Oct 31, 2011

മകൾ

സ്വപ്നത്തിന്റെ കുന്നിറങ്ങുമ്പോള്‍ മകള്‍ ചിരിക്കുന്നുണ്ടായിരുന്നു.. കാതിലെ വെള്ളിക്കമ്മലുകള്‍ ചിരിക്കൊപ്പം താളാദ്മകമായി കിലുങ്ങി.. സായാഹ്നസന്ധ്യ ഒളിമിന്നിയ മണലില്‍ കുഞ്ഞിക്കാലുകളൂന്നി എന്നേയും വലിച്ചു കൊണ്ടവള്‍ കടല്‍ത്തീരത്തേക്ക് നടന്നു.. അവളുടെ സ്നേഹത്തിന്റെ കൈപ്പിടിയില്‍ ഞാനവളേക്കാള്‍ കുട്ടിയായി മാറി..

തിരകള്‍ ഞങ്ങളെ കൈ തട്ടി വിളിച്ചു, കാലുകളില്‍ സ്നേഹത്തിന്റെ ചാലുകളായെത്തി, ഒന്ന്‌ തൊട്ട്,‌ ഊര്‍ന്നിറങ്ങി വീണ്ടും നനച്ചു.. അമ്മയെക്കണ്ടത്‌ പോലെ മകളാര്‍ത്ത്‌ ചിരിച്ചു..


‘ഞാനിത്തിരി പൂഴിയില്‍ കളിച്ചോട്ടെയച്ഛാ!’ അവള്‍ പതിവില്ലാത്തവിധം കൊഞ്ചി.. തിരകെളത്താത്ത ഒരിടത്തേക്ക്‌ മകളെന്നെ തള്ളിയിരുത്തി, തിരകളുടെ അടുത്തേക്ക്‌ ഓടിയടുത്തു.. അതോ തിരകള്‍ അവളുടെ അടുത്തേക്കോ??


മണലില്‍,പഠിച്ച അക്ഷരക്കൂട്ടങ്ങളെ നിരത്തിയെഴുതി അവള്‍ കളിക്കുകയാണ്‌.. തിരകളവ ഓരോന്നായി ഏറ്റു വാങ്ങി, ഒരമ്മ മകളുടെ സ്ലേറ്റിലെ അക്ഷരക്കൂട്ടങ്ങളെ മായ്ച്ച് കളയുന്നത് പോലെ.. mom, dad, hope, dream അക്ഷരക്കൂട്ടങ്ങള്‍ക്കൊരു കഥ പറയാനുണ്ടായിരുന്നോ??

മായ്ക്കുന്തോറും, പിന്നേയും പിന്നേയും ആവേശത്തോടെ അവള്‍ എഴുതിക്കൊണ്ടിരുന്നു.. കടലെടുക്കാത്ത ബാല്യകാല സ്മരണകളില്‍ മുങ്ങി നിവര്‍ന്ന്‌ ആസ്വദിച്ചു കൊണ്ട് ഞാന്‍ നിലത്ത് കൈയൂന്നിയിരുന്നു..

പൊടുന്നനെ ആരോ നീട്ടി വിളിച്ച പോലെ ഒരു സ്വ്പ്നത്തിലെന്നവണ്ണം അവള്‍ കടലിലേക്ക് ഇറങ്ങി നടന്നു തുടങ്ങി.. മോളേ എന്ന എന്റെ ആര്‍ത്തനാദങ്ങളെ പിന്നിലാക്കി അമ്മയുടെ മടിത്തട്ടിലേക്കെന്നവണ്ണം അവള്‍ കുതിക്കുകയാണ്‌.. കാലുകള്‍ പിടിച്ച് വച്ച് തീരം എന്നെ തടയുന്നു.. തിരകളുടെ ശക്തി കൂടി വരുന്നത് പോലെ.. അവളെ തൊട്ടിലാട്ടിക്കൊണ്ട് ഒരു തിര കുതിച്ചു വന്നു, മോളേയെന്ന വിളി പുറത്തു വരാത്ത രോദനമായി ഉള്ളിലലയടിച്ചു.. യാത്ര പറയാനെന്നവണ്ണം ഒരു നിമിഷം അവള്‍ കൈകളുയര്‍ത്തി, മുഖം തിരിച്ചു.. അപ്പോളവള്‍ക്ക് നിന്റെ ഛായയുണ്ടായിരുന്നു.

