരക്റ്ററിലൂടെ, സംബാഷണത്തിലൂന്നി വികസിക്കുന്നത്.. ഇവിടെ റിയൽ എസ്റ്റേറ്റാണല്ലോ കാര്യം, കുറച്ചൊക്കെ അണ്രിയലിസ്റ്റിക് തന്നെ എന്നു സമ്മതിക്കുന്നു.. ഒരു സാരോപദേശം രഞ്ജിത്തിനു പറയാതെ തരമില്ലാലോ, മുൻപാരു പറഞ്ഞതാണെങ്കിലും.. ആ ഒരു ചട്ടക്കൂടോക്കെ പൊളിച്ചു മാറ്റി ഒരു രഞ്ജിത്ത് പടം വരുമായിരിക്കും

    ReplyDelete
  6. ശ്രീ മാഷെ, താങ്ക്സ്..വെറുതെ ഒരാസ്വാദനം എഴുതണമെന്ന് തോന്നി. ഇഷ്ടമായെന്നറിഞ്ഞ് സന്തോഷിക്കുന്നു.. സിനിമ കാണൂ, നഷ്ടാവില്ല..

    ReplyDelete
  7. ഞാനും കണ്ട് ഇഷ്ടപ്പെട്ട പടമാണ്.. താങ്കള്‍ പറഞ്ഞപോലെ ഈ പുഴയും എന്ന പാട്ടിന്റെ പിക്ചറൈസേഷന്‍ തീരെ ചേരാത്തതായിപ്പോയി. അതിനുപകരം ആദ്യം ഈ പാട്ട് ഒരു കൂട്ടരുടെ കൂടെ പാടുന്നുണ്ടല്ലോ, പിന്നീടെപ്പോഴെങ്കിലും അതേ ഗ്രൂപ്പിന്റെ കൂടെ പാടിയാല്‍ മതിയായിരുന്നു.
    തിലകന്‍ ഗംഭീരമായിട്ടുണ്ട്, പക്ഷേ, മക്കള്‍ മരിച്ചശേഷമുള്ള ആ കരച്ചില്‍ എനിക്കെന്തോ ഇഷ്ടായില്ല....
    പിന്നെ, കാല്‍ക്കാശ് കയ്യിലില്ലാത്ത ആളുടെ വീടാണെന്നു തോന്നില്ല എന്നതിനോട് വിയോജിപ്പ്. അത് പരമ്പരയായി കിട്ടിയതായിക്കൂടേ?
    അതൊക്കെ എന്തെങ്കിലും ഒക്കെ ആവട്ടെ.. നല്ല ഒരു പടം കണ്ടു.. സന്തോഷം..


    മുന്നറിയിപ്പ്.. രാ-വണ്‍ കാണണ്ട.. ‍ഞങ്ങള്‍ കണ്ടു.. വെറും വീഡിയോ ഗെയിം പോലൊരു പടം.. യന്തിരന്‍ എന്തു സൂപ്പര്‍ !!

    ReplyDelete
  8. താങ്ക്സ് ഹേന.. അതെ ആ സോങ്ങ് ആ കൂട്ടത്തിൽ വച്ച് നിർത്തിയാൽ മതിയാരുന്നു.. ഇത് കഥാഗതിയിലെവിടെയും അത്യാവശ്യമാണെന്ന് തോന്നിയില്ല.. പറയാതെ പ്രണയം പറയുന്ന ടെക്നിക് രഞ്ജിത്തിനു വഴങ്ങിയില്ലെന്നു തോന്നുന്നു..

    വീട് മാത്രമല്ല കെട്ടും മട്ടും, 30 രൂപ കീശയിൽ ഇല്ലാത്ത ആൾടെ ആണെന്ന് തോന്നിയില്ല, അതു കൊണ്ട് പറഞ്ഞെന്ന് മാത്രം.. ഹേന പറഞ്ഞതിനോടും യോജിക്കുന്നു, പരമ്പരാഗതമായി കിട്ടിയതായി കാണാവുന്നതാണ്‌..