-------------------------

വിട: ബ്ലോഗില്‍ എത്തിയിട്ട്‌ രണ്ട്‌ വര്‍ഷത്തിലേറെയാവുന്നു.. സുഹൃത്ത്‌ ദിനേഷേട്ടന്റെ നിര്‍ബന്ധമായിരുന്നു ഇവിടെയെത്താനുള്ള പ്രധാന കാരണം; എഴുത്തിനെ പോഷിപ്പിക്കുകയെ അത്‌ ചെയ്തിട്ടുള്ളൂ.. ഒരിക്കലും ഇത്രയൊന്നും എഴുതാന്‍ കഴിയുമെന്നു പോലും കരുതിയിരുന്നില്ല.. ആ ഒരു സ്നേഹം എന്നും ചേട്ടനോടുണ്ടാവും.. എല്ലാം ഒരു മൂച്ചിനെഴുതിയത്‌.. എഴുതിയതിനെയെല്ലാം നല്ലതെന്നോ ചീത്തയെന്നോ വകതിരിവില്ലാതെ സ്വന്തം ഉണ്ണികളെപ്പോലെ സ്നേഹിക്കുന്നു.. അതേ പോലെ എഴുത്തിലൂടെ കിട്ടിയ സൗഹൃദങ്ങളേയും.. ഒരനിയത്തിയെ എഴുത്തിനിരുത്താനായി എന്നത്‌ ഏറെ സന്തോഷം.. അവളുടെ രചനകളും സ്നേഹവുമായിരിക്കും ബ്ലോഗെഴുത്തിലൂടെ ആകെ ചെയ്ത നന്മ..

ഇതെന്റെ അമ്പതാമത്തെ പോസ്റ്റ്, പോസ്റ്റാനായി എഴുതി മാറ്റി വച്ചത് ഇനിയും ഉണ്ട്.. എന്നാല്‍ പെട്ടെന്നു തോര്‍ന്നു പോയൊരു മഴമേഘം പോലെ ഇന്നിവിടെ നിര്‍ത്തുന്നു.. പറയാതെ പോയ പ്രണയം പോലെ ഒരു സുഖം പോസ്റ്റാതെയും എഴുതാതെയും പോവുന്ന സൃഷ്ടികള്‍ എനിക്ക് നല്കുമായിരിക്കും.. ചിലപ്പോഴിനി ഒരിക്കലും മനസില്‍ പോലും എഴുതിയില്ലെന്നും വരാം.. എഴുതിയത് മിക്കതും എനിക്ക് വേണ്ടി തന്നെയായിരുന്നു, ചിലപ്പോള്‍ അപൂര്‍വ്വമായി ചില സുഹൃത്തുക്കള്‍ക്ക് വേണ്ടിയിട്ടും.. അത്തരം ചില സൗഹൃദങ്ങള്‍ ഇന്നെന്റെ ഒപ്പമില്ല.. വിട്ടു പോയ അത്തരം സൗഹൃദങ്ങൾക്കായി ഞാനെന്റെ അക്ഷരക്കൂട്ടങ്ങളെ കടലിലേക്ക് തര്‍പ്പണം ചെയ്യുന്നു..

ബ്ലോഗില്‍ നിന്ന് ലഭിച്ച എല്ലാ സപ്പോര്‍ട്ടുകള്‍ക്കും സൗഹൃദങ്ങള്‍ക്കും നന്ദി.. എല്ലാവര്‍ക്കും സ്നേഹവും നന്മയും..