    വീഡിയോ ഗെയിം കളിക്കാത്തൊരാളോട് രാ-വൺ കണ്ടോ എന്താ അഭിപ്രായം എന്ന് ചോദിക്കാൻ പാടില്ല.. പെർഫ്ക്ഷൻ ഇല്ലാത്ത അലമ്പ് പടം.. കുറച്ച് എസ് ആർ കെ കോമഡി മാത്രം ഓക്കെ, യന്തിരൻ ഒരു പെർഫെക്ഷൻ ഉള്ള സിനിമ ആണു, ഗ്രാഫിക്സിൽ അത്രെം പണിഞ്ഞത്, ബോറാവാതെ നോക്കിയിട്ടും ഉണ്ട്.. ശങ്കർ ന്റെ ഹോം വർക്ക് അല്ലണ്ടെന്ത് പറയാൻ..

    ReplyDelete
  9. ഈ കാലഘട്ടത്തിന്റെ ആശ്വാസമാണ് രഞ്ജിത്ത് .
    പ്രതിസന്ധികളില്‍ തളരാത്ത കരുത്തന്‍ .
    ഇനിയും നല്ല സിനിമകള്‍ ഉണ്ടാകട്ടെ ...
    ആശംസകള്‍

    ReplyDelete
  10. ഇനിയും നല്ല സിനിമകള്‍ ഉണ്ടാകട്ടെ ... exactly വിശ്വസ്തന്‍ :)
    thanks for reading the article..

    ReplyDelete
  11. ഈ സിനിമ ഞാനും കണ്ടു.
    പ്രാഞ്ചിയെട്ടനെ മനസ്സില്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ട് അത്രയ്ക്കും നന്നായില്ല എന്നാണു എന്റെ അഭിപ്രായം.
    നായകന് എവിടെയൊക്കെയോ കൃത്രിമത്വം തോന്നി.
    ഭാഷ പറയുന്നിടതാണ് ഏറ്റവും മോശം.
    ഒളിച്ചോടുന്ന സീന്‍ അത് അനാവശ്യമാണ്.
    ഇത്രനാള്‍ എവിടെ ആയിരുന്നുവെന്ന ചോദ്യത്തിനുള്ള ചിരി ................അത് അദ്ദേഹത്തിന് മാത്രം നല്‍കാന്‍ കഴിയുന്നത്‌.
    പിന്നെ ആ പാട്ട്.
    മഹാ മോശം അതിന്റെ അവതരണം.
    ഷഹബാസ് അമന്റെ സംഗീതം ആ പാട്ടില്‍ നന്നായിരിക്കുന്നു.
    അയാള്‍ പാടിയ ചില പാട്ടുകള്‍ എനിക്കൊരുപാടിഷ്ടമാണ്.

    ഈ നിരൂപണം നന്നായിരിക്കുന്നു.
    ബ്യൂട്ടിഫുള്‍ കണ്ടോ?
    ഇല്ലെങ്കില്‍ കാണൂ.
    അതിനെ കുറിച്ച് എഴുതൂ.
    എനിക്കിതുവരെ കാണാന്‍ ആയില്ല.
    കാത്തിരിക്കുന്നു കാണാനായി.

    uma

    ReplyDelete
    Replies
    1. ഉമ, ബ്യൂട്ടിഫുൾ കണ്ടു, കോ ഓർഡിനേറ്റ്സ് ചേഞ്ചായത് കൊണ്ട്, യൂടൂബ് ശരണം..

      ഇഷ്ടമായി,ഇതിലെ പാട്ടുകൾ ഒക്കെ ഇഷ്ടായി,ഞാൻ പണ്ടു പടിപ്പിച്ച ഒരു പയ്യൻസ് ആണു ഇതിലെ നിൻ വിരൽ തുമ്പിൽ എന്ന പാട്ടിനു ജീബോർഡ് വായിച്ചൊരാൾ..അത് കൂടുതൽ മധുരതരം!!

      ഒരു പ്രത്യേക മൂഡുള്ള ഒരു ഫിലിം,ചില നന്മകൾ പറഞ്ഞു വയ്ക്കുന്നു, പോയി കാണൂ
      പിന്നെ എഴുത്ത് നന്നായി കുറഞ്ഞു, സ്ഥല കാല വിഭ്രമം ആവുമോ ആവോ, ആയൊരു മൂഡിൽ വല്ലപ്പോഴുമേ വരുന്നുള്ളൂ!!

      Delete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