10 comments:

 1. തുടര്‍ന്നും ഉണ്ടാവണം....

  ReplyDelete
 2. ശിഖണ്ടി, ഇവിടെയെന്നല്ല, ഓർമ്മത്തെറ്റിലും എഴുതില്ല എന്നാണു തീരുമാനം.. മാറ്റുമോ എന്ന് എനിക്ക് തന്നെ അറിയില്ല.. ഞാൻ കുറേയെറെ മാറേണ്ടതുണ്ടെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി, അതിന്റെ ഒരു ഇനിഷ്യൽ സ്റ്റെപ്പായി കണ്ടാൽ മതി.. ക്ഷമിക്കുമല്ലോ.. ഇനി നാളെ ഒരു ദിവസം എനിക്കെഴുതിയാൻ തോന്നിയാൽ വായിക്കാതെയുമിരിക്കരുത്..

  ReplyDelete
 3. കൊള്ളാം, മാഷെ.
  ആശംസകൾ.

  ReplyDelete
 4. മകൾ നന്നായിട്ടുണ്ട്. സുചന്ദിനെപ്പോലുള്ളവരോട് മിണ്ടിയും പറഞ്ഞുമിരിക്കാനാണ് സത്യത്തിൽ ഞാൻ ബ്ലോഗ് തുടങ്ങിയത്. സുചന്ദ് തിരിച്ചെത്തുമെന്ന് തന്നെ ഞാൻ കരുതുന്നു. പിന്നെ, എല്ലാ ബന്ധങ്ങളും എക്കാലവും നിലനിൽക്കില്ല, നാമെത്ര മോഹിച്ചാലും.

  ReplyDelete
 5. എല്ലാരും ക്ഷമിക്കൂ, ഏതോ ഒരു നിമിഷത്തിൽ തോന്നിപ്പോയതാണ്‌ എഴുത്ത്‌ നിർത്താൻ.. എല്ലാരോടും ഒന്നു മിണ്ടി ഇരിക്കാൻ തന്നെയാണെഴുതുന്നതും, അല്ലെങ്കിൽ അതെനിക്കെന്റെ ഡയറിയിൽ അടക്കം ചെയ്താൽ പോരായിരുന്നോ.. മുൻപെങ്ങോ എഴുതണം എന്ന്‌ കരുതി എഴുതി തുടങ്ങിയെങ്കിലും, പറിച്ചു കളയാൻ പറ്റാത്തൊരു ഹാബിറ്റായി മാറി എന്നതാണു സത്യം.. ഒരിക്കലും ഇനി എഴുതില്ലാന്ന്‌ തീരുമാനിച്ച്‌, വർഷങ്ങളോളം എഴുത്ത്‌ നിർത്തി,എഴുത്തിലാണു തന്റെ സ്വത്വം എന്ന്‌ മനസിലാക്കിയ സുഹൃത്തുണ്ടെനിക്ക്‌.. ഞാനിങ്ങനെ തീരുമാനിച്ചാൽ അയാളോട്‌ എഴുതാൻ നിർബന്ധിച്ചതിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ഏർപ്പാടാവില്ലേ എന്നൊരു ബോധമൊന്നും ഇന്നലെ എഴുതുമ്പോഴും പോസ്റ്റുമ്പോഴും എനിക്കുണ്ടായില്ല.. സൗഹൃദങ്ങളൊന്നും നഷ്ടമാവുന്നു എന്ന്‌ കരുതുന്നില്ല, ഇങ്ങനെയൊരു എഴുത്ത്‌ കണ്ട്‌ എനിക്ക്‌ കിട്ടിയ മെയിലുകൾ അതിനു സാക്ഷ്യം.. ആ ഒരു തിരിച്ചറിവുണ്ടായിട്ടും ഞാൻ വാശിയിട്ടാൽ പിന്നെ ഞാനെന്ന ആളിനെന്ത്‌ മനസാണുള്ളത്‌.. ശ്രീ മാഷെ മാഷിനെ അറിയാതെ പോലും വേദനിപ്പിച്ചെങ്കിൽ ഒരു ശിഷ്യനോടെന്ന പോലെ ക്ഷമിക്കൂ.. പുതിയ എഴുത്തുകളുമായി ഉടനെ തിരിച്ചെത്താം..
  ഞാൻ ഈ പോസ്റ്റ് ഡെലീറ്റടിക്കണോ??

  അനിലേട്ടാ, താങ്ക്സ്‌.. ഹാല്ഫ്‌ സെഞ്ചുറി അടിച്ച്‌ ഹെല്മറ്റ്‌ പൊക്കി ഒരു ഗമണ്ടൻ താങ്ക്സ്‌ !!

  ReplyDelete
 6. സാരോല്യ സുചന്ദേ! എഴുതാനും എഴുതാതിരിക്കാനും സുചന്ദിന് സ്വാതന്ത്ര്യമുണ്ട്! അതല്ലേ അതിന്റെയൊരു സുഖം!

  ReplyDelete
 7. ഞാൻ ആദ്യമായിവിടെ വന്നപ്പോൾ എഴുത്തു നിർത്തുന്നു എന്നുള്ള തീരുമാനമാണല്ലോ വായിക്കേണ്ടിവന്നതെന്നോർത്തു. ആ തീരുമാനം റദ്ദാക്കിയല്ലോ അല്ലേ, നന്നായി.

  ReplyDelete
 8. ബലം പിടിക്കണ്ടാന്ന് തീരുമാനിച്ചു മാഷെ.. വേറൊന്നും ഇല്ല..

  എഴുത്തുകാരി ചേച്ചീ, നിങ്ങളിവിടെ മുൻപ് വന്നിട്ടില്ലാന്നുറപ്പാണോ?? അപ്പോ ഇതാരുടെ കമന്റ്!!
  http://suchandscs.blogspot.com/2011/04/blog-post.html?showComment=1304063426750#c1370560515729331310

  ആ തീരുമാനം വലിച്ചു കീറി കാറ്റിൽ പറത്തിയത് ചില നല്ല കൂട്ടുകാർ

  ReplyDelete
 9. ഈ കഥ എത്ര മനോഹരം.
  എത്ര സങ്കടം.
  ഏതാണ്ടിത് പോലെ ഉള്ള ഒരു അവസ്ഥയാണ് എനിക്കിപ്പോള്‍.
  ഈശ്വരാ................എന്റെ മകള്‍................................................


  uma.

  ReplyDelete
  Replies
  1. ഉമ, കുറേ മുന്നേയുള്ള കമന്റായതിനാൽ സങ്കടം ഒക്കെ തീർന്നെന്ന് കരുതിക്കോട്ടെ!

   ഞാനൊരു വല്ലാത്ത നിമിഷത്തിൽ എഴുതിപ്പോയ കഥയെന്നോ വേദനയെന്നോ വിളിക്കാവുന്ന ഒരെഴുത്ത്.. അത്തരം ഒരു സ്നേഹം നഷ്ടമാവുന്നു എന്ന് തോന്നിയപ്പോൾ അറിയാതെ എഴുതിപ്പോയത്, എഴുതിത്തീർന്നപ്പോൾ അറിയാതെ കരഞ്ഞു പോയിരുന്നു.. ആ ഒരു വിഷമം ഒന്നുമുണ്ടാവല്ലെ നിങ്ങൾക്ക് എന്ന് പ്രാർത്ഥിക്കുന്നു..

   Delete

അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.ദയവു ചെയ്ത് വ്യക്തിഹത്യ,തെറിവിളികൾ ഒഴിവാക്കുക.കമന്‍റ് രചയിതാക്കളുടെ സ്വന്തം അഭിപ്രായം മാത്രം!കമന്‍റിനു മുന്‍കൂര്‍ നന്ദി...

നിരീക്ഷിച്ചവര്‍